Wednesday, 18 January 2017

പലായനം 8


വളവും തിരിവുമുള്ള വഴികളിലൂടെ ബസ്സ് അതിവേഗം പാഞ്ഞു 'ചെറുതോണി' കഴിഞ്ഞ് വനമായതിനാല്‍ ആളുകൾ ഇറങ്ങാനും കയറാനുമില്ലായിരുന്നു...മഞ്ഞു വീണ വഴിയോര പുലരിക്കാഴ്ചകള്‍ക്ക് മനോഹാരിത കൂടുതലുണ്ടായിരുന്നെങ്കിലുംആസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു, വീട്ടിലേക്കുള്ള യാത്ര 
യില്‍ എന്നെ കാത്തിരിക്കുന്നത് നല്ല വാർത്തകളൊന്നുമല്ല‍ കടിച്ചു കുടയാന്‍ തയ്യാറായി നില്‍ക്കുന്ന ഒരുപറ്റം ആളുകളുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലേണ്ടി വരിക അതത്ര നിസ്സാരമായ ഒന്നല്ല അതും അവര്‍ വീടിന്റെ ആധാരം പണയമായി ആവശ്യപ്പെടുന്ന വാര്‍ത്തയും കേട്ടിരുന്നു... സൂക്ഷ്മതയോടെ പതിറ്റാണ്ടുകള്‍ കച്ചവടം ചെയ്ത വപ്പയുടെ മകന്‍ വീട് വിറ്റാല്‍ കൂടി തീരാത്ത കടക്കാരനായി നാട്ടുകാരുടെ തല്ലും കൊണ്ട് തെറിയും കേട്ട് തലകുനിച്ച് നില്‍കുന്ന വാര്‍ത്ത വാപ്പ ഒരുപക്ഷേ അറിയാനിടയായാല്‍ എനിക്കെന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി...
വനത്തിനു നടുവിലെ
ചെറിയ തടാകത്തില്‍ കുട്ടിയാനയുള്‍പ്പെടെയുള്ള ആനക്കൂട്ടം വെള്ളം കുടിക്കുകയും പരസ്പരം തുമ്പിക്കെെയില്‍ വെള്ളമെടുത്ത് ചീറ്റിച്ചു കളിക്കുകയും ചെയ്യുന്ന അപൂർവ്വ ദൃശ്യങ്ങൾ,
ഇൗ വഴിയിൽ പലപ്പോഴും ആനയെ കണ്ടിട്ടുണ്ടെങ്കിലും ചെളിമണ്ണിന്റെ നിറമായിരുന്നു ഇന്ന് നാട്ടാനയുടെ നിറത്തില്‍ നല്ല കാഴ്ച ക്യാമറയില്‍ ഫിലിമില്ല സാധാരണ ഫിലിം ലോഡ് ചെയ്തു മാത്രമേ ഇൗ വഴി വരാറുള്ളൂ വണ്ടി സ്ലോ ചെയ്തതിനാല്‍ നന്നായി കാഴ്ച കണ്ടു...
കുളമാവ് ഡാമിനു
മുകളിൽ നിന്നുള്ള
ഇടുക്കി ജലാശയത്തിന്റെ കാഴ്ച നീലക്കടലു പോലെ വെള്ളം നിറഞ്ഞു കിടക്കുന്നു നടുക്ക് ചെറിയ
ചെറിയ പച്ചത്തുരുത്തുകള്‍,
മൂലമറ്റം ഹെയർ പിന്‍ വളവ് ഇറങ്ങാന്‍ തുടങ്ങി യപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം തിരിച്ചറിഞ്ഞു തണുപ്പ് കുറഞ്ഞു, നാടിന്റെ കാഴ്ചകൾ ഒാര്‍മ്മകളില്‍ ഭയം അരിച്ചു കയറാൻ തുടങ്ങി...
ഇന്ന് സിനിമാക്കാരുടെ
ഇഷ്ട ലൊക്കേഷനായ കാഞ്ഞാറും, കുടയത്തൂരും, മലങ്കര
ജലാശയവും വേഗം പിന്നിട്ടു തൊടുപുഴയിലെത്തി,ബസ്സില്‍ നിന്നിറങ്ങി ഭക്ഷണം കഴിച്ചു ഇനി അടുത്തത് ഇൗരാറ്റുപേട്ട ബസ്സ് കിട്ടണം പക്ഷേ ഇൗ പകല്‍ നാട്ടിലിറങ്ങുമ്പോള്‍ ആരെങ്കിലും കണ്ടാല്‍? ആളൊഴിഞ്ഞ ഭാഗത്തിരുന്ന് കുറേ ആലോചിച്ചു നാടുവിട്ടെവിടേക്കെങ്കിലും പോകണോ...?
അതോ ജീവിതം തന്നെ അവസാനിപ്പിക്കണോ? ഒരെത്തും പിടിയുമില്ല, പെട്ടി ഹോട്ടലിലെ മേശക്കടിയില്‍ വെച്ചു ക്യാമറ മാത്രം കവറിലെടുത്തു ടൗണിലൂടെ കുറേ നടന്നു,


സമയം പതിനൊന്നാകുന്നു
ഹോട്ടലില്‍ തിരിച്ചെത്തി ബാഗെടുത്തു സ്റ്റാൻഡിലെത്തി, രാത്രിയില് വീട്ടിലെത്തിയാല്‍ മതി സമയം പോകാനൊരു വഴിയുമില്ല,അപ്പോഴാണ് എറണാകുളം ബസ്സ് തൊട്ടു മുന്നില്‍ മറുത്തൊന്നുമാലോചിച്ചില്ല കയറി, വണ്ടി ദൂരം താണ്ടുന്തോറും എനിക്കൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നതു പോലെ മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി ഒരു മണിയോടെ കലൂരിലെത്തി അവിടുന്ന് പഴയ തട്ടകമായ ഷിപ്പ്യാര്‍ഡ് സ്റ്റോപ്പിലിറങ്ങി ദാമോദരൻ ചേട്ടന്റെ മുറുക്കാന്‍ കടയില്‍ ബാഗും വെച്ച് ഒരന്വേഷണം നടത്തി പഴയ ആളുകളെല്ലാം വഴിപിരിഞ്ഞു എവിടൊക്കെയോ പോയി മറഞ്ഞിരിക്കുന്നു...
ദാസിനെ കാണാനായി ഒരുപാടലഞ്ഞു, കാരണം ഒരു ജോലി തന്ന് അവന് എന്നെ സഹായിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു, പക്ഷേ എല്ലാം വിഫലം കെെയില്‍ നാട്ടിലെത്താനുള്ള ബസ്സ്കാശ് മാത്രമേ മിച്ചമുള്ളൂ രാത്രി തങ്ങാനൊരു ഇടവുമില്ല, 


അഞ്ചു മണിക്ക് തിരിച്ച് കോട്ടയം ബസ്സില്‍
കയറി എട്ട് മണിയോടെ വീട്ടില്‍ വന്നു കയറുമ്പോള്‍ ഉണ്ടായ വികാരം ഇവിടെ എഴുതാനക്ഷരങ്ങള്‍ മതിയാവില്ല...
ചൂട് ചോറും കറികളും
കപ്പയും മീനും കൊതിയോടെ കഴിച്ചു, വാപ്പയും ഉമ്മയും എന്നെ വരവേറ്റത് ഗള്‍ഫുകാരന്റെ മടങ്ങി വരവ് പോലെയായിരുന്നു
വായിക്കാന്‍ ഇഷ്ടം പോലെ പുസ്തകങ്ങൾ പിറ്റേ ദിവസം ഉച്ചകഴിഞ്ഞതോടെ മനസ്സ് കെെപ്പിടിയില്‍ നില്‍ക്കാതെ പെരിയാറിലെ തടിപ്പാലം കടന്നു മറുകരയില്‍ കാത്തു നില്‍ക്കുന്ന ചിരിച്ച മുഖക്കാരിയുടെ രൂപം കണ്ണിലും മനസിലും മായാതെ നിന്നു, ഒരുപാട് പ്രതീക്ഷയോടെ കാത്ത് നിന്നു നിരാശയോടെ മടങ്ങുമോ അതോ വല്ല അവിവേകവും...

പിറ്റേ ദിവസം പത്രത്താളുകള്‍ ആധിയോടെ മറിച്ചു നോക്കി,
ഇല്ല ശാലിനി എന്ന പേരില്ല താല്‍ക്കാലികാശ്വാസം...കുറച്ച് ദിവസം പുറത്തിറങ്ങിയതേയില്ല, അയല്‍ക്കാരുപോലും ഞാൻ വീട്ടിലുള്ള വിവരം അറിഞ്ഞില്ല, ഉറ്റ ചങ്ങാതി ഷെരീഫിനെ വീട്ടിലേക്ക് വിളിപ്പിച്ചു വര്‍ത്തമാനം പറഞ്ഞിരിക്കും പിന്നീട് അവനുമായ് സെെക്കിളില്‍ കുറച്ചകലെയുള്ള 'ഇൗലക്കയ'ത്ത് കുളിക്കാന്‍ പോയിത്തുടങ്ങി റോഡിനു താഴെയുള്ള വൃക്ഷങ്ങൾ തണല്‍ വിരിച്ച മണല്‍പ്പരപ്പില്‍ മണിക്കൂറുകളിരിക്കും സന്ധ്യയോടെ കുളിയും കഴിഞ്ഞു മടങ്ങും അവിടം പിന്നീടൊരു സുരക്ഷിത താവളമായി...
വെെകാതെെെ മനസ്സില്‍ വല്ലാത്ത മരവിപ്പ് തുടങ്ങി ഇൗ അജ്ഞാതവാസം വല്ലാതെ ശ്വാസം മുട്ടിക്കുന്നു...കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ ടൗണിലേക്കിറങ്ങണം ഇങ്ങിനെ ജീവിക്കുന്നതില്‍ ഭേദം അതാണ് ചില സമയങ്ങളില്‍ മനസ്സ് പിടിച്ചാല്‍ കിട്ടാതായി,വീട്ടുകാരെയും സാമ്പത്തികാവസ്ഥയും ഒാര്‍ക്കുമ്പോള്‍ നാടുവിടാനുമാവുന്നില്ല മൂന്നാഴ്ചയോളമാകുന്നു നാട്ടിലെത്തിയിട്ട്, കളിച്ചു വളര്‍ന്ന നാടും ഏറെ പ്രിയപ്പെട്ട കൂട്ടുകാരേയും പഴയ ഒാഫീസും പരിസരവും ഒക്കെ കാണാൻ മനസ്സ് തുടിച്ചു, അപ്പോഴെല്ലാം അഭിമാനം മുറിപ്പെടുന്നതും ടൗണില്‍ വെച്ചുണ്ടാകാവുന്ന സീനുകളുമോര്‍ത്ത് എല്ലാം അടക്കി വെച്ചു...

അനാവശ്യമായി ഒട്ടും
പണം ചിലവഴിച്ചിട്ടില്ല ബിസിനസ്സ് വലുതാക്കാന്‍ കഠിന പ്രയത്നം
ചെയ്തു പക്ഷേ ഹെെറേഞ്ചിന്റെ കാലാവസ്ഥയും അതിരു കടന്ന ആത്മവിശ്വാസവുമാണ് ചതിച്ചത്,പക്ഷേ അടുത്ത സീസണ്‍ വരെ സാവകാശം കിട്ടിയാല്‍ എല്ലാ ഇടപാടുകളും തീര്‍ക്കാനാവും പക്ഷേ അത് ചെവിക്കൊള്ളാന്‍ അവർ തയ്യാറാകുമോ...? പലവട്ടം ഇൗ ചോദ്യങ്ങൾ മനസ്സിലുരുവിട്ടു,
മനസ്സ് ഒരുതരം
കരിങ്കല്ലു പോലായ ഒരു വെെകുന്നേരം എന്തൊക്കെയോ തീരുമാനിച്ചുറച്ചതു പോലെ കുളിച്ച് നല്ല ഡ്റസ്സൊക്കെയിട്ടു കിരീടത്തിലെ സേതുമാധവൻ സ്റ്റെെലില്‍ ടൗണിലേക്കു നടന്നു...
ഹോള്‍സെയിലു കാരുടെ താവളത്തിലെത്തി കണ്ടവരോടൊക്ക കൃത്രിമ ചിരിയോടെ ഇടിച്ചു കയറി വിശേഷങ്ങൾ തിരക്കി
നടന്നു,രണ്ടാം നിലയില്‍ നിന്നും ചിലര്‍ ശ്രദ്ധിച്ചു തുടങ്ങി, പെട്ടന്ന് പിന്നിലൂടെ തോളില്‍ ഒരു കെെ വീണു തിരിഞ്ഞു നോക്കിയതും അയാൾ ഷര്‍ട്ടില്‍ പിടിത്തമിട്ടു..."കെെയ്യടുക്ക്" ഞാൻ അലറി, അയാൾ വേഗം കെെയ്യെടുത്തു എന്നെ മുകളിലെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒന്നര മണിക്കൂറോളം അവിടെ തടവിൽ ഇരുത്തി ഇതിനിടയില്‍ ഞാൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു പക്ഷേ 'എലി എത്ര കരഞ്ഞാലും പൂച്ചക്ക് ദയ വരില്ലന്നു മാത്രല്ല രസം കൂടുകയും ചെയ്യും' അയാളടുക്കുന്ന മട്ടില്ല ആരെങ്കിലും കാശിനുത്തരവാദിത്വമേറ്റാല്‍വിടാം ഇതാണ് ആളുടെ നിലപാട്, താഴേക്ക് നോക്കുമ്പോള്‍ കാശുകൊടുക്കാനുള്ള ബാക്കിയുള്ളവര്‍ ഇര കൂട്ടില്‍ വീണ വേട്ടക്കാരനെപ്പോലെ അക്ഷമരായി കാത്തു നില്‍ക്കുന്നു...തല്‍ക്കാലം ഇൗ ബന്ധനം ഒരു സുരക്ഷയായെനിക്കു തോന്നി...
വിശപ്പ് കൂടിയപ്പോള്‍ പലവട്ടം ഞാൻ വയലന്റായി അവിടെ റോളായിരുന്ന കുറേ തുണികള്‍ കത്രിക കൊണ്ട് തലങ്ങും വിലങ്ങും മുറിച്ചു നശിപ്പിച്ചു, അവസാനം അയാളയഞ്ഞു...ഒരക്ഷരം പോലും പറയാതെ എന്നെ "മോചിപ്പിച്ചു" അപ്പോള്‍ എന്തെന്നില്ലാത്ത ധെെര്യം എനിക്കനുഭവപ്പെട്ടു, താഴെയിറങ്ങി എല്ലാവരോടുമായി ഞാനൊരു പ്രഖ്യാപനം നടത്തി "നിങ്ങളുടെയെല്ലാം കടം വീട്ടാന്‍ കുറച്ച് സമയം തരണം, സീസണ്‍ വരെ ഞാൻ ഇവിടെയുണ്ട്ണ്ടാകും ജോലിചെയ്തു കിട്ടുന്ന പണം നിങ്ങള്‍ക്ക് വീതിച്ചു തരാം ബാക്കി ഞാനും അബുവും കൂടി പോയി പിരിച്ച് നിങ്ങളുടെ മുഴുവൻ ഇടപാടുകളും തീര്‍ക്കും" എന്റെ ഉറച്ച വാക്കുകള്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു... (തുടരും)

പലായനം 9

ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

No comments:

Post a Comment