Saturday, 6 October 2018

രണ്ടാമൂഴം !


#പുസ്തക_പരിചയം - 23

രണ്ടാമൂഴം !

മഹാഭാരത കഥയെ ആസ്പദമാക്കി എം ടി വാസുദേവൻ നായർ രചിച്ച കഥയാണ് രണ്ടാമൂഴം. ഭീമനാണ് കേന്ദ്ര കഥാപാത്രം.



മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.

എം ടി യുടെ വാക്കുകളിൽ 1977 ൽ മരണത്തെ മുഖാമുഖം കണ്ടെങ്കിലും അവശേഷിച്ച കാലംകൊണ്ട് എങ്ങനെയെങ്കിലും എഴുതി തീർക്കണം എന്ന് ആഗ്രഹിച്ച ഒരു നോവലാണ് രണ്ടാമൂഴം. 1985 ൽ വയലാർ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്.

വരികൾ : മുഹമ്മദ് അർഷാദ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment