Wednesday, 18 January 2017

ലേബല്‍ കളി നോസ്റ്റു

ഒരിക്കലും മറക്കാനാവാത്ത ബാല്യകാല സ്മരണകളിലെ കടിച്ചാൽ പൊട്ടാത്ത ഒരായിരം ഓർമ്മകൾ മനസ്സിലേക്കു പലപ്പോഴും കടന്നുവരാറുണ്ട്.
അവയിൽ ഏറെ പ്രധാനപെട്ട ഒന്നാണ് ലേവൽ കളി (ലേബൽ കളി).....
അവധി നാളുകളിലെ ആവേശവും അതിലുപരി സമയം കൊല്ലിയും. അതായിരുന്നു ലേവൽ കളി.
ഓരോ വർഷവും ഇറങ്ങാറുണ്ട് പുതുപുത്തൻ ലേവൽ. അതാതു വർഷത്തെ ലേവുകളിൽ അതാതു വർഷത്തെ സിനിമാ താരങ്ങളുടെ ചിത്രമാവും ഉണ്ടാവുക. അങ്ങനെ പലതരം ഷീറ്റുകളിൽ വിവിധ മുഖങ്ങൾ.കൂടാതെ ഓരോ ഷീറ്റിനും ഓരോ വ്യത്യസ്ഥ കളറുകൾ.
പുതുപുത്തൻവേലിൻ്റെ മനോഹര വാസന ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു....
അവധി സമയത്ത് കടകളിൽ ലേവൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആവേശം തുടങ്ങുകയായി.
ഒരു ഷീറ്റിന് 25 പൈസ.ഒരു രൂപയ്ക്ക് 4ഷീറ്റ് വാങ്ങിയാൽ 32 പീസ് ലേവൽ കിട്ടും....
പിന്നീടുള്ള വർഷങ്ങളിൽ വേവലിൻ്റെ വില കൂടിയത് മനസ്സിനെ ഏറെ വിഷമിപ്പിച്ചുവെങ്കിലും കളിയുടെ ആവേശത്തെ അത് അല്പം പോലും ബാധിച്ചില്ല എന്നത് മറക്കാനാവാത്ത മറ്റൊരു ഓർമ്മ....
2 പേരാണ് കളിക്കുന്നത്. ഇരുവരും മാറി മാറി ഓരോ ലേവൽ വീതം വെക്കും. ഇതിനിടയിൽ ലേവലിൽ ഒരേ മുഖം ഇരുവർക്കും വന്നാൽ, എന്നു വെച്ചാൽ കളിയുടെ ഇടയ്ക്ക് ഒന്നാമൻ മമ്മൂട്ടിയുടെ മുഖചിത്രമുള്ള ലേവൽ വെച്ചെന്നു കരുതുക. രണ്ടാമൻ്റെ കൈവശവും ഇതേ ലേവൽ ആണ് ഉള്ളതെങ്കിൽ അതു വരെ കളിച്ച ലേവൽ മുഴുവൻ ഒന്നാമന് എടുക്കാം. അതായത് ഒരേപോലുള്ള മുഖം രണ്ടാമത് ഡിസ്പ്പെ ചെയ്യുന്നവനാണ് ലേവൽ അടിക്കുക. ഇത്തരത്തിൽ കളി മുന്നോട്ടു പോവും....
ലേവൽ കളിയുടെ സമയത്ത് കാണിച്ചിട്ടുള്ള ശ്രദ്ധയും കരുതലുമൊന്നും ഇന്നുവരെ മറ്റൊരു കാര്യത്തിലും കാണിച്ചിട്ടില്ല...
അത്രക്ക് ആത്മാർത്ഥതയും ആവേശവുമായിരുന്നു...
കളി ആവേശത്തോടു മുന്നോട്ടു പോയിക്കഴിഞ്ഞാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറില്ല..
ഒരാളുടെ കൈവശമുള്ള ലേവൽ മുഴുവനും തീർത്ത് അവൻ്റെ സങ്കടത്തിനും കണ്ണീരിനും മാത്രമേ ആ കളി അവസാനിപ്പിക്കാനാവൂ.
അതിനിടയിൽ മഴ ഒഴിച്ച് വേറെ ഏന്ത് ഭൂകമ്പം വന്നാലും മൈൻഡ് ചെയ്യാൻ മിനക്കെടാറില്ല..
മറ്റയ്ക്കാട് ഭാഗത്ത് ലേവൽ സുലഭമായി ലഭിക്കുന്ന കടയായിരുന്നു മാവേലിക്കാക്കായുടേത് (മുഹമ്മദ് അലി )... കൂടാതെ അക്കാലത്തെ മെയിൻ കളിക്കാരിൽ പലരും ഇതേ ലേവൽ ചില്ലറ വ്യാപാരം നടത്തിയിരുന്നതും മാവേലി കാക്കയുടെ പേടിസ്വപ്നമായിരുന്നു....
എല്ലാ ഏരിയായിലും ഒരു മെയിൻ കളിക്കാരൻ ഉണ്ടാവും.
എല്ലാവരുടെയും ലേവൽ കളിച്ചു പിടിക്കൂന്ന പേടി സ്വപനമായ ഒരാൾ.
അതുപോലെ തന്നെ എത്ര അടിച്ചാലും ലേവൽ കൊടുക്കാത്ത ഒന്നുകൂടി വെക്കണമെന്ന് പറഞ്ഞ് മുഖം ചുളിക്കുന്ന മറ്റൊരു കള്ളക്കളിക്കാരനും ഉണ്ടാവും...
ഒരിക്കൽ ഒരുത്തൻ്റെ കെട്ടുകണക്കിന് ലേവൽ രണ്ടാമൻ കളിച്ചു പിടിച്ചു. പതിവുപോലെ ഒന്നാമൻ വീട്ടിൽ പോയി. അടുത്ത ദിവസം വെളുപ്പാൻ കാലത്ത് വാതിലിൽ മുട്ട് കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്ന ഒന്നാമനു മുന്നിൽ കരഞ്ഞുകൊണ്ട് രണ്ടാമൻ. കാര്യം തിരക്കിയപ്പോൾ തലേന്ന് കളിച്ച് പിടിച്ച ലേവൽ തിരിച്ച് വേണമത്രേ...;;;;;
.. ഇതും ഒരിക്കലും മറക്കത്ത ഇപ്പോഴും ഇടക്കിടക്ക് പറഞ്ഞ് പെട്ടി ചിരിക്കാറുള്ള മറ്റൊരു ഓർമ്മ....
കഷ്ടപ്പെട്ട് കളിച്ച് പിടിച്ച ലേവൽ മറ്റൊരു വൻ കളിച്ച് കൊണ്ടു പോയാൽ പിന്നെ നിരാശയും ദേശ്യവുമാണ്.
തോറ്റ് പിരാന്ത് പിടിച്ചിരിക്കുന്ന സമയത്താവും കൂട്ടത്തിൽ ഏതെങ്കിലുമൊരു കൊച്ചു പയ്യൻ "അണ്ണച്ചി എനിക്ക് 5 ലേവൽ തരാമോ" എന്നു ചോദിക്കുന്നത്.
അതു വരെ അടക്കി വെച്ചിരുന്ന സകല ദേശ്യവും സങ്കടവും ആ പാവത്തിനോടു തീർക്കും.
സർവതും മറന്ന് ഒരു ഭദ്രകാളിയെപ്പോലെ അവനു നേരെ ഉറഞ്ഞു തുള്ളുന്നത് ആ പാവം ഒരു പേടിയോടെ കണ്ടു നിൽക്കും..
പേട്ടയുടെ അടുത്തുള്ള പല സ്ഥലങ്ങളിലും പൊരിവെയിലത്ത് നടന്ന് കളിക്കാൻ പോയതും കളിച്ചു കിട്ടിയ ലേവൽ ഓരോ കളറിൻ്റെ അടിസ്ഥാനത്തിൽ പല കെട്ടുകളായി അടുക്കി വെക്കുന്നതും ഇടക്കിടക്ക് എടുത്ത് എണ്ണി നോക്കുന്നതും നാലു പേരുടെ മുന്നിൽ വെച്ച് അനിയന്മാർക്ക് നേരെ കുറച്ച് ലേവൽ വെച്ചു നീട്ടുമ്പോൾ കിട്ടുന്ന നിർവൃതിയും ഇന്നും മനസ്സിലെ വിടെയോ അതേപടിയുണ്ട്...
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയാൽ അന്നു രാത്രി ഉറങ്ങാൻ കഴിയില്ല.
അടുത്ത ദിവസം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മനസ്സിൽ കണക്ക് കൂട്ടിവെക്കും.
എവിടുന്നേലും ചില്ലറ പൈസ കിട്ടുമോയെന്ന് വീടു മുഴുവൻ ആരും കാണാതെ പരതും.
പലപ്പോഴും സങ്കടം കാണുമ്പോൾ പാവം ഉമ്മച്ചി പറയും "എടാ നീ ഇങ്ങിനെ സങ്കടപ്പെടാതെ, ഇനി കളിക്കുമ്പോ ബിസ്മി പറഞ്ഞ് കളിച്ചാൽ മതി കെട്ടോ" എന്ന്..
അക്കാലത്ത് മറ്റയ്ക്കാട് ഏരിയായിൽ ലേവൽ കളിക്ക് മാത്രമായി പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിരുന്നു.
നേരം വെളുത്താൽ മുതൽ ഏറെ ഇരുട്ടുന്നത് വരെയും ഈ ഇരിപ്പിടങ്ങളിലൊക്കെ നല്ല തിരക്കാവും.
വീട്ടിൽ നിന്നുള്ള വിളിക്കോ വയർ കത്തുന്ന വിശപ്പിനോ ഈ തിരക്ക് കുറക്കാൻ കഴിഞ്ഞിരുന്നില്ല...
നമ്മെക്കാൾ മുതിർന്നവരോട് കളിച്ചാൽ ലേവൽ ഫുൾ പോവുമെന്നും എന്നാൽ പ്രായത്തിന് താഴ്ന്ന വനോടു കളിച്ചാൽ മുഴുവൻ ലേവലും കളിച്ച് പിടിക്കാം എന്നതുമായിരുന്നു ലേവൽ കളിയുടെ അക്കാലത്തെ നിയമം....
പിന്നീട് അവധി സമയം തീരുമ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും എല്ലാവരും ഒന്നിച്ച് ലേവൽ കത്തിച്ചു കളയുന്നതും മനസ്സിലേക്ക് ഓടിയെത്തുന്നു..
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയതോർത്ത് ആരും കാണാതെ കണ്ണീർ പൊഴിച്ചതും അതോടൊപ്പം കളിച്ചു കിട്ടിയ ലേവൽ നോക്കി സ്വയം അഭിമാനം കൊണ്ടതും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല.
പഴയ കാല നൊസ്റ്റാൾജിയ വീണ്ടും ഓർക്കുവാൻ കൊതിക്കുന്ന ഒരു ഈരാറ്റുപേട്ടക്കാരനും മറക്കാൻ കഴിയാത്ത അക്കാലത്തെ ആർക്കും കെടുത്താൻ കഴിയാത്ത ഒരു ആവേശം തന്നെയായിരുന്നു ഒന്നോ രണ്ടോ മാസം മാത്രം ആയുസ്സുള്ള ലേവൽ കളി...
സമയത്ത് വീട്ടിൽ കേറാത്തതിന് പലപ്പോഴും വീട്ടുകാരുടെ ശകാരം വാങ്ങിത്തന്നതും ഇതേ ലേവൽ തന്നെ...
എന്നാലും അടുത്ത ദിവസവും നേരം വെളുക്കുമ്പോഴേക്കും ഷർട്ടിൻ്റ കീശയിൽ ഉണ്ടാവും ഇതേ ലേവൽ...
എതിരാളിയെ കീഴ്പ്പെടുത്താനുള്ള അടങ്ങാത്ത ആവേശവുമായി വീണ്ടും ഇറങ്ങും... ഇങ്ങനെ എത്രയോ നാളുകൾ.....
ഈ സൗഭാഗ്യങ്ങളൊക്കെയും അവസാനമായി ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായത് നമ്മുടെ ഈ തലമുറയ്ക്കാണ് എന്നത് അല്പം അഹങ്കാരത്തോടെ തന്നെ വിസ്മരിക്കാം......

പലായനം 13


കൊച്ചി മുതൽ യാത്ര
കേരളത്തിന്റെ കിഴക്ക് ഭാഗം ചേര്‍ന്നായിരുന്നു
മടക്കയാത്ര മഞ്ചേശ്വരത്ത് നിന്നും പടിഞ്ഞാറ് ഭാഗം ചേർന്നായി അതായത് കടലിനരിക് ചേര്‍ന്നു
കാസർഗോഡ്,കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്‌ അങ്ങിനെ ജോലിയോടൊപ്പം വിനോദ - തീര്‍ത്ഥാടന കേന്ദ്രങ്ങളും താണ്ടി ആലപ്പുഴ വഴി ഒരു റൗണ്ട് പൂര്‍ത്തിയാക്കി കോട്ടയത്തെത്തി ഇനി കോട്ടയം,ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ബാക്കി...
വീട്ടില്‍ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം പുനരാരംഭിച്ചത് ഇടുക്കിയിലേക്കായിരുന്നു കോട്ടയത്ത് നിന്നും കാഞ്ഞിരപ്പള്ളി കുട്ടിക്കാനം കുമളി വഴി കട്ടപ്പനയില്‍ സ്റ്റേ ചെയ്തു പിറ്റേന്ന് രാവിലെ ഇടുക്കി എത്തിയതു മുതൽ മനസ്സ് പുറകിലേക്ക് യാത്ര തുടങ്ങി കരിമ്പനും, ചേലച്ചുവടും, കഴിഞ്ഞപ്പോള്‍ റോഡിനു താഴെ പെരിയാർ ഒഴുകുന്നതു കാണാറായി
ഇടക്കിടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു ഉച്ച സമയമായിരുന്നു ദൂരെ ആ തടിപ്പാലവും മറുകരയിലെ കുരുമുളക് തോട്ടവും വ്യക്തമായി ഇപ്പോള്‍ കാണാം ബെെക്ക് നിര്‍ത്തി ഇറങ്ങി അവിടുന്ന് കുറച്ച് താഴോട്ടു നടന്നാല്‍ ഞൂഞ്ഞിന്റെ എസ്‌റ്റേറ്റാണ് ശാലിനിയുടെ കഥ അറിയാവുന്ന ജോയ്സിനോട് ഒരോ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഞാൻ വാചാലനായി...
ഇവിടം വിട്ടിട്ട് ഏകദേശം അഞ്ച് വര്‍ഷം പിന്നിടുന്നു
കെെ എത്തുന്ന അകലത്തില്‍
ശാലിനിയുടെ ഒാര്‍മ്മകളുറങ്ങുന്ന
നാടും ആവീടും പുഴയും ചലച്ചിത്രത്തിലെ ഗാന രംഗം പോലെ പഴയ ഒാര്‍മ്മകള്‍ കടന്നു പോയി..."എടാ ഇന്ന് അടിമാലിയും മൂന്നാറും കവര്‍ ചെയ്യണം". "എനിക്കിവിടമൊന്നും അറിയില്ല
നീ സ്വപ്നം കണ്ടിരുന്നോ"
അതെനിക്ക് അനുസരിക്കാതിരിക്കാനായില്ല...
സിറ്റിയിലൂടെയുള്ള യാത്രയിൽ പ്രധാന മാറ്റം വെെദ്യുതി എത്തി, പഴയ ഒാലക്കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റിനു വഴിമാറിയിരിക്കുന്നു പുതിയ വെയിറ്റിം ഷെഡ് വന്നു പക്ഷേ സിറ്റിയുടെ ആ പഴയ സൗന്ദര്യം നഷ്ടപ്പട്ടിരിക്കുന്നു, തോളിൽ ബാഗുമായി നടന്നു തളര്‍ന്ന വഴിയേ വേഗത്തില്‍ ബെെക്കോടിക്കുമ്പോള്‍ ശാലിനിയെന്ന മഞ്ഞുതുള്ളി ഉത്തരമില്ലാത്ത സമസ്യ പോലെ മനസ്സില്‍ തങ്ങി നിന്നു ഒന്നവിടം വരെ പോകാമായിരുന്നു സുഖമായിരിക്കുന്നോ എന്നറിയാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു പക്ഷേ സമയം അനുവദിക്കുന്നില്ല...
ഇറക്കമിറങ്ങിത്തീര്‍ന്നു
വലതു വശത്ത് പനംകുട്ടി പവ്വര്‍ഹൗസ് കാണാം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് കല്ലാര്‍കുട്ടി വഴി അടിമാലിയിലേക്ക് വണ്ടി കുതിക്കുമ്പോള്‍ പിന്നിലേക്ക് പോകുന്ന കാഴ്ചകള്‍ പോലെ ഒാര്‍മ്മകളും അലിഞ്ഞില്ലാതായി... അടിമാലിയിലെ കുറച്ചു കടകളില്‍ കയറിയ ശേഷം കുളിരു നിറഞ്ഞ റോഡിലെ ബെെക്ക് യാത്രയില്‍ ഭയങ്കര ത്രില്ലിങ്ങായിരുന്നു ചീയപ്പാറ വെള്ളച്ചാട്ടം കാണാനിറങ്ങിയ ശേഷം മൂന്നാറിലെത്തുമ്പോള്‍ മൂന്ന് മണിയോളമായി, രണ്ട് മണിക്കൂറിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കി റൂം അന്വേഷിച്ചു എവിടെയും ഫുള്‍ റൂമില്ല ഇവിടെ നിന്ന് രാവിലെ തണുപ്പില്‍ വണ്ടി ഒാടിക്കാന്‍ മടി തോന്നിയതിനാല്‍ മറ്റൊരാലോചന മുളപൊട്ടി നെടുങ്കണ്ടത്ത് ഇന്നു തന്നെ എത്തിയാല്‍ നാളെ ഉച്ചവരെ ഉറങ്ങിയിട്ട് ജോലി തുടരാം അവിടെ ഇത്രയും തണുപ്പുമുണ്ടാവില്ല...
"അണ്ണാ ഇന്ത നെടുങ്കണ്ടം പോകത് എന്ത റൂട്ട്" "ഇങ്ക ഇതുതാന്‍ റെെറ്റാ പോങ്കെ" "എവ്വളോ ദൂരമിരിക്ക്" "ഇരുപത് മെെലിരുക്കും"
"റോഡെപ്പിടി" "പരവാവായില്ല തമ്പീ" "റൊമ്പ താങ്ക്സ് അണ്ണാ" "പരമാവധി മുപ്പതു കിലോമീറ്റർ
രണ്ടു മണിക്കൂര്‍ യാത്ര പോകാം അല്ലേ" "വിട്റാ വണ്ടി..."
മരങ്ങള്‍ നിഴല്‍ പാകിവഴിയരികിലെ പുല്‍മേടുകളില്‍ കൂട്ടം കൂട്ടമായ് മേയുന്ന കന്നുകാലികള്‍, കുളിരുമായ് വന്ന തണുത്ത കാറ്റില്‍ പഴയൊരു പാട്ടുമൂളി ആസ്വദിച്ച് വണ്ടി വേഗത്തില്‍ കുതിച്ചു,അല്‍പ ദൂരം കഴിഞ്ഞപ്പോള്‍ റോഡ് മെറ്റലിളകി ഗട്ടറായിത്തുടങ്ങി വണ്ടിയുടെ വേഗത നന്നേ കുറഞ്ഞു, ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു വഴിയില്‍ ഇരുട്ടും വീണു തുടങ്ങി മഴ പെയ്തേക്കാം റോഡിനിരു വശത്തും വീടുകളോ കടകളോ
ഒന്നും ഇപ്പോള്‍ കാണുന്നില്ല മലഞ്ചെരുവുകളില്‍ അകലെയകലെയായ് ഒറ്റപ്പെട്ട വീടുകളില്‍ അരണ്ട വെളിച്ചം കാണാം പഴയ പ്രേതകഥകളിലെ ഡ്രാക്കുള കോട്ടയിയിലേക്ക് പോകുന്ന കുതിരണ്ടി ഒാര്‍മ്മയില്‍ വന്നു..
വീടുകളുടെ വെളിച്ചങ്ങളെല്ലാം അവസാനിച്ചു ചീവീടിന്റെ കച്ചേരി ഉച്ചസ്ഥായിയില്‍ ഇപ്പോള്‍ റോഡിനു കഷ്ടിച്ച് പത്തടി വീതിയേയുള്ളൂ ടാര്‍ ചെയ്തിട്ടില്ല ചെമ്മണ്‍ കാട്ടുപാത, ,വഴിതെറ്റിയതാണോ എന്തോ ഒന്നും മനസ്സിലാകുന്നില്ല ഇലകളെ പ്രകമ്പനം കൊള്ളിച്ച് തകര്‍പ്പന്‍ മഴ തുടങ്ങി മഴയില്‍ ഞാൻ തണുത്തു വിറച്ചു
ഹെല്‍മറ്റില്ല,മഴക്കോട്ടില്ല നനയുക തന്നെ ഏകദേശം ഒരു മണിക്കൂറിലധിമായി ഒാട്ടം തുടങ്ങിയിട്ട് "ഇരുപോളം കിലോമീറ്റർ ഒാടീട്ടുണ്ടാവും ഇനി ഏറിയാല്‍ ഒരു മണിക്കൂര്‍ വിടടാ വണ്ടി" ബെെക്ക് ഒാടിക്കാനറിയാത്ത അവനത് പറയാം മാത്രമല്ല പിന്നിലിരിക്കുന്ന അവന് വലിയ കുളിരുമില്ല ഞങ്ങള്‍ പരസ്പരം പറയുന്നത് കേള്‍ക്കാന്‍ പറ്റാതായി ശക്തമായ കോടമഞ്ഞും വണ്ടിയുടെ ലെെറ്റ് കത്തുന്നുണ്ടെങ്കിലും പ്രകാശം എന്നൊന്ന് പുറത്തേക്ക് വരുന്നില്ല അവസാനം ഇന്‍ഡിക്കേറ്റര്‍ ഇട്ടു നോക്കി ചെറിയ കാഴ്ച കിട്ടുന്നുണ്ട് വഴി കാണാനില്ല ഞാനും ജോയ്സും ബെെക്കും മാത്രം മറ്റൊന്നും ഇവിടില്ല കുറ്റാക്കുറ്റിരുട്ടു മാത്രം...
പെട്ടന്നാണ് ശക്തമായൊരിടിമുഴക്കവും മിന്നല്‍ പിണറുമുണ്ടായത് ആ വെളിച്ചത്തില്‍ ഞാൻ കണ്ടു കൊടും വനത്തിലൂടെയാണീ യാത്ര എന്നെക്കാള്‍ ധെെര്യവാനും പോസിറ്റീവായി ചിന്തിക്കുകയും ചെയ്യുന്ന ജോയ്സും ഞെട്ടി അവനെന്നെ കെട്ടിപ്പിടിച്ചു...
ഷൂവിനുള്ളില്‍ വെള്ളം നിറഞ്ഞു കാല്‍ മരവിച്ചു അരയ്ക്കു താഴേക്ക് ശരീരം ഉണ്ടെന്ന തോന്നല്‍ പോലുമില്ല,എഞ്ചിന്റെ ചെറിയ ചൂടാണൊരാശ്വാസം ക്ളച്ചും ആക്സിലറേറ്ററും പിടിച്ച
വിരലുകൾ മരിച്ചയാളുടേത് പോലെ സ്പര്‍ശനം പോലും തിരിച്ചറിയാതായി കാറ്റില്‍ മരങ്ങള്‍
പിടരുന്നതാണോ ആനയോ മറ്റോ നടക്കുന്നതിന്റെയോ എന്നറിയില്ല വല്ലാത്ത ചില അപശബ്ദങ്ങളും മുളകള്‍ ഒടിയുന്ന ശബ്ദവും കാതില്‍ തറയുന്നു.

 ഏതു നിമിഷവും കാട്ടാനയെയോ മറ്റേതെങ്കിലും വന്യ മൃഗങ്ങളെയോ തൊട്ടുമുന്നില്‍ പ്രതീക്ഷിച്ചു, വന്നാല്‍ ബെെക്ക്
തിരിച്ച് വിടണോ അതോ ഇറങ്ങി ഒാടണോ അതൊന്നും പൂരിപ്പിക്കാനെനിക്കാവില്ലായിരുന്നു... ഗര്‍ഭിണിയായ ഭാര്യയെയും ഏകമകളേയും വാപ്പയേയും ഉമ്മയേയും മനസ്സിലോര്‍ത്തു മനസുരുകി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു എത്ര സമയമായി വണ്ടി ഒാടിക്കുന്നു ഒരു പ്രതീക്ഷക്കുള്ള വഴിയെങ്കിലും തുറക്കണേ...
മഴ കൂടും പിന്നെ കുറയും
ഞാൻ പൂര്‍ണ്ണമായും തളര്‍ന്നു
കഴിഞ്ഞു ജോയ്സ് ഒന്നും മിണ്ടുന്നില്ല നാല്‍പതു കിലോമീറ്റർ എങ്കിലും വണ്ടി ഒാടിക്കാണും സമയം ഒമ്പതും കഴിഞ്ഞു... പെട്ടെന്നാണ് നെഞ്ചിലൊരിടിവാള്‍ മിന്നിയത് പെട്രോളന്റെ അവസ്ഥ എന്തായിരിക്കും ഫസ്റ്റ്,സെക്കന്റെ് ഗിയറില്‍ മാത്രമാണ് വണ്ടി അധികവും ഒാടിയത് നോബില്‍ കെെയ്യെത്തിച്ചു നോക്കി മെയിനിലാണ് റിസര്‍വ്വിലല്ല സമാധാനം ഇനിയും അമ്പതു കിലോമീറ്റർ ഒാടാനാവും നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി ഒരു മിസ്സിംഗ് കാണിച്ചു പെട്രോൾ നോബ് റിസര്‍വ്വിലേക്ക് വെച്ച് കുഴപ്പമില്ല,വെള്ളം കുത്തിയൊലിച്ച് ചെളിക്കുണ്ടായ വഴിയേ വണ്ടി ഇഴയുകയായിരുന്നു...ദൂരെ ദൂരെയതാ രണ്ട് കണ്ണുകൾ ഇരുട്ടിനും മ‍ഞ്ഞിനും ചാറ്റല്‍ മഴക്കും ഇടയിലൂടെ അടുത്തടുത്ത് വരുന്നത് വ്യക്തമായിക്കണ്ടു...
(തുടരും)


പലായനം 12


വെള്ളിയാഴ്ചയായത് കൊണ്ട് ഉണരാന്‍ അല്‍പം വെെകി,ബാബരി മസ്ജിദ് പൊളിക്കപ്പെട്ടിട്ടു മാസങ്ങളേ ആയുള്ളൂ അടുത്തത് കേരളത്തിലെ ചില പള്ളികള്‍ കൂടി സംഘപരിവാരം "സ്കെച്ച്" ചെയ്തിട്ടുണ്ട് എന്നൊരു പ്രചാരണം നടന്നു വരുന്ന സമയത്താണ് ഞങ്ങള്‍ കേരളം മുഴുവൻ മാര്‍ക്കറ്റിംഗ് സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി നാദാപുരത്ത് ഇന്നലെ എത്തിയത്...
പള്ളി പൊളിക്കാനുള്ള ലിസ്റ്റിൽ കേരളത്തിലെ പ്രധാന പള്ളിയായിരുന്നു നാദാപുരം പള്ളി, "എടാ ജോയ്സേ ഇന്ന് ആ പള്ളിയിൽ ജുംഅക്കു പോകണം എനിക്ക് " "എന്നാല്‍ "റെഡിയായിക്കോ ഇവിടെ കുറച്ച് കടകളേ ഉള്ളു, പള്ളിയില്‍ കഴിഞ്ഞു അടുത്തുള്ള ഹോട്ടലില്‍ നല്ല ബിരിയാണി കിട്ടും അത് കഴിഞ്ഞു ഡ്യൂട്ടി" വേഗം തയ്യാറായി ഹോട്ടലില്‍ നിന്നിറങ്ങി ചെറുതായി നാസ്ത കഴിച്ചു പള്ളിയിലെത്തി സമയം പതിനൊന്നാകുന്നു പള്ളി കോമ്പൗണ്ടിനുള്ളില്‍ ബെെക് വെച്ചു നൂറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ ഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു കുറച്ചകലെയായ് മനോഹരമായി പടവുകള്‍ കെട്ടിയ പള്ളിക്കുളം ഇത്തരം കുളങ്ങള്‍ ആദ്യമായാണ് ഞാൻ കാണുന്നത് ജോയ്സ് എന്നെ പലതും ചൂണ്ടിക്കാണിച്ചു ഒാരോന്ന് ചോദിച്ചു, ഞാൻ മറുപടിയും പറഞ്ഞു കൊണ്ടിരുന്നു കുളിച്ചുകൊണ്ടിരുന്ന ഒരാൾ ഞങ്ങളെ സംശയത്തോടെ നോക്കിക്കൊണ്ട് പടവ് കയറി വന്നു "ആരാ എവ്ട്ന്നാ" "ജുമാക്കു വന്നതാണ്..." പെട്ടന്നയാള്‍ ഒാടിപ്പോയി നിമിഷങ്ങള്‍ക്കുള്ളില്‍ വലിയൊരു ആള്‍ക്കൂട്ടം
ഞങ്ങളെ വളഞ്ഞു അപ്പോഴാണ് ഞാൻ ഒാര്‍ക്കുന്നത് നാദാപുരം പതിവായി വര്‍ഗ്ഗീയ - രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടക്കുന്ന നാടാണ് മുസ്ലിം അല്ലാത്ത
ജോയ്സും മുസ്ലിമായ ഞാനും രജിസ്ട്രേഷൻ നമ്പര്‍ പോലുമില്ലാത്ത ബെെക്കില്‍ ഒരേപോലത്തെ പാന്റ്സും ഷര്‍ട്ടും ടെെയും ഷൂവും ഭയം അരിച്ചു കയറി....
"ന്താ ങ്ങ്ടെ പേര്" "മുഹമ്മദ് ഇബ്രാഹിം" "ഒാനോ "ജോസ് ജോയ്സ് " "പള്ളീലെന്താണ്, കാര്യം സത്യം പറ, നിങ്ങള്‍ കമ്മീഷന്റെ ആള്‍ക്കാരല്ലേ.." ഞങ്ങള്‍ രണ്ടുപേരും വിസിറ്റിംഗ് കാര്‍ഡ് കാണിച്ചു എന്നോട് ഖുർആൻ ഒാതാന്‍ പറഞ്ഞു ഞാൻ ഫാത്വിഹാ ഒാതി, അപ്പോള്‍ അവരൊന്നയഞ്ഞു കുറേപേര്‍ പിരിഞ്ഞു പോയി ബാക്കിയുള്ളവര്‍ ഞങ്ങളെ നിരീക്ഷിച്ചു നിന്നു അന്ന് ആ പള്ളിയില്‍ നിസ്ക്കരിക്കാതെ വേറൊരു പള്ളിയിലേക്കു പോയി അങ്ങിനെ തടി രക്ഷപ്പെട്ടു....
പിന്നീടാണറിഞ്ഞത് പുരാവസ്തു വകുപ്പോ മറ്റോ അവിടെ പരിശോധനക്ക് വന്നതെന്നാണ് അവർ വിചാരിച്ചത്... റൂം വെക്കേറ്റ് ചെയ്ത് കുറ്റ്യാടിയിലേക്ക് അവിടെ വലിയൊരു റെഡീമെയ്ഡ് ഷോപ്പില്‍ കയറി വലിയ തിരക്കില്ല ഖുർആൻ സൂക്തം എഴുതി ഫ്രെയിം ചെയ്തു മാനേജർ ക്യാബിനില്‍ വെച്ചിരുന്നതിനാല്‍ ഞാൻ മുന്നിലും ജോയ്സ് പിന്നിലുമായി നിന്നു വിസിറ്റിംഗ് കാര്‍ഡ് കൊടുത്ത ശേഷം "ഹലോ സര്‍, എെ ആം ഇബ്രാഹിം ‍" "വി ആര്‍ കമിംഗ് ഫ്രം മാഗ്നം ഒാവര്‍സീസ് കമ്പനി കോട്ടയം" "ഞങ്ങളുടെ കമ്പനി ഒാള്‍ കേരളാ ബേസില്‍ ചുരിദാര്‍ പ്രൊഡക്ഷൻ ആരംഭിക്കുന്നു അതിനായി ഒരു മാര്‍ക്കറ്റിംഗ് സര്‍വ്വേക്ക് വേണ്ടി വന്നതാണ്..." "ഞങ്ങളോടൊപ്പം അല്‍പ്പ സമയം ചിലവഴിക്കാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നു..."
" ഒാകെ" "സര്‍ ബിസിനസ് എങ്ങിനെ പോകുന്നു ?" "കസ്റ്റമേഴസ് ഏതുതരം ചുരിദാറാണ് പ്രിഫര്‍ ചെയ്യുന്നത്..?"
"മെറ്റീരിയല്‍ കോട്ടണ്‍,പോളിയസ്റ്റര്‍,ഒാര്‍ ഷിഫോണ്‍ ഏതാണ് ഫാസ്റ്റ് മൂവിംഗ്..?"
"കസ്റ്റമേഴ്സ് റെഗുലറായി എന്തെങ്കിലും കംപ്ലെെന്റ് പറയാറുണ്ടോ..?"
"ഏത് റേറ്റ് റേഞ്ച് ആണ് ഫാസ്റ്റ് മൂവിംഗ് ?"
"എംബ്റോയ്ഡറി അല്ലാതെ ഹാന്റ് /സ്റ്റോണ്‍ വര്‍ക്ക‍ുകള്‍ക്ക് എന്‍ക്വയറി ഉണ്ടോ?" "ഇപ്പോള്‍ എവിടെ നിന്നാണ് ചുരിദാര്‍ കിട്ടുന്നത്.." "പേയ്മെന്റെ് ക്രെഡിറ്റാണോ അതോ റെഡി ക്യാഷ് ആണോ..?"
"ഞങ്ങളുടെ പ്രൊഡക്ഷൻ ബോംബെ ഘാട്കോപ്പറില്‍ നിന്നാണെങ്കിലും സപ്ളെെ കോട്ടയത്തു നിന്നാണ് അത് കൊണ്ട് നിങ്ങള്‍ക്ക് ടാക്സ് പ്രോബ്ളവും വരില്ല..." മറുപടികളെല്ലാം ജോയ്സ് പ്രിന്റഡ് ഫോര്‍മാറ്റില്‍ എഴുതിയെടുത്ത് കഴിഞ്ഞു "ഒാകെ സര്‍ ഞങ്ങള്‍ ഒരു സിറ്റിയില്‍ ഒരു ഷോപ്പില്‍ മാത്രമേ സപ്ളെെ ചെയ്യുകയുള്ളൂ ഇൗ സിറ്റിയില്‍ താങ്കളുടെ ഷോപ്പിന് ഞങ്ങള്‍ ഫസ്റ്റ് പ്രിഫറന്‍സ് നല്‍കുന്നു" നന്ദി പറഞ്ഞ് വിസിറ്റിംഗ് കാര്‍ഡും വാങ്ങി അടുത്ത ഷോപ്പിലേക്ക്....
ഇപ്പോള്‍ മനസ്സിലായല്ലോ ഞങ്ങളുടെ ജോലിയുടെ രീതി, ഇതു കൂടാതെ നല്ല ഹോട്ടലില്‍ താമസിക്കണം, ഷേവിംഗ്, ഷൂ പോളീഷിംഗ്,ഡ്രസ്സ് അയണ്‍ ഇവയൊക്കെ ദിവസവും ചെയ്യണം എല്ലാറ്റിനും കമ്പനി പണം തരും...
ഉച്ചകഴിഞ്ഞപ്പോള്‍ തൊട്ടില്‍പ്പാലം വഴി ജോയ്സിന്റെ വീട്ടിലേക്ക്...ഞങ്ങള്‍ യൂണിഫോം അഴിച്ചു വെച്ചു പഴയ ഇബ്രാഹിമും ജോയ്സുമായി, പിറ്റേന്ന് ഞായർ അവധി ദിവസമാണ് മുള്ളന്‍ കൊല്ലിയിലെ പുഴയില്‍ കുളിച്ച് നാടന്‍ ചോറും കറിയും കഴിച്ച് ബെെക്കില്‍ റോഡും തോടും മലയും കയറി അവന്റെ കൂട്ടുകാരെ കാണാന്‍ പോയി പലയിടത്തും ബെെക്കിനു ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നിന്നു...അന്നും അവിടെ തങ്ങി...പിറ്റേന്നു വീണ്ടും യാത്ര തുടര്‍ന്നു, ഏഴ് ജില്ല കവര്‍ ചെയ്തു ഇനി വയനാട്ടിലേക്ക്...
(തുടരും)


പലായനം 13

പലായനം 11


ശാന്താ വി നായര്‍ എന്ന ശാന്തേച്ചിയുടെ അസിസ്റ്റന്റ് ആയപ്പോൾ ഷെയർ ബിസിനസ്സിനോട് ഭയം തുടങ്ങി പണം പോകുന്തോറും വാശിയോടെ അവര്‍ ഷെയർ വാങ്ങിക്കൂട്ടി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതിന്റെ ഭീകരത, ഒരിക്കല്‍ അവരുടെ ഭര്‍ത്താവ് മയൂരയില്‍ വരുമ്പോഴാണ് അറിയുന്നത് വീട് പണയപ്പെടുത്തിയ ലക്ഷങ്ങള്‍ കൊണ്ടാണ് ഇൗ തീക്കളി നടത്തിയതെന്ന്...
ജോയ്സ് എന്ന കോഴിക്കോടുകാരനും ഞാനും മയൂരയിലെ നല്ല സുഹൃത്തുക്കളായി വെെകിട്ട് ചിലപ്പോളൊക്ക അവന്റെ കോടിമതയിലുള്ള മുറിയില്‍ പോകും...
നിസാം, ബിജു,ഷംസ്,സാബു,അസീം ഇവരുടേയെല്ലാം കുടുംബ സുഹൃത്തായി മാറാന്‍ അധിക നാള്‍ വേണ്ടി വന്നില്ല,
ഇതിനിടയില്‍ ഹാഷിം എന്റെ വീടിനടുത്ത് പുതിയ വീട് പണി തുടങ്ങി, കോട്ടയം ഉപേക്ഷിച്ചു കോയമ്പത്തൂർ പോകാൻ മടിയുണ്ടായിരുന്നെങ്കിലും അന്നത്തെ നല്ല ശമ്പളം ഒാര്‍ത്ത് പോകാൻ തയ്യാറായി,

ആദ്യത്തെ യാത്രയില്‍ സുക്കുവും മയൂരയിലെ അംഗമായ പാപ്പച്ചനും ഞാനും, മാരുതി എണ്ണൂറിലായിരുന്നു യാത്ര കോയമ്പത്തൂരിലെ സ്റ്റാര്‍ ഹോട്ടലായ 'സിറ്റി ടവറി'ലായിരുന്നു താമസം ഏ,സി, റൂമില്‍ കിടന്നിട്ടും ഉറക്കം വന്നില്ല ,എല്ലാം സ്വപ്നം പോലെയായിരുന്നു ഇടുക്കിയിലെ പുല്ലു മേഞ്ഞ കുടിലിലിലെ നാച്വറൽ തണുപ്പും കടം കയറി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ കാലവും, നാട്ടിലെ പുഴക്കരയില്‍ കള്ളനെപ്പോലെ ഒളിച്ചു താമസിച്ച കാലവും മനസ്സിലൂടെ കടന്നു പോയി, കൊച്ചിയില്‍ താമസിച്ച കാലത്ത് മറെെന്‍ ഡ്റെെവിലെ "സീ ലോര്‍ഡ്" ഹോട്ടലിന്റെ വെളിയില്‍ നിന്നു പണ്ട് ചിന്തിച്ചിരുന്നു ഇതൊക്കെ സിനിമാ താരങ്ങള്‍ക്കും കോടീശ്വരന്മാര്‍ക്കുമുള്ളതാവാം, നമ്മളെന്ത്, പക്ഷേ ഇന്ന് സിറ്റി ടവറിലെ റൂഫ് ടോപ്പ് ഗാര്‍ഡന്‍ റെസ്റ്റോറന്റിലിരുന്നാണ് ചില്ലി ചിക്കനും നാനും കഴിച്ചത്....
മടങ്ങി വന്നശേഷം അടുത്ത ഞായറാഴ്ച ലക്ഷ്വറി ബസ്സിൽ കോയമ്പത്തൂരിലേക്ക് 'ഹണ്‍ഡ്രട് ഫീറ്റ്' റോഡിലെ സിങ്കപ്പൂർ പ്ലാസ ബില്‍ഡിംഗിലെ 'മയൂര'ക്കടുത്തുള്ള ഇടത്തരം ഹോട്ടലിലാണ് മുറിയെടുത്തത് പിന്നീട് അത് സ്ഥിരമാക്കി, രാവിലെ മലയാളം ഇംഗ്ലീഷ് പത്രങ്ങള്‍ വാങ്ങും
ഷെയർ വിലകളും അവലോകനങ്ങളും നോക്കും പിന്നെ ഭക്ഷണം കഴിച്ച് ഒമ്പതു മണിക്ക് ഫ്ളോറിലേക്ക് പത്തിന് ബിസിനസ്സ് തുടങ്ങും സുക്കുവിന്റെ ഒാര്‍ഡറുകള്‍ ഫോണില്‍ വരും അതനുസരിച്ച് വാങ്ങും വില്‍ക്കും അവിടെ പാലക്കാട് കാരായ കുറച്ച് മലയാളികളും മാര്‍വാടികളും പിന്നെ തമിഴരുമായിരുന്നു മെമ്പേഴ്സ് മൂന്ന് മണിക്ക് ട്രേഡിംഗ് കഴിയും വെെകിട്ട് ഭക്ഷണം കഴിച്ചു റൂമിലേക്ക് പോയി വിശ്രമം, ചില ദിവസങ്ങളില്‍ സിനിമക്ക് പോകും വീട്ടിലേക്ക് ഫോൺ ചെയ്യാനായി രാത്രി പത്ത് മണിക്ക് എസ്‌.റ്റി.ഡി ബൂത്തില്‍ ഉൗഴം കാത്തു മണിക്കൂറുകള്‍ നില്‍ക്കും അങ്ങിനെ വെള്ളിയാഴ്ചയാകുമ്പോള്‍ വെെകിട്ട് കോട്ടയത്തേക്ക് മടങ്ങും, വീണ്ടും ഞായറാഴ്ച കോയമ്പത്തൂരിലേക്ക്...

ഏതാനും മാസങ്ങള്‍ കടന്നു പോയി,ആഴ്ചതോറുമുള്ള യാത്ര ഒഴിവാക്കാനായി കോയമ്പത്തൂരിലെ ഗണപതിയില്‍ ഒരു വീട് വാടകക്കെടുത്തു അഡ്വാന്‍സ് കൊടുത്തു പക്ഷേ കുടുംബ സമേതം അങ്ങോട്ട് പോകുന്നതിനു മുന്നേ മയൂര അത്യാസന്ന നിലയിലായി കേസും ആളുകളുടെ നഷ്ടവും ബിസിനസ്സ് വളരെ കുറഞ്ഞു... മയൂരയിലെ പതിനായിരം രൂപ വിലയുള്ള എന്റെ അംഗത്വക്കാര്‍ഡ് തിരിച്ചു നല്‍കി
തന്ത്രപൂര്‍വ്വം പണം തിരികെ വാങ്ങി...

മയൂര പൂട്ടുമെന്ന് ഉറപ്പായപ്പോള്‍ പലരും മറ്റു ബിസിനസുകളേപ്പറ്റി ആലോചിച്ചു അങ്ങനെ സുക്കു വീണ്ടും എന്നെ വിളിച്ചു കാഞ്ഞിരപ്പള്ളിക്കാരന്‍ ജോഷിയും ചേർന്ന് വമ്പനൊരു "ലേഡീസ് ഗാര്‍മെന്റ്സ്" ഹോള്‍സെയില്‍ പ്രോജക്റ്റ് ആലോചിക്കുന്നു അതിനായി കേരളം മുഴുവൻ ചുറ്റി മാര്‍ക്കറ്റിംഗ് സര്‍വ്വേ നടത്തണം നല്ല ശമ്പളം തരും യാത്രയിലെ മുഴുവൻ ചിലവും, ഞാൻ ഒരു നിര്‍ദ്ദേശം വെച്ചു ഒറ്റക്കു പറ്റില്ല ഒരാളു കൂടി വേണം കൂടാതെ ഒരു വാഹനവും വേണം രണ്ടും സമ്മതിച്ചു അങ്ങിനെ ജോയ്സുമായി സംസാരിച്ചു അവനും റെഡി സുക്കുവിന്റെ സഹോദരൻ സുനില്‍ കാസിമിന്റെ കോട്ടയത്തെ "വേമ്പനാട് ലേക്ക് റിസോര്‍ട്ടി"ല്‍ വച്ച് ഇന്റർവ്യൂയും ഒരാഴ്ചത്തെ പരിശീനവും വിജയിച്ചെങ്കിലും ടെെ കെട്ടാന്‍ പഠിക്കലായിരുന്നു ഏറെ ബുദ്ധിമുട്ട്...
ശേഷം ഞങ്ങളെല്ലാവരും കൂടി കൊച്ചിയിലേക്ക്, നാല് ജോഡി വീതം പാന്റ്സ്,ഷര്‍ട്ട്,സോക്സ്, രണ്ട് ജോഡി ഷൂ,ടെെ,ബാഗ് എല്ലാം വാങ്ങി തന്നു സുക്കുവിന്റെ സഹോദരീ ഭര്‍ത്താവ് "സിയാദ് കോക്കര്‍"ന്റെ വീടും സന്ദര്‍ശിച്ച് കോട്ടയത്തേക്ക് മടങ്ങി, ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ ബെെക്ക്, വിസിറ്റിംഗ് കാര്‍ഡ്, മറ്റു സ്റ്റേഷനറികള്‍ എല്ലാം തയ്യാര്‍... അങ്ങിനെ അടുത്ത പലായനം കേരളം മുഴുവനും ബെെക്കില്‍ സഞ്ചരിക്കല്‍ ഇക്കുറി കൂടെ കോഴിക്കോട് കാരന്‍ ജോയ്സും...
(തുടരും)


പലായനം 12
ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

പലായനം 10



ഞാനും ഭാര്യയും വീട്ടിലെ
ആദ്യത്തെ രണ്ടാം തലമുറക്കാരി ഒന്നര വയസ്സായ മകളും ദൂരെ പട്ടണത്തിലേക്ക് താമസിക്കാന്‍ പോകുന്നു എല്ലാ മുഖങ്ങളിലും
സങ്കടം നിറഞ്ഞു നിന്നു
പേരക്കുട്ടികളെ താലോലിക്കാന്‍ തുടങ്ങിയതേയുള്ളൂ എന്റെ വാപ്പയും ഉമ്മയും... 
സഹോദന്മാര്‍ കഴിവിനനുസരിച്ച് വീട്ടുസാധനങ്ങളൊക്കെ
വാങ്ങിത്തന്നു അത്യാവശ്യ ഫര്‍ണിച്ചറുകള്‍ മാത്രമേയുള്ളൂ 
എല്ലാം കെട്ടിപ്പെറുക്കി പട്ടണത്തിലേക്കുള്ള ചേക്കേറല്‍, സന്തോഷവും ദുഃഖവും ആധിയും സമ്മിശ്രമായി മനസ്സിലൂടെ കയറിയിറങ്ങി ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയ സര്‍ക്കാരുദ്യോഗസ്തനെ പോലൊരു ഫീലിംഗ് ആയിരുന്നു എനിക്ക്, പട്ടണ ജീവിതം ഞങ്ങള്‍ ശെരിക്കാസ്വദിച്ചു,
രാവിലെ ഒമ്പതുമണിക്ക് മയൂരയിലേക്ക് പത്ത് മിനിറ്റ് ബസ്സ് യാത്ര ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങി മൂന്ന് മിനിറ്റ് നടന്നാല്‍ ഒാഫീസ്
അതിനുള്ളിലേക്കു കയറിയാല്‍
പിന്നെ ഇൗ ലോകത്തെന്തു
നടന്നാലും അറിയില്ല
ഷെയറുകളുടെ വില കയറ്റത്തില്‍ വാങ്ങി വില്‍ക്കുകയും വിലയിടിവില്‍ ആദ്യം വിറ്റിട്ട് വില കുറയുമ്പോള്‍ വാങ്ങലും വിശപ്പൊക്കെ മറന്നു പോകും എങ്ങിനെയും തലകുത്തി മറിഞ്ഞ് ദിവസം ഒരു ശരാശരി ഒപ്പിക്കും ചില ദിവസങ്ങളില്‍
നഷ്ടവും വരും
മൂന്നു മണിക്ക് ട്രേഡിംഗ് അവസാനിക്കും പിന്നെ വീട്ടിലേക്ക്...
ബാക്കി മുഴുവൻ സമയം
വീട്ടില്‍ ഇതിനിടയില്‍ കുടുംബ സമേതം ടൗണില്‍ പോയി പര്‍ച്ചേയ്സ്,ഹോട്ടല്‍ ഭക്ഷണം, കഷ്ടപ്പാടില്ല ഒാട്ടമില്ല
പരമാനന്ദസുഖം രാവിലെ ഒാഫീസിലെത്തി ഡെയിലി
സ്റ്റേറ്റുമെന്റ് വാങ്ങുമ്പോഴാണ് ലാഭനഷ്ടക്കണക്ക് കൃത്യമായറിയുക,ആറും ഏഴും ഷീറ്റുകളില്‍ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍...
ഷെയറുകളെപ്പറ്റിയോ കമ്പനികളെപ്പറ്റിയോ അവരുടെ ലാഭ-നഷ്ടങ്ങളെക്കുറിച്ചോ
സാമ്പത്തിക അവലോകനം നടത്താനോ ഒന്നുമറിയാത്ത ഒരുതരം അന്ധമായ "കറക്കിക്കുത്ത്"

പക്ഷേ എന്റെ വിജയത്തിനു പിന്നിലൊരു രഹസ്യമുണ്ടായിരുന്നു അതായത് രാവിലെ ഫ്ലോറിലെത്തിയാലുടന്‍ പലതരം ആള്‍ക്കാരോടായി വിശേഷങ്ങൾ തിരക്കുന്ന കൂടെ ഇന്നെങ്ങിനെയായിരിക്കും മാര്‍ക്കറ്റ് ശരാശരി ഇരുപത് പേരോടെങ്കിലും ഇത് ചോദിക്കും പൊതുവായി ആളുകൾ എന്ത് ചിന്തിക്കുന്നോ അതിനെതിരായിട്ടായിരിക്കും എന്റെ ആദ്യ കച്ചവടം (ഇന്നും കൂടുതൽ പേര്‍ ചിന്തിക്കുന്നതിരായിരിക്കും എന്റെ പല തീരുമാനവും കാരണം എല്ലാവരും ചിന്തിക്കുന്നതിനെരിയായിരിക്കും പൊതുവേ സംഭവിക്കുക)
അതുകൊണ്ട് തന്നെ അത് ശരിയായ തീരുമാനമാകും...
ആദ്യത്തെ കച്ചവടത്തില്‍
ചെറിയ ലാഭമെടുത്ത് പിന്നെ
ആ ലാഭം പോയാൽ പോകട്ടെ എന്ന രീതിയിലുള്ള ഒരു കളിയാണ് അതില്‍ കുറേ കിട്ടും പോയാല്‍ ആ ലാഭം കിട്ടിയത് പോയ് കഴിയുമ്പോള്‍ മിണ്ടാതെ മാറി നിന്ന് എല്ലാം ശ്രദ്ധിക്കും,വീണ്ടും അവസരം വരുമ്പോള്‍ ചാടിവീഴും എന്റെ പെര്‍ഫോമന്‍സ് കണ്ട് വന്‍കിടക്കാര്‍ രഹസ്യമായി എന്നെ വാങ്ങാനും വില്‍ക്കാനും ഏല്‍പിക്കും അങ്ങിനെ ഞാനവിടൊരു താരമായി എന്നെപ്പറ്റി പലരും വിചാരിച്ചത് ഏതോ വലിയ റബ്ബര്‍ മുതലാളീടെ മകനാനാണെന്നാണ് കാരണം ഫുള്‍ സ്ളീവ് ഷര്‍ട്ട് ഇന്‍ ചെയ്തു ഷൂവുമിട്ട് ചെത്ത് സ്റ്റെെലിലാണ് ഞാൻ വരുന്നത് നല്ല ടേണോവര്‍ ചെയ്യും പക്ഷേ അതൊക്കെ മറ്റു പലരുടേയും സ്ക്രിപ്പുകളാണെന്ന് ആരുമറിയില്ല, അതേപോലെ മിക്ക ദിവസങ്ങളിലും ടൗണിലെ മുന്തിയ ഹോട്ടലുകളില്‍ വന്‍കിടക്കാരുടെ ട്രീറ്റുകള്‍ ആകപ്പാടെ ജീവിതം കുശാല്‍...
ഇതിനിടയില്‍ നല്ല കുറേ സുഹൃത്ത്ക്കളേയും കിട്ടി
ഹാഷിം, നിസാം,ബിജു,ഷംസ്,സാബു,
അസീം,ജോയ്സ്,ജോജോ,സുക്കു കാസിം... ഫ്ളോറിലുള്ള എല്ലാവരുമായും നല്ല
ബന്ധമായിരുന്നു, ഒറ്റ ദിവസം ഇരുപത്തി അയ്യായിരം രൂപാ ലാഭം കിട്ടിയ അന്ന് വീടിന്റെ ഉടമസ്തന് ആ പണം കൊടുത്ത് വാടക ഒഴിവാക്കി ഒറ്റിയാക്കി,ശനിയും ഞായറും മയൂര അവധിയാണ് നിസാം,ബിജു സാബു,ഷംസ് ഇവരൊക്കെ എന്റെ അയല്‍വാസികളാണ് അവരുമായി ചില അവധി ദിവസങ്ങളില്‍ ടൂര്‍
പോകും...
രണ്ടു വര്‍ഷക്കാലം അടിപൊളിയായി കടന്നു പോയി മയൂരക്ക് മൂവാറ്റുപുഴ,കൊച്ചി,
തിരുവനന്തപുരം, കോയമ്പത്തൂര്‍ ഇവിടൊക്കെ ബ്രാഞ്ചുകളുണ്ടായി പക്ഷേ എന്റെ മനസ്സ് സംശയിച്ചതു പോലെ മയൂരക്കെതിരേ കേസുകളുണ്ടായി കച്ചവടത്തിന്റെ ടേണോവര്‍ കുറഞ്ഞു തുടങ്ങി
'ഹര്‍ഷദ് മേത്ത'യുടെ അറസ്റ്റോടെ ഷെയര്‍ വിലകള്‍ തകര്‍ന്നടിഞ്ഞു പല കോടീശ്വരന്മാരും ലക്ഷപ്രഭുക്കളായി താഴേക്ക് വന്നു ഒരു പരിക്കും പറ്റാതെ എന്റെ മുഴുവൻ പണവും പിന്‍വലിച്ച് ഞാൻ സുരക്ഷിതമായി നിന്നു...
മയൂരയിലെ സ്ഥിരാംഗമായ ശാന്തേച്ചിയുടെ ബിസിനസ് ചെയ്യുന്നതിന് ഒരു ശമ്പളവും കിട്ടിത്തുടങ്ങിയെങ്കിലും അവരുടെ സാമ്പത്തത്തിക തകര്‍ച്ച കാരണം അത് അഥിക കാലം ഒാടിയില്ല, വീണ്ടുമൊരു ട്വിസ്റ്റ് മയൂരയിലെ
കിംഗ് മേക്കറായ സുക്കു കാസിമിനു വേണ്ടി കോയമ്പത്തൂർ
മയൂരയില്‍ ബിസിനസ്സ് ചെയ്യുന്നതിനായി കരാറായി
അങ്ങിനെ അടുത്ത പലായനം കോയമ്പത്തൂരിലേക്ക്...
(തുടരും)


പലായനം 11

പലായനം 9



"നിങ്ങളുടെയെല്ലാം കടം വീട്ടാന്‍ കുറച്ച് സമയം തരണം, സീസണ്‍ വരെ ഞാൻ ഇവിടെയുണ്ട്ണ്ടാകും ജോലിചെയ്തു കിട്ടുന്ന പണം നിങ്ങള്‍ക്ക് വീതിച്ചു തരാം ബാക്കി ഞാനും അബുവും കൂടി പോയി പിരിച്ച് നിങ്ങളുടെ മുഴുവൻ ഇടപാടുകളും തീര്‍ക്കും" എന്റെ ഉറച്ച വാക്കുകള്‍ കേട്ടവര്‍ ആദ്യം ഒന്നു സംശയിച്ചെങ്കിലും അവര്‍ എന്നെ സൂക്ഷിച്ചൊന്നു നോക്കി ഒരു കൂസലുമില്ലാതെ ഞാൻ നിന്നു വല്യ തുക കിട്ടാനുണ്ടായിരുന്നയാള്‍ അടുത്തു വന്നു ലോഹ്യം പറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം ഒാര്‍മ്മപ്പെടുത്തി എന്റെ കടം ആദ്യം വീട്ടിത്തുടങ്ങണം ഞാൻ മൂളി,
ലോകം കീഴടക്കിയ സന്തോഷത്തില്‍ ഞാൻ വീട്ടിലേക്കു മടങ്ങി....
കൂടു തുറന്നു വിട്ട പറവയെപ്പോലെ ദിവസവും ടൗണില്‍ കൂട്ടുകാരുമായി കറങ്ങി നടക്ന്നു ഇതിനിടയില്‍ കുറച്ച് വര്‍ക്കുകളൊക്കെ കിട്ടിത്തുടങ്ങി വെെകാതെ ടൗണില്‍ ഒാഫീസ് തുറന്നു അതിനിടയില്‍ പൊതു തിരഞ്ഞെടുപ്പു വന്നു രാപകലില്ലാതെ ജോലിത്തിരക്ക് കെെ നിറയെ കാശും കിട്ടിയതിലധികവും കടം വീട്ടിക്കൊണ്ടിരുന്നു...

മാസങ്ങള്‍ വേഗം കൊഴിഞ്ഞു വീണു വീണ്ടും സീസണ്‍ വന്നു
എനിക്ക് തിരക്കായതിനാല്‍
അബു പിരിവിന് പോയിത്തുടങ്ങി,കിട്ടിയ പിരിവുകള്‍ കൊണ്ട് അബുവും കടങ്ങള്‍ വീട്ടി, ഞാൻ നാട്ടില്‍ സ്ഥിരതാമസമൊക്കെയായി പലരും എനിക്ക് വിവാഹാലോചനകളുമായി വന്നു ഇരുപത്തിനാലു വയസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഞാൻ പുര നിറഞ്ഞു നില്‍ക്കുന്ന യുവാവായി വെെകാതെ വിവാഹം(1989) കഴിഞ്ഞു പാലായില്‍ പരസ്യ സ്ഥാപനത്തിന് ഒരു ബ്രാഞ്ച് കൂടി തുടങ്ങി
ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണമെന്ന് ആഗ്രഹിച്ചതു പോലെ ഒരു മകളുണ്ടായി ആയിഷ (1991)..
പുതിയ പുതിയ ആര്‍ട്ടിസ്റ്റുമാര്‍ നാട്ടില്‍ ഉയര്‍ന്നു വന്നു , വര്‍ക്കില്‍ നിന്നും കാര്യമായി വരുമാനമില്ല

ചിലവ് കൂടി ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി അതിനിടെ വാഗമണ്‍, ഏലപ്പാറ, ഉപ്പുതറ ഏരിയാകളില്‍ ശനിയും ഞായറും തവണ വ്യവസ്ഥയില്‍ തുണിക്കച്ചവടം തുടങ്ങി അതിരാവിലെ എന്റെ "ലാംബി"യുമായി പോകും സന്ധ്യയാകുമ്പോള്‍ മടങ്ങിവരും സാമാന്യം നല്ല കച്ചവടം ആയിരുന്നു വാഗമൺ അന്നൊരു ടൂറിസ്റ്റ് കേന്ദ്രം ആയിട്ടില്ല,തേയിലത്തോട്ടം തൊഴിലാളി കളായിരുന്നു കസ്റ്റമേഴ്സ് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഗട്ടര്‍ മാത്രമുള്ള എസ്‌റ്റേറ്റ് റോഡുകളിലൂടെയുള്ള നിരന്തര ഒാട്ടത്തില്‍
ഒരു ദിവസം സ്കൂട്ടര്‍ നടുവേ ഒടിഞ്ഞു പകുതി ഒരു വശത്തേക്ക് മറിഞ്ഞു വീണു ഇരുന്നൂറോളം കിലോമീറ്റർ ദൂരം വരുന്ന റൂട്ട് കവറു ചെയ്യാന്‍ വണ്ടിയില്ലാതെ കഴിയില്ലായിരുന്നു മറ്റൊരു വണ്ടി വാങ്ങാന്‍ കപ്പാസിറ്റിയുമില്ല കുറച്ചൊക്കെ ബസ്സില്‍ പോയി പിരിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല ഒാഫീസ് പ്രവർത്തനവും അവതാളത്തിലായി അങ്ങിനെ അതും ഏതാണ്ട് നിന്നു...
മനസ്സ് വല്ലാതെ തകര്‍ന്നു എവിടെയും പരാജയം മാത്രം അടുത്തൊരു പലായനത്തിനു സമയമായി എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങി..അങ്ങിനെയിരിക്കെയാണ് ഷെയർ മാര്‍ക്കറ്റിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത് കഷ്ടപ്പാട് വേണ്ട ഭാഗ്യമുണ്ടെങ്കില്‍ നല്ല വരുമാനം കുറച്ച് പണം മുടക്കി നോക്കി ചെറിയ ലാഭം കിട്ടിത്തുടങ്ങി പിന്നെ പിന്നെ ദിവസവും കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് പോകും ബ്രോക്കറെ കണ്ട് ഒാര്‍ഡര്‍ കൊടുക്കും
വില കൂടുമ്പോള്‍ വില്‍ക്കും ഒാഹരിവിപണി മുകളിലേക്ക് മാത്രം പോകുന്ന കാലമായിരുന്നു...

അവിടെയും വലിയ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ അല്‍പം പ്രയാസം നേരിട്ടു അതായത് ഒരു അംഗത്തിന് (ബ്രോക്കര്‍ക്ക്) അഞ്ചും ആറും അസിസ്റ്റന്റ് കാണും നമ്മള്‍ അവരുമായാണ് വാങ്ങലും വില്‍ക്കലും നടത്തുന്നത് നമ്മള്‍ ഒരു കമ്പനിയുടെ ഷെയർ വാങ്ങാന്‍ പറഞ്ഞാല്‍ അയാൾ മുകളിലെ ട്രേഡിംഗ് ഫ്ലോറിലേക്ക് പോയി അപ്പോൾ തന്നെ കിട്ടുന്ന വിലക്ക് അതു വാങ്ങും (ഇന്ന് എല്ലാം ഒാണ്‍ ലെെനാണ് നമുക്ക് വില കണ്ട് വാങ്ങാം വില്‍ക്കാം) അവിടെ തന്നെ നിന്ന് വിലകൂടിയാല്‍ അത് വിറ്റ് അയാൾ ലാഭമെടുക്കും അത് വിലകൂടിപ്പോയി വാങ്ങിയില്ല എന്ന് പറയും വില കുറഞ്ഞാല്‍ താഴെ വരും വാങ്ങിയിയിട്ടുണ്ടെന്നു പറയും വീണ്ടും വില കൂടിയാല്‍ മാത്രമേ നമുക്ക് ലാഭം കിട്ടുകയുള്ളു, നിമിഷം തോറും വില കൂടുകയും കുറയുകയും ചെയ്യുന്ന ഷെയര്‍ വിലയുടെ ക്ളാസിംഗ് സമയത്തെ വില മാത്രമാണ് പിറ്റേന്ന് പത്രത്തില്‍ വരിക. തല്‍സമയം വിലവിവരങ്ങളറിയാനോ ഇയാളെ കോണ്‍ടാകറ്റ് ചെയ്യാനോ നമുക്ക് ട്റേഡിംഗ് ഫ്ലോറിലേക്ക് പോകാനോ ഒരു വഴിയുമില്ല,മൊബൈൽ സര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത കാലം...

അവിടെയും കുറേ പയറ്റി രക്ഷയില്ല, പക്ഷേ പുതിയൊരു ബിസിനസ് കൂടി പഠിച്ചു അങ്ങിനെയിരിക്കെയാണ് കോട്ടയത്ത് സ്വകാര്യ സ്റ്റേോക്ക് എക്സ്ചേഞ്ച് വരുന്നത് *മയൂര സെക്യൂരിറ്റീസ്* തുടക്കത്തിലേ അവിടൊരു അംഗത്വം കിട്ടി അതായത് ഇവിടെ നേരിട്ട് ഷെയർ വാങ്ങാം വില്‍ക്കാം കമ്പനിക്ക് വളരെ ചെറിയ കമ്മീഷന്‍ കൊടുക്കണം താമസിയാതെ ഞാനവിടത്തെ നിറ സാന്നിധ്യമായി സാമാന്യം വരുമാനം കിട്ടിത്തുടങ്ങി...
അങ്ങിനെ അടുത്ത പാലായനത്തിനു സമയമായതായി എനിക്കു തോന്നി ഇത്തവണ ഭാര്യയും ഒന്നര വയസായ മകള്‍ ആയിഷയുമുണ്ട് കൂടെ,
'മയൂര'യില്‍ വെച്ചു
പരിചയപ്പെട്ട ഹാഷിം വഴി വാടകക്കൊരു വീടെടുത്തു
കുടുബ വീട്ടില്‍
നിന്നുള്ള പുറപ്പെടല്‍
വികാര നിര്‍ഭരമായിരുന്നു... ഏറ്റവും സുന്ദരമായ കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച സന്തുഷ്ടമായ ജീവിതമായിരുന്നു കോട്ടയത്ത്...
(തുടരും)

പലായനം 10
ഇബ്രാഹിം കാമ്പസ് 
ഒറിജിനല്‍ പോസ്റ്റ്‌

പലായനം 8


വളവും തിരിവുമുള്ള വഴികളിലൂടെ ബസ്സ് അതിവേഗം പാഞ്ഞു 'ചെറുതോണി' കഴിഞ്ഞ് വനമായതിനാല്‍ ആളുകൾ ഇറങ്ങാനും കയറാനുമില്ലായിരുന്നു...മഞ്ഞു വീണ വഴിയോര പുലരിക്കാഴ്ചകള്‍ക്ക് മനോഹാരിത കൂടുതലുണ്ടായിരുന്നെങ്കിലുംആസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു, വീട്ടിലേക്കുള്ള യാത്ര 
യില്‍ എന്നെ കാത്തിരിക്കുന്നത് നല്ല വാർത്തകളൊന്നുമല്ല‍ കടിച്ചു കുടയാന്‍ തയ്യാറായി നില്‍ക്കുന്ന ഒരുപറ്റം ആളുകളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരിക അതത്ര നിസ്സാരമായ ഒന്നല്ല അതും അവര്‍ വീടിന്റെ ആധാരം പണയമായി ആവശ്യപ്പെടുന്ന വാര്‍ത്തയും കേട്ടിരുന്നു... സൂക്ഷ്മതയോടെ പതിറ്റാണ്ടുകള്‍ കച്ചവടം ചെയ്ത വപ്പയുടെ മകന്‍ വീട് വിറ്റാല്‍ കൂടി തീരാത്ത കടക്കാരനായി നാട്ടുകാരുടെ തല്ലും കൊണ്ട് തെറിയും കേട്ട് തലകുനിച്ച് നില്‍കുന്ന വാര്‍ത്ത വാപ്പ ഒരുപക്ഷേ അറിയാനിടയായാല്‍ എനിക്കെന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി...
വനത്തിനു നടുവിലെ
ചെറിയ തടാകത്തില്‍ കുട്ടിയാനയുള്‍പ്പെടെയുള്ള ആനക്കൂട്ടം വെള്ളം കുടിക്കുകയും പരസ്പരം തുമ്പിക്കെെയില്‍ വെള്ളമെടുത്ത് ചീറ്റിച്ചു കളിക്കുകയും ചെയ്യുന്ന അപൂർവ്വ ദൃശ്യങ്ങൾ,
ഇൗ വഴിയിൽ പലപ്പോഴും ആനയെ കണ്ടിട്ടുണ്ടെങ്കിലും ചെളിമണ്ണിന്റെ നിറമായിരുന്നു ഇന്ന് നാട്ടാനയുടെ നിറത്തില്‍ നല്ല കാഴ്ച ക്യാമറയില്‍ ഫിലിമില്ല സാധാരണ ഫിലിം ലോഡ് ചെയ്തു മാത്രമേ ഇൗ വഴി വരാറുള്ളൂ വണ്ടി സ്ലോ ചെയ്തതിനാല്‍ നന്നായി കാഴ്ച കണ്ടു...
കുളമാവ് ഡാമിനു
മുകളിൽ നിന്നുള്ള
ഇടുക്കി ജലാശയത്തിന്റെ കാഴ്ച നീലക്കടലു പോലെ വെള്ളം നിറഞ്ഞു കിടക്കുന്നു നടുക്ക് ചെറിയ
ചെറിയ പച്ചത്തുരുത്തുകള്‍,
മൂലമറ്റം ഹെയർ പിന്‍ വളവ് ഇറങ്ങാന്‍ തുടങ്ങി യപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം തിരിച്ചറിഞ്ഞു തണുപ്പ് കുറഞ്ഞു, നാടിന്റെ കാഴ്ചകൾ ഒാര്‍മ്മകളില്‍ ഭയം അരിച്ചു കയറാൻ തുടങ്ങി...
ഇന്ന് സിനിമാക്കാരുടെ
ഇഷ്ട ലൊക്കേഷനായ കാഞ്ഞാറും, കുടയത്തൂരും, മലങ്കര
ജലാശയവും വേഗം പിന്നിട്ടു തൊടുപുഴയിലെത്തി,ബസ്സില്‍ നിന്നിറങ്ങി ഭക്ഷണം കഴിച്ചു ഇനി അടുത്തത് ഇൗരാറ്റുപേട്ട ബസ്സ് കിട്ടണം പക്ഷേ ഇൗ പകല്‍ നാട്ടിലിറങ്ങുമ്പോള്‍ ആരെങ്കിലും കണ്ടാല്‍? ആളൊഴിഞ്ഞ ഭാഗത്തിരുന്ന് കുറേ ആലോചിച്ചു നാടുവിട്ടെവിടേക്കെങ്കിലും പോകണോ...?
അതോ ജീവിതം തന്നെ അവസാനിപ്പിക്കണോ? ഒരെത്തും പിടിയുമില്ല, പെട്ടി ഹോട്ടലിലെ മേശക്കടിയില്‍ വെച്ചു ക്യാമറ മാത്രം കവറിലെടുത്തു ടൗണിലൂടെ കുറേ നടന്നു,


സമയം പതിനൊന്നാകുന്നു
ഹോട്ടലില്‍ തിരിച്ചെത്തി ബാഗെടുത്തു സ്റ്റാൻഡിലെത്തി, രാത്രിയില് വീട്ടിലെത്തിയാല്‍ മതി സമയം പോകാനൊരു വഴിയുമില്ല,അപ്പോഴാണ് എറണാകുളം ബസ്സ് തൊട്ടു മുന്നില്‍ മറുത്തൊന്നുമാലോചിച്ചില്ല കയറി, വണ്ടി ദൂരം താണ്ടുന്തോറും എനിക്കൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നതു പോലെ മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി ഒരു മണിയോടെ കലൂരിലെത്തി അവിടുന്ന് പഴയ തട്ടകമായ ഷിപ്പ്യാര്‍ഡ് സ്റ്റോപ്പിലിറങ്ങി ദാമോദരൻ ചേട്ടന്റെ മുറുക്കാന്‍ കടയില്‍ ബാഗും വെച്ച് ഒരന്വേഷണം നടത്തി പഴയ ആളുകളെല്ലാം വഴിപിരിഞ്ഞു എവിടൊക്കെയോ പോയി മറഞ്ഞിരിക്കുന്നു...
ദാസിനെ കാണാനായി ഒരുപാടലഞ്ഞു, കാരണം ഒരു ജോലി തന്ന് അവന് എന്നെ സഹായിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു, പക്ഷേ എല്ലാം വിഫലം കെെയില്‍ നാട്ടിലെത്താനുള്ള ബസ്സ്കാശ് മാത്രമേ മിച്ചമുള്ളൂ രാത്രി തങ്ങാനൊരു ഇടവുമില്ല, 


അഞ്ചു മണിക്ക് തിരിച്ച് കോട്ടയം ബസ്സില്‍
കയറി എട്ട് മണിയോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ ഉണ്ടായ വികാരം ഇവിടെ എഴുതാനക്ഷരങ്ങള്‍ മതിയാവില്ല...
ചൂട് ചോറും കറികളും
കപ്പയും മീനും കൊതിയോടെ കഴിച്ചു, വാപ്പയും ഉമ്മയും എന്നെ വരവേറ്റത് ഗള്‍ഫുകാരന്റെ മടങ്ങി വരവ് പോലെയായിരുന്നു
വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകങ്ങൾ പിറ്റേ ദിവസം ഉച്ചകഴിഞ്ഞതോടെ മനസ്സ് കെെപ്പിടിയില്‍ നില്‍ക്കാതെ പെരിയാറിലെ തടിപ്പാലം കടന്നു മറുകരയില്‍ കാത്തു നില്‍ക്കുന്ന ചിരിച്ച മുഖക്കാരിയുടെ രൂപം കണ്ണിലും മനസിലും മായാതെ നിന്നു, ഒരുപാട് പ്രതീക്ഷയോടെ കാത്ത് നിന്നു നിരാശയോടെ മടങ്ങുമോ അതോ വല്ല അവിവേകവും...

പിറ്റേ ദിവസം പത്രത്താളുകള്‍ ആധിയോടെ മറിച്ചു നോക്കി,
ഇല്ല ശാലിനി എന്ന പേരില്ല താല്‍ക്കാലികാശ്വാസം...കുറച്ച് ദിവസം പുറത്തിറങ്ങിയതേയില്ല, അയല്‍ക്കാരുപോലും ഞാൻ വീട്ടിലുള്ള വിവരം അറിഞ്ഞില്ല, ഉറ്റ ചങ്ങാതി ഷെരീഫിനെ വീട്ടിലേക്ക് വിളിപ്പിച്ചു വര്‍ത്തമാനം പറഞ്ഞിരിക്കും പിന്നീട് അവനുമായ് സെെക്കിളില്‍ കുറച്ചകലെയുള്ള 'ഇൗലക്കയ'ത്ത് കുളിക്കാന്‍ പോയിത്തുടങ്ങി റോഡിനു താഴെയുള്ള വൃക്ഷങ്ങൾ തണല്‍ വിരിച്ച മണല്‍പ്പരപ്പില്‍ മണിക്കൂറുകളിരിക്കും സന്ധ്യയോടെ കുളിയും കഴിഞ്ഞു മടങ്ങും അവിടം പിന്നീടൊരു സുരക്ഷിത താവളമായി...
വെെകാതെെെ മനസ്സില്‍ വല്ലാത്ത മരവിപ്പ് തുടങ്ങി ഇൗ അജ്ഞാതവാസം വല്ലാതെ ശ്വാസം മുട്ടിക്കുന്നു...കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ ടൗണിലേക്കിറങ്ങണം ഇങ്ങിനെ ജീവിക്കുന്നതില്‍ ഭേദം അതാണ് ചില സമയങ്ങളില്‍ മനസ്സ് പിടിച്ചാല്‍ കിട്ടാതായി,വീട്ടുകാരെയും സാമ്പത്തികാവസ്ഥയും ഒാര്‍ക്കുമ്പോള്‍ നാടുവിടാനുമാവുന്നില്ല മൂന്നാഴ്ചയോളമാകുന്നു നാട്ടിലെത്തിയിട്ട്, കളിച്ചു വളര്‍ന്ന നാടും ഏറെ പ്രിയപ്പെട്ട കൂട്ടുകാരേയും പഴയ ഒാഫീസും പരിസരവും ഒക്കെ കാണാൻ മനസ്സ് തുടിച്ചു, അപ്പോഴെല്ലാം അഭിമാനം മുറിപ്പെടുന്നതും ടൗണില്‍ വെച്ചുണ്ടാകാവുന്ന സീനുകളുമോര്‍ത്ത് എല്ലാം അടക്കി വെച്ചു...

അനാവശ്യമായി ഒട്ടും
പണം ചിലവഴിച്ചിട്ടില്ല ബിസിനസ്സ് വലുതാക്കാന്‍ കഠിന പ്രയത്നം
ചെയ്തു പക്ഷേ ഹെെറേഞ്ചിന്റെ കാലാവസ്ഥയും അതിരു കടന്ന ആത്മവിശ്വാസവുമാണ് ചതിച്ചത്,പക്ഷേ അടുത്ത സീസണ്‍ വരെ സാവകാശം കിട്ടിയാല്‍ എല്ലാ ഇടപാടുകളും തീര്‍ക്കാനാവും പക്ഷേ അത് ചെവിക്കൊള്ളാന്‍ അവർ തയ്യാറാകുമോ...? പലവട്ടം ഇൗ ചോദ്യങ്ങൾ മനസ്സിലുരുവിട്ടു,
മനസ്സ് ഒരുതരം
കരിങ്കല്ലു പോലായ ഒരു വെെകുന്നേരം എന്തൊക്കെയോ തീരുമാനിച്ചുറച്ചതു പോലെ കുളിച്ച് നല്ല ഡ്റസ്സൊക്കെയിട്ടു കിരീടത്തിലെ സേതുമാധവൻ സ്റ്റെെലില്‍ ടൗണിലേക്കു നടന്നു...
ഹോള്‍സെയിലു കാരുടെ താവളത്തിലെത്തി കണ്ടവരോടൊക്ക കൃത്രിമ ചിരിയോടെ ഇടിച്ചു കയറി വിശേഷങ്ങൾ തിരക്കി
നടന്നു,രണ്ടാം നിലയില്‍ നിന്നും ചിലര്‍ ശ്രദ്ധിച്ചു തുടങ്ങി, പെട്ടന്ന് പിന്നിലൂടെ തോളില്‍ ഒരു കെെ വീണു തിരിഞ്ഞു നോക്കിയതും അയാൾ ഷര്‍ട്ടില്‍ പിടിത്തമിട്ടു..."കെെയ്യടുക്ക്" ഞാൻ അലറി, അയാൾ വേഗം കെെയ്യെടുത്തു എന്നെ മുകളിലെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒന്നര മണിക്കൂറോളം അവിടെ തടവിൽ ഇരുത്തി ഇതിനിടയില്‍ ഞാൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു പക്ഷേ 'എലി എത്ര കരഞ്ഞാലും പൂച്ചക്ക് ദയ വരില്ലന്നു മാത്രല്ല രസം കൂടുകയും ചെയ്യും' അയാളടുക്കുന്ന മട്ടില്ല ആരെങ്കിലും കാശിനുത്തരവാദിത്വമേറ്റാല്‍വിടാം ഇതാണ് ആളുടെ നിലപാട്, താഴേക്ക് നോക്കുമ്പോള്‍ കാശുകൊടുക്കാനുള്ള ബാക്കിയുള്ളവര്‍ ഇര കൂട്ടില്‍ വീണ വേട്ടക്കാരനെപ്പോലെ അക്ഷമരായി കാത്തു നില്‍ക്കുന്നു...തല്‍ക്കാലം ഇൗ ബന്ധനം ഒരു സുരക്ഷയായെനിക്കു തോന്നി...
വിശപ്പ് കൂടിയപ്പോള്‍ പലവട്ടം ഞാൻ വയലന്റായി അവിടെ റോളായിരുന്ന കുറേ തുണികള്‍ കത്രിക കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു നശിപ്പിച്ചു, അവസാനം അയാളയഞ്ഞു...ഒരക്ഷരം പോലും പറയാതെ എന്നെ "മോചിപ്പിച്ചു" അപ്പോള്‍ എന്തെന്നില്ലാത്ത ധെെര്യം എനിക്കനുഭവപ്പെട്ടു, താഴെയിറങ്ങി എല്ലാവരോടുമായി ഞാനൊരു പ്രഖ്യാപനം നടത്തി "നിങ്ങളുടെയെല്ലാം കടം വീട്ടാന്‍ കുറച്ച് സമയം തരണം, സീസണ്‍ വരെ ഞാൻ ഇവിടെയുണ്ട്ണ്ടാകും ജോലിചെയ്തു കിട്ടുന്ന പണം നിങ്ങള്‍ക്ക് വീതിച്ചു തരാം ബാക്കി ഞാനും അബുവും കൂടി പോയി പിരിച്ച് നിങ്ങളുടെ മുഴുവൻ ഇടപാടുകളും തീര്‍ക്കും" എന്റെ ഉറച്ച വാക്കുകള്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു... (തുടരും)

പലായനം 9

ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

പലായനം 7


പ്രഭാകരൻ ചേട്ടന്റെ ചായക്കടയില്‍ നിന്നും 
സഖാവിന്റെയും ജോര്‍ജിന്റെയും മുറുക്കാന്‍ കടകളില്‍ നിന്നും പിരിവ് കിട്ടാനുണ്ടായിരുന്നതിനാല്‍ ഭക്ഷണവും ബീഡിക്കും ബുദ്ധിമുട്ടുണ്ടായിരുന്നില്ല പക്ഷേ വെെകാതെ ചായക്കടയിലെ ഇടപാട് തീര്‍ന്ന് കുറച്ചു പറ്റുമായെന്നും കൂടി പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്, പഴയൊരു മണ്ണെണ്ണ സ്റ്റൗ വാങ്ങി കഞ്ഞി വെപ്പ് തുടങ്ങി ഉറ്റ ചങ്ങാതി ഞൂഞ്ഞിന് സിറ്റിക്ക് കുറച്ച് 
മുകളിലായി കുറച്ച് സ്ഥലമുണ്ട് അതില്‍ കുറെ കൃഷികളും അതിലൊരു ഒരു ഒാലഷെഡ്ഡുമുണ്ട് ഞാൻ അതിനെ "ഞൂഞ്ഞിന്റെ എസ്‌റ്റേറ്റെന്നാ" പറയ്ക മനസ്സ് വല്ലാതെ പ്രക്ഷുബ്ദമാകുമ്പോള്‍ ഞങ്ങള്‍ അവിടെ പോയിരിക്കും വലിയ പാറയുടെ മുകളിരുന്ന് ചില രണ്ട് വരി കവിതയൊക്കെ കുറിക്കും,ദൂരെ "കല്ലാര്‍കുട്ടി''
അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്ന് വിടുന്ന വെള്ളം പതഞ്ഞു പൊങ്ങി പുഴയില്‍ പതിക്കുന്ന മനോഹരമായ ദൃശ്യം കണ്ടങ്ങിരിക്കും കപ്പയോ കാച്ചിലോ പറിച്ച് ഷെഡില്‍ പുഴുങ്ങി തിന്നും പാറക്കെട്ടിലെ ഉറവ വെള്ളം കെെക്കുമ്പിളില്‍ പിടിച്ച് കുടിക്കും...

ആഴ്ചതോറും കൊടുക്കേണ്ട പണം മാസങ്ങളായി കിട്ടാതായ സ്ഥിതിക്ക് ഒരിക്കല്‍ എന്നെ തിരഞ്ഞ് അവര്‍ ഇവിടെ വരുമെന്നും കണ്ടുകിട്ടിയാല്‍ എന്നെ സിറ്റിയിലിട്ട് ഉപദ്രവിക്കുമെന്നും ഞാൻ ഒരുപാട് ഭയപ്പെട്ടിരുന്നു.... എന്റെ ബാദ്ധ്യതകള്‍ അറിഞ്ഞിരുന്ന ഞൂഞ്ഞ് പറയുമായിരുന്നു
"ഇബ്രായീ പണം തന്നു സഹായിക്കാനുള്ള കഴിവെനിക്കില്ല പക്ഷേ നീ പറഞ്ഞാല്‍ അവന്മാരെ ഞാൻ പോയി കൊന്നിട്ടു വരാം"
ആ സ്നേഹത്തിന് മറുപടി പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു. ...
ഒരു ദിവസം ജാവാ മോട്ടോര്‍ സെെക്കിള്‍ വന്നു നിന്നതുപോലൊരു ശബ്ദം കേട്ടു സപ്തനാഡികളും തളര്‍ന്ന ഞാൻ വെളിയിലേക്ക് നോക്കി ഏതൊന്നിനെ ഞാൻ ഭയപ്പെട്ടോ അത് മുന്നില്‍ നാട്ടുകാര് കാണാതിരിക്കാന്‍ മുറിയിലേക്ക് ക്ഷണിച്ചു തല്ല് കൊണ്ടാലും ആരും കാണില്ലല്ലോ ഏററവും കൂടുതൽ തുക ഇദ്ദേഹത്തിനാണ് കൊടുക്കാനുള്ളത്...തീ പാറുന്ന ചുവന്ന കണ്ണുകളോടെ അയാള്‍ പരിസരമാകെ വീക്ഷിച്ചു മണ്ണെണ്ണ സ്റ്റൗവില്‍ കഞ്ഞി വെന്ത് തുളുമ്പുന്നു പേടിച്ചരണ്ട എന്റെ മുഖഭാവം കണ്ടിട്ടാവാം തല്ലിയില്ല അവസ്ഥകളെല്ലാം പറഞ്ഞു... ഇനിയെന്നെ ഇവിടെ വരുത്തരുതെന്ന താക്കീതോടെ അയാൾ മടങ്ങി...ഞാനൊരു നെടുവീര്‍പ്പിട്ടു....
മഴ അല്‍പം കുറഞ്ഞു കാപ്പിയും കുരുമുളകും കായ്കളായിത്തുടങ്ങി
എങ്കിലും പുഴ കടക്കാറായിട്ടില്ല ശാലിനിയെ കാണണമെങ്കില്‍ ബസ്സില്‍ "കരിമ്പനില്‍"പോയി അവിടുന്ന് ജീപ്പില്‍ മുരിക്കാശ്ശേരിയിലെത്തി
നാലു കിലോമീറ്റർ വീണ്ടും നടക്കണം
അതേ പോലെ തിരിച്ചും കെെയില്‍ അതിനുള്ള കാശുമില്ല, പുഴയിലെ വെള്ളം കുറയാനായി കാത്തിരുന്നു...

ഇതിനിടയില്‍ ഒന്നു രണ്ടുപേര്‍ വാച്ച് പണയമായും പിരിവിനു പകരമായും തന്നിരുന്നു അതിനിടയിലാണ് ചുമട്ടുകാരന്‍ സാബു കാലു പിടിച്ച് കുറച്ച് പെെസ കടം വാങ്ങിയത് ജാമ്യത്തിനായി വാച്ചും തന്നു ഒരാഴ്ച അധി പറഞ്ഞിട്ടിപ്പോള്‍ മാസങ്ങളായി അവരൊന്നും തിരിച്ചെടുക്കുന്ന ലക്ഷ്മില്ലാത്തതിനാല്‍ ചേലച്ചുവട്ടില്‍ കുരിയാച്ചന്റെ കടയില്‍ കൊണ്ടു പോയി ഒന്നിച്ചു പണയം വെച്ചു അത്യാവശ്യ കാര്യങ്ങൾ നടത്തി ഒന്നിച്ചു വെച്ചതിനാല് കൂടുതല്‍ പെെസയും കിട്ടി പക്ഷേ സാബു വാച്ച് തിരിച്ചാവശ്യപ്പെട്ടപ്പോള്‍ എന്റെ കയ്യിൽ പണമില്ലായിരുന്നു അത് എനിക്ക് വലിയ തലവേദനയായി പല അവധികള്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല പിരിവും കിട്ടുന്നില്ല...
എസ്‌റ്റേറ്റില്‍ ചേമ്പ് കാന്താരി മുളക് ഞെരിച്ച് തിന്നുന്നതിനിടയില്‍ ഞൂഞ്ഞ് പറഞ്ഞു "സാബുവിന്റെ വാച്ചെടുത്തു കൊടുത്തില്ലേല്‍ പ്രശ്നമാകും അവന്‍ പെശകാ.." പതിനായിരങ്ങള്‍ കിട്ടാനുള്ള നാട്ടില്‍ അഞ്ഞൂറ് രൂപക്ക് വേണ്ടി ഞാൻ കയറാത്ത വീടുകളില്ല കുരുമുളക് തെെ വില്‍ക്കാന്‍ ബെന്നിയുമായി പോയി [*]നഷ്ടം വന്നതിനാല്‍ ക്യാമറയുംപണയത്തിലായിരുന്നു...
കാര്യങ്ങൾ കെെവിട്ടു പോകുമെന്നായി ഞായറാഴ്ച പിരിവിന് പോയെങ്കിലും ഒന്നുരണ്ടു വീടുകളില്‍ നിന്ന്ന്നുമായി കുറച്ച് രൂപ കിട്ടി, തടിപ്പാലം വീണ്ടും വന്നു പുഴയിലേക്ക് വെറുതേ നോക്കി എന്റെ മനസുപോലെ ഗര്‍ത്തങ്ങളും ചുഴികളും അടിയൊഴുക്കും ഉണ്ടെങ്കിലും പുറമേ ശാന്തമായൊഴുകുന്നു....

അക്കരെ കുന്നുകയറുമ്പോള്‍ അലക്കിയ തുണിയുമായി ശാലിനിയും അമ്മയും മുന്നില്‍ മാസങ്ങള്‍ക്കിടയിലെ കൂടിക്കാഴ്ച ഒന്നും മിണ്ടാനായില്ലെങ്കിലും കണ്ടത് തന്നെ മഹാഭാഗ്യം എന്റെ മുഴുവൻ അവസ്ഥയും പറയണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ അവസരം കിട്ടിയില്ല വീട്ടില്‍ നിന്നിറങ്ങി കുറച്ച് നടന്നു അപ്പോള്‍ ആ പിന്‍വിളി കേട്ടു "ചേട്ടായീ..."എന്നെ കണ്ടതിലുള്ള സന്തോഷത്തില്‍ വിടര്‍ന്ന പുഞ്ചിരി മനസു നിറക്കുന്നതായിരുന്നു... "വയിരികില്‍ നിന്ന്ന്ന് സംസാരിച്ച് വെറുതെ ആള്‍ക്കാരെകൊണ്ട് പറയിക്കണ്ട മറ്റന്നാള്‍ വെെകിട്ട് ഞാൻ പുഴക്കടവില്‍ വരാം എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്... അതിനുശേഷം നമുക്ക്ക്കൊരു തീരുമാനമെടുക്കാം"
" ഞാൻ കാത്തിരിക്കും ,മറക്കല്ലേ" "ഇല്ല ഉറപ്പായും വരും"

ഞാൻ കുറച്ച് വീടുകളിലും പോയി തിരിച്ചു പോകുമ്പോള്‍ അവള്‍ ഒപ്പം വന്നു എന്റെ മനസ്സ് പങ്കായം നഷ്ടപ്പെട്ട തോണി പോലെ ഉലഞ്ഞാടിയിരുന്നു കണ്‍മറയുന്നത് വരെ അവള്‍ മ്ളാന വദനയായ് നോക്കി നിന്നു ഞാനും തിരിഞ്ഞു നോക്കി നോക്കി മണ്‍തിട്ടയിലൂടെ താഴേക്കിറങ്ങുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തൊരു നൊമ്പരം എന്നില്‍ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു...
വേഗം പുഴ കടക്കുന്നതിനിടയില്‍ ഒന്നുകൂടി തിരിഞ്ഞ് നോക്കി...
വെെകിട്ട് സാബു വന്നു "നാളെയൊരു ദിവസം കൂടി മറ്റന്നാള്‍ എന്റെ വാച്ച് തന്നില്ലെങ്കില്‍ എന്റെ തനി രൂപം കാണും"..എസ്‌റ്റേറ്റില്‍ ഞങ്ങള്‍ മൂവരും ഒത്തുകൂടി കാര്യങ്ങൾ ആലോചിച്ചു ബെന്നി പറഞ്ഞു "ഇബ്രായി തല്‍ക്കാലം നാട്ടില്‍ പോകുക കുറച്ച് പെെസയുമായി മടങ്ങി വരിക അപ്പോള്‍ സീസണുമാകും" "അത് ശരിയാ രണ്ട് മൂന്ന് മാസം ഇവിടെ അരപ്പട്ടിണിയില്‍ കഴിയുന്നതിലും ഭേദം അതാണ്"
"പക്ഷേ സാബു ടൗണിലെപ്പോഴും കാണും പോകുന്നത് അവനറിയരുത്..." "അപ്പോള്‍ എന്ന് " "കൂടുതൽ ആലോചിക്കാനില്ല നാളെത്തന്നെ" യാത്രക്കുള്ള എല്ലാ പ്ളാനും തയ്യാറാക്കി അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു മറ്റന്നാള്‍ വെെകിട്ടാണ് ശാലിനിയെ കാണേണ്ടത് അന്നാണ് സാബുവിന്റെ അവധിയും ഞാൻ വല്ലാതെ ടെന്‍ഷനിലായി..
ഞങ്ങള്‍ തമ്മിലെ യാത്ര പറയല്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടം നിറഞ്ഞതായിരുന്നു...

ഞാൻ നിധിപോലെ കെെയ്യില്‍ കെെയില്‍ കെട്ടിയിരുന്ന സീക്കോ ഫെെവ് ഗോള്‍ഡ് "ചേലച്ചുവട്ടി"ല്‍ പണയം വെച്ചു കിട്ടിയ മുന്നൂറ് രൂപ കൊണ്ട് പണയമിരുന്ന ക്യാമറ തിരിച്ചെടുത്തു, പിറ്റേന്നു അതിരാവിലെ ഞങ്ങള്‍ പറഞ്ഞുറപ്പിച്ച പ്രകാരം ബെന്നി ലഗ്ഗേജുമായ് റോഡിലൂടെ താഴേക്കും വെറും കയ്യുമായ് ഞാൻ മുകളിലേക്കും നടന്നു ഞൂഞ്ഞ് ടൗണില്‍ സാബുവുമായ് സംസാരിച്ച് നിന്നു (ആ ബസ്സില്‍ അവന്‍ കയറാതിരിക്കാന്‍) താഴേന്ന് ബസ് കിതച്ച് എന്റെ മുന്നില്‍ നിന്നു ബെന്നി ഇറങ്ങി ഞാന്‍ ആരും കാണുന്നതിനു മുന്നേ വേഗം ബസ്സില്‍ കയറി....
പറഞ്ഞതു പോലെ ഡോറിനു പിന്നിലെ സീറ്റിനടിയില്‍ പെട്ടി ഭദ്രം യാത്രക്കാരെ ആകെയൊന്നു നോക്കി പരിചയക്കാരുണ്ടാവല്ലേ ഭാഗ്യം ആരുമില്ല സീറ്റുകള്‍
കാലിയായിരുന്നു....
കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ഇടതു വശത്തെ സെെഡ്
സീറ്റിലിരുന്നു താഴെ പെരിയാർ പാറക്കെട്ടിനിടയിലൂടെ കുത്തിയൊഴുകുന്നു, കണ്ണുകള്‍ പിന്നിലേക്ക് പോയി വലിയ വളവുകളില്‍ പൊട്ടു പോലെ ആ തടിപ്പാലവും മറുകരയിലേക്ക് നീളുന്നു കാട് പിടിച്ചമാതിരിയുള്ള കുരുമുളക് തോട്ടവും അകലെകലെയായ് മറഞ്ഞു...അതിനുള്ളിലെ കൊച്ചു വീട്ടില്‍ എന്റെ ശാലിനി...നാളെ അവള്‍ പുഴക്കരയില്‍ വന്നു കാത്തു നില്‍ക്കും എന്നെക്കാണാഞ്ഞ് സങ്കടത്തില്‍ മടങ്ങും...പക്ഷേ അതൊരു അവസാന യാത്രയായിരുന്നെന്ന് ഞാൻ പോലുമറിഞ്ഞില്ല...
(തുടരും)

പലായനം 8

ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

പലായനം 6



ഒാണക്കച്ചവടം  
പ്രതീക്ഷിച്ചതു പോലെ വന്നില്ലെങ്കിലും വലിയ കുഴപ്പമുണ്ടായില്ല കിട്ടിയ പിരിവ് മൊത്തക്കച്ചവടക്കാര്‍ക്ക് കൊടുത്തു എങ്കിലും ഭീമമായൊയൊരു സംഖ്യ ഇനിയും കൊടുക്കാനുണ്ട് അതിന്റെ ഇരട്ടിയോളം കിട്ടാനുമുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസം... പുതുതായി ചരക്കെടുത്തില്ല ഒാണസദ്യ കഴിക്കാന്‍ പലരും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു ശാലിനിയുടെ വീട്ടിലും ക്ഷണമുണ്ടായിരുന്നു ആത്മസുഹൃത്തായ ബെന്നിയുടെ അമ്മ ആദ്യമേ വിളിച്ചിരുന്നതിനാല്‍ എല്ലാവരും കൂടി അങ്ങോട്ട് പോയി ചോറും കറീം കഞ്ഞീം കപ്പേം എല്ലാം കഴിഞ്ഞു രാത്രിയായി തോളൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഇരുട്ടില്‍ മലയിറങ്ങുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമുണ്ടായിരുന്നു, വെെകിട്ട് പായസം കുടിക്കാനെത്തുമെന്നു ശാലിനിയോടു പറഞ്ഞ കാര്യം മറന്നേ പോയി അന്നു രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ക്ഷമാപണം നടത്തിക്കൊണ്ടൊരു കത്ത് എഴുതി തുടങ്ങി എഴുതിയിട്ടൊന്നും ശരിയായില്ല പേപ്പര്‍ മാറിമാറി ശെരിയാകുന്നത് വരെയെഴുതി, പിറ്റേ ദിവസം ഞായറാഴ്ച ശാലിനിയുടെ വീടിന്റെ ഏരിയായിലേക്കാണ് പിരിവ് വഴിയില്‍ പല വീട്ടിലും ആളില്ല പലരും വിരുന്നു പോയിരിക്കുന്നു ഇന്ന് നേരത്തേ പുഴ കടന്നു ശാലിനി യുടെ വീടും കാലിയായിരുന്നു...
നല്ലൊരു പിരിവ് പ്രതീക്ഷിച്ചിരുന്നു പക്ഷേ വളരെ കുറവായിരുന്നു കിട്ടിയ തുമായ് റൂമിലെത്തി അന്ന് സിറ്റിയിലും ആളുകൾ കുറവായിരുന്നു,അടുത്ത ദിവസം ചതയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സിറ്റിയില്‍ വലിയ ഘോഷയാത്ര ഉണ്ടായിരുന്നു കടയുടെ വരാന്തയില്‍ ഞാൻ കാത്തു നിന്നു അവള്‍ ഒളികണ്ണിട്ടു നോക്കിയതല്ലാതെ ചിരിച്ചില്ല അന്ന് രാത്രിയിൽ ജനറേറ്റര്‍ വെച്ചു ടിവിയില്‍ വീഡിയോ കാസറ്റിട്ട് സിനിമാ പ്രദര്‍ശനം നടന്നു
അവിടെ ഉല്‍സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു "രാജാവിന്റെ മകനും" വേറെ
ഏതോ രണ്ടു സിനിമകളും ആള്‍ത്തിരക്കിനിടയില്‍ കണ്ണുകള്‍ പല തവണ കൂട്ടിമുട്ടിയപ്പോള്‍ അവള്‍ ഗോഷ്ടി കാട്ടിയെങ്കിലും അവസാനം ഒരു പുഞ്ചിരി വിടര്‍ന്നതോടെ ആ കത്ത് കൊടുക്കേണ്ടി വന്നില്ല സമ്മാനം കിട്ടിയതോടെ വീട്ടുകാരെല്ലാവരുമായി നല്ല അടുപ്പവുമായി.....
ഒരു ദിവസം കല്യാണ  ഫോട്ടോ എടുക്കാന്‍ "തോപ്രാംകുടി" യില്‍ പോയി വരും വഴി മുരിക്കാശ്ശേരിയിലെത്തി സ്കൂൾ വിടുന്ന സമയമായതിനാല്‍ ഒരു സിഗററ്റൊക്കെ വലിച്ച് അല്‍പം കാത്തു നിന്ന്ന്നു, കുട്ടികളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ ഞാൻ നടന്നു തുടങ്ങി അപ്പോഴാണ് "ചേട്ടായീ"ന്നൊരു വിളി പിന്നില്‍....

തൂവെള്ള നിറത്തില്‍ പന്തലിച്ചു നില്‍ക്കുന്ന കാപ്പിപ്പൂക്കളും ഏലത്തിന്റെ മാസ്മരഗന്ധമൂറിയ ഇളം കാറ്റിലാടുന്ന കാട്ടുപൂക്കളും നിറഞ്ഞ അടുക്കടുക്കായ് വര്‍ണ്ണവിസ്മയം ഒരുക്കിയ മഞ്ഞുമൂടിയ മലകളുടെ മടിത്തട്ട് കീറി മുറിച്ച ചെമ്മണ്‍ പാതയുടെ ഇരുവശങ്ങളിലായ് നടക്കവേ പ്രായത്തിനപ്പുറം പക്വത നിറഞ്ഞ വാക്കുകളില്‍ കുടുംബ പശ്ചാത്തലവും വിവാഹം
കഴിയാത്ത മൂന്ന് സഹോദരിമാരുടെയും  മിശ്ര വിവാഹിതരായ മാതാപിതാക്കളുടേയും ഒപ്പം ഇൗ കുഗ്രാമം വിട്ട് പട്ടണത്തില്‍ ജീവിക്കാനുള്ള ആഗ്രഹങ്ങളും വിഷയങ്ങളായി ഞാനും ചില തീരുമാനങ്ങള്‍ ആലോചിച്ചെങ്കിലും അധികം തുറന്നു പറഞ്ഞില്ല വീടെത്താറായപ്പോഴേക്കും മാനസികമായ വലിയൊരടുപ്പം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നിരുന്നു...

സമയം വെെകിയതിനാല്‍ വേഗം പുഴ കടന്നു, ഏകദേശം പന്ത്റണ്ട് കിലോമീറ്റർ നടന്നിട്ടുണ്ടാവും ക്ഷീണം കൊണ്ട് പെട്ടെന്നു ഉറങ്ങാന്‍ കിടന്നു അതിനിടയിലാണ് മായിന്‍ നാട്ടുകാരനാണെന്നും പറഞ്ഞ് കിടക്കാന്‍ കൂട്ടിക്കൊണ്ടു വന്നവന്‍ ഉള്ള പണവും പിരിവുബുക്കും വെച്ചിരുന്ന ബാഗു മായി പുലര്‍ച്ചെ കടന്നുകളഞ്ഞത് ‍[*].....
ഇതിനിടയിൽ ഒരു വലിയ ബോർഡ് എഴുതാന്‍ കിട്ടി ലോവര്‍ പെരിയാർ ഡാം പണി തുടങ്ങുന്ന സമയമായിരുന്നു അവിടെ വനത്തിനു നടുവിലുള്ള ഡാം സെെറ്റിലെ പാതയോരത്ത് "നിരോധിത മേഖല" എന്നും അതിന്റെ വിശദീകരണവും എഴുതി അതോടൊപ്പം അണക്കെട്ടില്‍ നിന്നും പവ്വര്‍ ഹൗസിലേക്ക് വെള്ളം കൊണ്ടു പോകുന്ന ഭൂമിക്കടിയിലൂടെയുള്ള വലിയ ഭീമാകാരനായ തുരങ്കത്തിലൂടെ ഏകദേശം നാല് കിലോമീറ്റർ ഉള്ളിലേക്കു നടന്നു കാണാൻ പോയത് വലിയൊരനുഭവമായിരുന്നു....
ദിവസങ്ങള്‍ പെട്ടെന്ന് കൊഴിഞ്ഞു വീണു ഒരു രാത്രി ശക്തമായൊരു ഇടിമിന്നലിനകമ്പടിയോടെ മഴയെത്തി പൂഴിമണ്ണില്‍ പുതുവെള്ളം വീണ് നനഞ്ഞപ്പോഴുണ്ടായ മണ്ണിന്റെ ഗന്ധത്തോടൊപ്പം ഞങ്ങളുടെ മനസ്സിലും ഹമീദ്ക്ക പറഞ്ഞ വാക്കുകള്‍ അറം പറ്റിയതു പോലെ മുഴങ്ങിക്കേട്ടു...

പെട്ടന്നായിരുന്നു ആ മാററം തുടര്‍ച്ചയായി രാവും പകലും ശക്തമായ കാറ്റിലും മഴയിലും തണുപ്പിലും ക്രമേണ എല്ലാം നിശ്ചലമായി..പകല്‍ കട തുറക്കാതെ വെെകിട്ട് മാത്രം അല്പം തുറക്കും തിരക്കുണ്ടായിരുന്ന സിററിയില്‍ മരണ വീടിന്‍റെ മൂകത തോടുകളും പുഴകളും കര കവിഞ്ഞൊഴുകിയതോടെ പിരിവിനു പോക്കും മുടങ്ങി ആളുകൾ കടം വാങ്ങാനായി നെട്ടോട്ടത്തിലാണ് വാച്ച്,റേഡിയോ, കട്ടില്‍,ടോര്‍ച്ച് എന്തിന് കുട പോലും പണയം വെക്കാനായി ഒാടി നടക്കുന്നവര്‍ വീടുകളിൽ പെെസക്കു പോകുമ്പോൾ ജോലിയില്ലാത്തതിന്‍റെ പട്ടിണിയുടെ ദാരിദ്ര്യത്തിന്‍റെ രോഗങ്ങളുടെ കഥകൾ മാത്രമേ കേള്‍ക്കാനുള്ളൂ....
ഇതിനിടയിൽ പണം ചോദിക്കാന്‍ പോലുമാകാതെ മടങ്ങി, ആത്മഹത്യ,അവിഹിത ബന്ധം, തല്ല് കത്തിക്കുത്ത്,ബന്ധം പിരിയല്‍ ഇങ്ങിനെ പലതും മറ്റൊരു വഴിക്ക്,
പല വീട്ടിലെയും ബുദ്ധി മുട്ട് കണ്ട് അങ്ങോട്ട് പണം കൊടുത്തു, വരവി‍ല്ല ചിലവു മാത്രം ചരക്ക് കടം തന്ന കടക്കാരുടെ അടുത്തേക്കും വീട്ടിലേക്കും പോയിട്ട് ആഴ്ചള്‍ പലത് കഴിഞ്ഞു ചിലര്‍ നാട്ടിലെ വീട്ടിലന്വേഷിച്ചു പോയി ഭീക്ഷണിപ്പെടുത്തി അവര്‍ക്കും ഒരറിവുമില്ല മൊബൈൽ കേരള ത്തില് തന്നെ‍ വന്നിട്ടില്ല ഭാഗ്യം ഇവിടെ പോസ്റ്റോഫീസിലും ഒരു കടയിലും മാത്രമേ ഫോൺ കണ്ടിട്ടുള്ളൂ...
കലങ്ങി മറിഞ്ഞ് കര കവിഞ്ഞൊഴുകുന്ന പെരിയാറിന്റെ ഇക്കരെ തുടിക്കുന്ന ഹൃദയവുമായ് മറുകര നോക്കി പലവട്ടം തിരികെ പോയി...

മഴ വീണ്ടും തിമിര്‍ത്തു ചെയ്തു വലിയ മഴക്കിടയില്‍ നൂലുപോലെ തുടര്‍ച്ചയായ് പെയ്യു
ന്ന മഴയില്‍ റോഡുകളിലെല്ലാം പായലും വഴുക്കലും നിറഞ്ഞു മലമ്പാതകളിലെ വീടുകളിലേക്ക് കയറാനോ കയറിയാല്‍ ഇറങ്ങാനോ കഴിയാതായ് മൂന്ന് പേരുടെ ചിലവിനുള്ള പണം പോലും കിട്ടാതായി മായിന്‍ സീസണാകുമ്പോള്‍ വരാമെന്നു പറഞ്ഞു പടിയിറങ്ങി,അബുവും ഞാനും കുറച്ച് കൂടി പിടിച്ച് നിന്നു തല്‍ക്കാലം കുറച്ചു കാശുണ്ടെങ്കില്‍ അത് പാര്‍ട്ടികള്‍ക്ക് കൊടുത്തു അവധി ചോദിക്കാമായിരുന്നു...
അവസാനം എന്തെങ്കിലും വഴി നോക്കാമെന്നു പറഞ്ഞ് അബുവും പോയി, ഇനി ഞാൻ മാത്രം എനിക്ക് പോകാനാവില്ല കാരണം കടമെടുത്തവരേക്കാളും പ്രയാസം നേരിടേണ്ടി വരിക എവിടെയും ജാമ്യം നിന്നവനാണല്ലോ...കൊച്ചിയിലെജീവിതത്തില്‍ പട്ടിണിയെ മാത്രമേ നേരിടേണ്ടി വന്നുള്ളൂ എങ്കില്‍ ഇവിടെ ചിന്തിക്കാന്‍ പോലും കഴിയാത്തൊരു തുക കടക്കാരനായി ഇടിയും മിന്നലും പേമാരിയും ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും ഇഴജന്തുക്കളും ഭീക്ഷണിയുയര്‍ത്തുന്ന ഒാലമറച്ച ഒട്ടും സുരക്ഷിത്വമല്ലാത്ത മുറിയിൽ മനസുരുകി കണ്ണീര്‍ വാര്‍ത്ത്
അടുത്ത സീസണു വേണ്ടി
ഞാൻ കാത്തിരുന്നു....
(തുടരും)

പലായനം 7

ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

പലായനം 5



പെരിയാറിലെ പാറക്കെട്ടുകള്‍ക്കിടയില തടികള്‍ ചേർത്തിട്ട പാലത്തിലൂടെ സര്‍ക്കസ്ക്കസ് കാരന്‍റെ ഞാണിന്‍മേല്‍ കളി പോലെ നടന്ന് അക്കരെ കുന്നിന്‍ മുകളിലെ വിശാലമായ കുരുമുളക് തോട്ടത്തിലൂടെ കയറുമ്പോള്‍ പഴയൊരു ഒാടിട്ട വീട് നടന്നു മടുത്തു വന്ന ഞങ്ങള്‍
അല്‍പസമയം വരാന്തയിലിരുന്നു അവർ കുറച്ച് തുണികള്‍ വാങ്ങി പിന്നെ ഫോട്ടോ എടുക്കും എന്ന കാര്യം പറഞ്ഞപ്പോള്‍ ഇളയ മകന്റെയും മകളുടേയും പടമെടുക്കാന്‍ പറഞ്ഞു അങ്ങിനെയാണ് ഞാൻ അവളെ ആദ്യമായ് കണ്ടത്...

ആ സമയം കൂട്ടുകാര്‍ പോയിരുന്നു അവരോടൊപ്പമെത്താന്‍ വേഗത്തില്‍ നടക്കുന്നതിനിടയിലാണ്പിന്നില്‍ നിന്നൊരു വിളി കേട്ടത് "ചേട്ടായീ" അവളായിരുന്നു "എന്തേ" "
ഫോട്ടോ എന്നാ കിട്ടുന്നെ" "അടുത്ത ഞായറാഴ്ച" എന്താ പേര്
"ശാലിനി"എവിടാ പഠിക്കുന്നെ" "മുരിക്കാശ്ശേരീലാ" ഞാമ്പോവാണേ" ചിരിച്ചുകൊണ്ട് വേഗത്തില്‍ അവള്‍ മലഞ്ചരുവിലൂടെ അതിവേഗം പോകുന്നത് നോക്കിനിന്നു, പതിവായി ചോറുണ്ണുന്ന കടയില്‍ കൂട്ടുകാര്‍ എന്നെ കാത്തു നിന്നിരുന്നു.."അബൂ എങ്ങനുണ്ടിന്ന് " "കുഴപ്പമില്ല കൊറച്ചൂടെ മോഡല്‍ സാരി വേണം പലരും ചോദിക്കുന്നുണ്ട് " "ഇൗയാഴ്ചത്തെ കളക്ഷന്‍ കൊണ്ട് സാരിയെടുക്കാം" ഹോള്‍സെയിലുകാര്‍ക്ക് പെെസകൊടുക്കാതെ സാരിയെടുത്തു ശരിക്കും വിലക്കുറവില്‍ ഏറ്റുമാനൂരില്‍ നിന്നും നല്ല സാരികള്‍ കിട്ടി അതുകൊണ്ട് തന്നെ കുറഞ്ഞ വിലക്ക് ചൂടപ്പം വിറ്റുപോയി...
ഫോട്ടോയുടെ പ്രിന്‍റ് വന്നു ഒരുപാട് പടം കൊടുക്കാനുള്ളതിനാല്‍ ഒറ്റക്കാണ് പോയത് ഒാരോ വീട്ടിലേയും കോപ്പി കൊടുത്ത് അവസാനം പുഴ കടന്ന് കയറ്റം കയറി ശാലിനിയുടെ വീട്ടിലേക്കുള്ള വഴിയരികിലെ കുരുമുളക് തോട്ടത്തില്‍ അണപ്പ് മാറ്റാനായി നിന്നു പെരിയാറിന്റെ വന്യമായ വിദൂര ദൃശ്യം ദൂരെ ഒരു വല്യ വെള്ളച്ചാട്ടവും.....
ഒരു പടമെടുത്തു തിരിഞ്ഞു നോക്കിയപ്പോള്‍
വാര്‍ദ്ധക്യത്തിലേക്ക് കടന്നൊരാള്‍ മുളയേണിയില്‍ കയറി മുളക് പറിക്കുന്നത് കണ്ടു
 "നിങ്ങളല്ലേ കഴിഞ്ഞാഴ്ച മക്കളുടെ ഫോട്ടോ എടുത്തത് " 
"അതേ" 
ഇന്നു ഞങ്ങളുടെ ഒരു കുടുംബ ഫോട്ടോ എടുക്കണം വീട്ടിലേക്കു നടന്നോ ഇപ്പ വരാം" അവിടെയെത്തി എല്ലാവരും റെഡിയാകുന്നതിനിടയില്‍ അദ്ദേഹമെത്തി വിശേഷങ്ങൾ പറഞ്ഞിരുന്നു, "എങ്ങിനൊണ്ട് ഇത്തവണ മുളക്"..."ഇൗ വര്‍ഷം നല്ല വിളവാണ് നല്ല വിലയും പക്ഷേ നമുക്കെന്ത് പ്രയോചനം" അയാളുടെ മുഖത്ത് നിരാശ പടര്‍ന്നു "പിന്നെന്താ പ്രശ്നം ഇത്തവണ നല്ല വിളവല്ലേ" കഴിഞ്ഞ കൊല്ലം ഭാര്യക്കു സുഖമില്ലാതായപ്പം പെെസക്കൊരുപാടോടി എങ്ങും കിട്ടിയില്ല പതിവായി മുളക് കൊടുത്തിരുന്ന വര്‍ക്കിച്ചായനോട് കാലു പിടിച്ച് ചോദിച്ചു അവസാനം അയാള് പറഞ്ഞു " ഇരുപത്തയ്യായിരം തരാം ഇത്തവണത്തെ വിളവ് മൊത്തം എനിക്ക്" സമ്മതമാണേല്‍ കാശിപ്പത്തരാം,ഗത്യന്തരമില്ലാതെ അത് വാങ്ങി ഇക്കൊല്ലം ഒരു ലക്ഷത്തിനുമേല്‍ വിളവുണ്ട് രണ്ട് മക്കളെ വിവാഹം കഴിപ്പിച്ചിറക്കി വിടാമായിരുന്നു....
പക്ഷേ വിധിച്ചിട്ടില്ല ഇതിപ്പം പറിച്ചു കൊടുക്കുന്നതിന് ദിവസക്കൂലി കിട്ടും...അറുപത് രൂപാ...എന്‍റെ മനസ്സ് വല്ലാതെ നൊന്തു എവിടെയും ഷെെലോക്കുമാരാണ് നാട്ടിലും നഗരത്തിലും...ആ ദെെന്യത എന്‍റെ മനസ്സിനെ കുത്തി നോവിച്ചു ഇവിടെ മിക്കവരും മൊതലാളീന്നാ ഞങ്ങളെ വിളിക്കാറ് സത്യത്തില്‍ ഞങ്ങളും ഷെെലോക്കുമാരുടെ ഇരകളല്ലേ മില്ലുകളില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തുണികള്‍ക്ക്
കടമായതിനാല്‍ ഇരട്ടി വിലവാങ്ങി ഞങ്ങള്‍ക്കു ഹോള്‍സെയിലുകാര് തരും ഞങ്ങളത് വീണ്ടും വില കൂട്ടി വില്‍ക്കും, കെെയില് കാശില്ലാത്തോര്‍ക്ക് ഇതൊക്കെ
തന്നെെയേ വഴിയുള്ളൂ
എല്ലാവരും ഒരുങ്ങിത്തയ്യാറായി വന്നു പുത്തനുടുപ്പിട്ട് അവളുമെത്തി കെെകൊണ്ട് ഞാൻ ആംഗ്യം കാട്ടി "കൊള്ളാം" ശരിക്കും ഗ്രാമവിശുദ്ധിയുടെ നിഷ്ക്കളങ്കമായൊരു ചിരിയോടെ "പഴയതാ കഴിഞ്ഞ ഒാണത്തിന് തോപ്രംകുടിയില്‍ പോയി വാങ്ങിയതാ"ഫോട്ടോ എടുത്തു
മടങ്ങി സിറ്റിയിലെത്തുമ്പോള്‍
ശമേലുകുട്ടിച്ചേട്ടന്‍ നാലു കാലില്‍ തെറിയുടെ പൂരം നടത്തുന്നു ഇടക്ക് മീശപിരിക്കും ആഞ്ഞു തുപ്പും ഇത് പതിവ് കാഴ്ച്ചകളിലൊന്നാണ്
ഇദ്ദേഹം പഴയൊരു റൗഡിയാ പേരുകേട്ടാല്‍ നാടു വിറക്കുമായിരുന്നു ആരോ ഒരിക്കല്‍ തോട്ടിയില്‍ അരിവാളു കെട്ടി നെഞ്ചത്തൊരു വലി ഭാഗ്യത്തിനു വയറ്റിലാ കൊണ്ടത് പുറത്ത് വന്ന കൊടലും പണ്ടോം
വാരി വയറ്റിലേക്കിട്ടു കെെപൊത്തിപ്പിടിച്ച് കുത്തിയവനെ എറിഞ്ഞു വീഴ്ത്തീട്ടാ ആശുപത്രീ പോയത്.....
അവിടെ ഡോക്ടർ പഠിച്ച പണി പതിനെട്ടും പയറ്റീട്ടും കൊടലും പണ്ടോം വയറ്റില് കൊള്ളൂല അവസാനം എങ്ങനൊക്കെയോ തുന്നിക്കെട്ടി പക്ഷേ കുറച്ച് ഭാഗം പുറത്തേക്ക് തള്ളി തൂങ്ങി ക്കിടപ്പുണ്ട് ശ്വാസം വിടാതെ നീട്ടിത്തെറി പറയുമ്പം അത് വീര്‍ത്ത് വരും എനിക്കയാളെ വല്ലാതെ പേടിയാ ഞാൻ ഒളിച്ചും പാത്തും അയാളെ മറികടന്ന് റൂമിലെത്തുമ്പോള്‍ നാട്ടുകാരനായ പാത്രക്കച്ചവടക്കാരന്‍ ഹമീദിക്കാ മുറിയില്‍ ഉണ്ട്
"ഇനി കഷ്ടിച്ച് ഒന്നര മാസം കൂടിയേ സീസണുള്ളൂ പിന്നെ മഴ തുടങ്ങും അതുകഴിഞ്ഞാല്‍ പിന്നെ അഞ്ചു മാസത്തേക്ക് എല്ലാം നില്‍ക്കും വറുതി യുടെ നാളുകളാ പരമാവധി പണം അതിനു മുമ്പ് പിരിച്ചെടുത്ത് പൊക്കോണം" ഞങ്ങള്‍ പരസ്പരമൊന്നു നോക്കി...
എല്ലാവരുടേയും മുഖത്തൊരു കരിനിഴല്‍ വീണു,

ദിവസങ്ങള്‍ പെട്ടന്ന് കൊഴിഞ്ഞു വീണു ശാലിനിയുടെ വീട്ടില്‍ പിരിവിനു പോകുമ്പോള്‍ എന്‍റെ ഹാന്‍റ് ബാഗിലെ ഫോട്ടോസ് പലതും അവള്‍ നോക്കും ചിലപ്പോള്‍ അറിയാതെ ചില ഭാവങ്ങള്‍ ക്യാമറയിലാക്കും പ്രിന്‍ററ് കണ്ട് എന്നെ കൊഞ്ഞനം കാട്ടും അല്ലെങ്കില്‍ ഒത്തിരിയിഷ്ടപ്പെട്ട പടം കൊണ്ടുപോയി ക്ളാസില്‍ കാണിക്കും ആ ബന്ധം ദൃഡമാകുകയായിരുന്നു... കച്ചവടത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതിനാല്‍ ഹമീദിക്ക പറഞ്ഞതൊക്കെ ഞങ്ങള്‍ മറന്നു കിട്ടാനുള്ളതും കൊടുക്കാനുള്ളതും ഒരുപാട് വര്‍ദ്ധിച്ചത് ഒാര്‍മ്മയില്‍ പോലും വന്നില്ല...ഒരിക്കല്‍ എനിക്ക് തന്ന കത്തിലെ അക്ഷരത്തെറ്റിനു തമാശയായി കുറച്ചധികം കളിയാക്കിയതില്‍ ശാലിനി എന്നോട് പിണങ്ങി പിണക്കമെന്നാല്‍ കടുത്ത പിണക്കം കാണലില്ല, മിണ്ടലില്ല ...
അങ്ങിനെ ചിങ്ങമാസം വരവായ് എങ്ങും ഒാണത്തിനായുള്ള ഒരുക്കങ്ങള്‍ ഞങ്ങളും ഒാണക്കച്ചവടത്തിനായ് ചിട്ടി പിടിക്കലും പര്‍ച്ചേയ്സും ഒാട്ടവും ഒരു വെെകുന്നേരം വഴിയിൽ ശാലിനി യുടെ അമ്മയെ കണ്ടു "അവള് പള്ളിയിലെ അത്തപ്പൂക്കള മല്‍സരത്തിനു പങ്കെടുക്കുന്നുണ്ട് ഞായറാഴ്ച രാവിലെ ഒരു പടം വരച്ചു കൊടുക്കാനവള് പറഞ്ഞു...വരില്ലേ" "വരാം" ഞായറാഴ്ച രാവിലെ ക്യാമറയുമായി പള്ളിയിലെത്തി വിശാലമായ വരാന്തയില്‍ പലതരം പൂക്കള ഡിസെെന്‍ വരച്ചിരിക്കുന്നു, കുരിശിന്റെ ഇരുവശത്തും രണ്ട് പ്രാവുകളുടെ ചിത്രം ചോക്കു കൊണ്ട് വരച്ചു കൊടുത്തിട്ട് ഫോട്ടോ എടുക്കാനായി ഞാൻ നടന്നു അവള്‍ എന്നോട് കാര്യമായ മെെന്‍റൊന്നും കാണിച്ചില്ല...

ഉള്ളിലെവിഷമമടക്കി ഞാനും പിടിച്ചു നിന്നു,അപ്പോഴാണ് ആ അനൗണ്‍സ്മെന്‍റ് അത്തപ്പൂക്കള മല്‍സരം ഒന്നാം സമ്മാനം ശാലിനി.... ഞാൻ സ്റ്റേജിനു മുന്നിലെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞു നിരാശനായ് തിരികെ നടക്കുമ്പോള്‍ ആ വിളി കേട്ടു "ചേട്ടായീ..." തിരിഞ്ഞു നോക്കുമ്പോള്‍ കോടമഞ്ഞു പുതച്ച മലഞ്ചരുവിലെ ഒാലമേഞ്ഞ പള്ളിമുറ്റത്ത് ട്രോഫിയുമായി അവള്‍ സ്ഫടികത്തുള്ളികള്‍ ഇറ്റിത്തിളങ്ങിയ മിഴികളിലെ നിഷ്ക്കളങ്കത നോക്കി പുഞ്ചിരിച്ചു ഞാന്‍ നിന്നു,...
(തുടരും)

പലായനം 6