Saturday, 6 October 2018

"രാഷ്ട്രവിഭാവനം"


#പുസ്തക_പരിചയം - 25

പുസ്തകം; "രാഷ്ട്രവിഭാവനം"
വർഷം:2015
പ്രസിദ്ധീകരിച്ചത്:ഡി സി ബുക്സ്


ഡോ എ പി ജെ അബ്ദുൽകലാ
മും ,ഡോ ശിവതാണുപിളളയുംചേർന്ന് എഴുതിയ "ENVISIONING AN EMPOWERED NATION"(2003) എന്ന പുസ്തകത്തിൻറെ മലയാളപരിഭാഷ. എഴുതിയത് പി വി ആൽബി.

രാജ്യത്തിൻറെ നന്മയ്ക്കായി പ്രവർത്തിയ്ക്കുന്ന ഓരോ പൗരനും സ്വന്തമാക്കേണ്ട പുസ്തകം. മത,സാമൂഹിക അരാജകത്വം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ രാജ്യപുരോഗതി എന്നത് തീർത്തും അപ്രസക്തമായിക്കൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യം വരുന്നതിനും പതിനഞ്ച് വർഷം മുമ്പിറങ്ങിയ ഈ പുസ്തകം സമകാലിക ഇന്ത്യയിലും പ്രസക്തമാണ്. അതിനർത്ഥം രാജ്യം ഇന്നും പുരോഗമിച്ചിട്ടില്ല എന്നതുതന്നെ.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുളള വിദ്യാർത്ഥികളടക്കമുളള യുവജനങ്ങളോട് സംവദിച്ചതിലൂടെ രൂപപ്പെടുത്തിയ ചിന്തകളും ദർശനങ്ങളുമാണ് ഇതിലുടനീളം പങ്കുവെക്കുന്നത്. ഇന്ത്യയെ എങ്ങനെ വൈജ്ഞാനിക തലത്തിലെത്തിയ്ക്കാം എന്നതാണ് ഇതിൻറെ കാതലായ തലം. സാമ്പത്തിക അസമത്വം നിലനിൽക്കുന്ന ഇന്ത്യയുടെ സമഗ്രപുരോഗതി ഇവിടെ ചർച്ച ചെയ്യുന്നു.കോടിക്കണക്കിന് രൂപ ചെലവിട്ട് രാജ്യം നടത്തുന്ന ശാസ്ത്രസാങ്കേതികഗവേഷണങ്ങൾ എന്നും നമുക്ക് അതിശയമാണ്. എന്നാൽ അത്തരം മുന്നേറ്റങ്ങൾ സമ്പത് വ്യവസ്ഥയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് ഈ പുസ്തകം നമുക്ക് വഴികാട്ടിയാകുന്നു.

വിവിധതരം റോക്കറ്റുകളുടെ രൂപകല്പനയും പരിക്ഷണവിക്ഷേപണങ്ങളും ചിത്രസഹായത്താൽ വിശദീകരിയ്ക്കുന്നു. കാർഷികരാജ്യമായി അറിയപ്പെട്ടിരുന്ന
നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമായി കാർഷികരംഗത്തെ തൊഴിൽസാധ്യതകളും, ഭക്ഷ്യസുരക്ഷയും ഊന്നിപ്പറയുന്നു. ഉല്പാദനക്ഷമത വർദ്ധിപ്പിയ്ക്കാൻ സാങ്കേതികവിദ്യയിലൂന്നിയ രണ്ടാം ഹരിതവിപ്ലവസാധ്യതകളും ഇവിടെ അവതരിപ്പിയ്ക്കുന്നുണ്ട്. ആരോഗ്യസുരക്ഷ, വ്യോമഗതാഗതം, പ്രതിരോധം തുടങ്ങി വിവിധമേഖലകളെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് 2020 ലെ ഇന്ത്യയുടെ പ്രവർത്തനരൂപരേഖയും ഉയർത്തിക്കാട്ടുന്നു.

രസകരമായ ഒരു വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യും എന്ന് അവകാശപ്പെടാനാവില്ല.പകരം സാവധാനമുളള വായന നമ്മുടെ മുൻധാരണകളെ തിരുത്തുകയും ചെയ്യും. രാജ്യം അരാജകത്വത്തിലേയ്ക്ക് കൂപ്പുകുത്തുന്ന ഈ കാലയളവിൽ പുരോഗതി ഒരു സ്വപ്നം മാത്രമായി അവശേഷിച്ചുകൂടാ എന്ന് നിശ്ചയദാർഢ്യം ഉളളവർക്ക് ഇത് ഒരു നല്ല വായനാവിരുന്നാകും.

വരികൾ : ഷിനു നയാസ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment