Tuesday, 22 May 2018

The alchemist (ദി ആൽകെമിസ്റ്റ് )

#പുസ്തക_പരിചയം - 7

The alchemist (ദി ആൽകെമിസ്റ്റ് )

എഴുത്തുകാരൻ : പൌലോ കൊയ്‌ലൊ

സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തിയ പുസ്തകം മലയാള ഭാഷയിൽ അതിന്റെ മികവ് തെളിയിക്കുന്നു.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്റെ പ്രത്യേകതയാണ്

ഇ അവധിക്കാലത്ത് ഞാൻ തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിസംശയം പറയാം ഇഷ്ടപെട്ട വായനാ വിഭവം ഇത് തന്നെ.....

വരികൾ : മുജീബ് റഹ്‌മാൻ

#പുസ്തകോത്സവം18

Monday, 21 May 2018

ബാല്യകാല സഖി

#പുസ്തക_പരിചയം - 6

*എന്തായിരുന്നു അന്ന് സുഹ്റ പറയാൻ* *തുടങ്ങിയത്* ?
.............................................................



      മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആദ്യ നോവലാണ് ബാല്യകാല സഖി . എം.പി.പോൾ പറയുന്നു , #ബാല്യകാല_സഖി ,ജീവിതത്തിൽ നിന്ന് വലിച്ച് ചീന്തിയ ഒരേടാണ് ,വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു .....
      ‎
        ചെറിയ ഒരു കുറിപ്പിലൂടെ ,ഈ മഹത്തായ നോവലിൻ്റെ മാസ്മരികത അനുവാചകരിലെത്തിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല .76 പേജ് മാത്രമുള്ള ഈ നോവലിൻ്റെ നിരൂപണങ്ങൾ അതിൻ്റെ നൂറിരട്ടി പേജുകളിലും ഒതുങ്ങുന്നില്ല .ബഷീറിൻ്റെ സ്വന്തം ബാല്യ കാലാനുഭവം , പ്രണയം ,നാടുവിടൽ ,അലഞ്ഞ് തിരിഞ്ഞ 10 വർഷങ്ങൾ ,തുടക്കത്തിൽ പണക്കാരനായ ബാപ്പയുടെ മകൻ ,പിന്നീട് ദ രിദ്രകുടുംബത്തിൻ്റെ ആശ്രയം ,സ്വപ്നം കണ്ട ബാല്യകാല സഖിയെ നഷ്ടപ്പെടൽ ,വീണ്ടും ഒന്നിക്കാനുള്ള വ്യാമോഹം .... വല്ലാത്ത അനുഭവമാണ് ഈ കൃതി വായനക്കാരിൽ എത്തിക്കുന്നത് .
        ‎
  മജീദും സുഹ്റയും ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു .തലയോലപറമ്പും ,മൂവാറ്റുപുഴയാറും പശ്ചാത്തലമായ ഗ്രാമാന്തരീക്ഷത്തിൽ നടന്ന, പ്രണയ സാന്ദ്രമായ സംഭവ കഥ .സുഹ്റയുടെ കാത്കുത്ത് കല്യാണവും ,മജീദിൻ്റെ മാർക്കം കല്യാണവും ഒരേ സമയത്തായിരുന്നു .ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെ കുറിച്ച് തോന്നിയത് .സുഹ്റയുടെ കര സ്പർശമേറ്റപ്പോൾ മജീദിൻ്റെ പരു പൊട്ടുന്ന രാസമാറ്റം അവരിൽ കാലം ഉണ്ടാക്കി . ബാപ്പയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ,സ്വന്തം സുഹ്‌റ യോട് പോലും പറയാതെ ,മജീദ് നാടുവിട്ടു .നീണ്ട 10 വർഷങ്ങൾ . ഇതിനിടയിൽസുഹ്റയെ മറ്റൊരാൾ വിവാഹം കഴിച്ചു .
  വിവാഹമോചിതയായ സുഹ്റയെ പ്രണയിച്ച മജീദ് ,വീണ്ടും നാടുവിട്ടു ., തിരികെ വന്ന് തൻ്റെ രാജകുമാരിയെ സ്വന്തമാക്കാൻ .പക്ഷേ വിധി അവിടെയും മജീദിന് എതിരായിരുന്നു . സൈക്കിൾ അപകടത്തിൽ മജീദിൻ്റെ ഒരു കാൽ പകുതി നഷ്ടപ്പെട്ടു .ഈ ദുർവിധി ,ആരോടും ,സുഹ്റയോട് പോലും മജീദ് പങ്കുവച്ചില്ല .പിന്നീട് ഒരു ഹോട്ടലിലെ എച്ചിൽ പാത്രം കഴുകുന്ന ജോലി അവന് ലഭിച്ചു .ആ കൊച്ച് വരുമാനം കൊണ്ട് ജീവിതം സ്വപ്നം കണ്ട മജീദിന് , ഒരു കത്ത് വന്നു ,ആ കത്തിൽ വീട്ടിലെ വിശേഷങ്ങൾക്കൊപ്പം ,ഒരു കാര്യം കൂടി സൂചിപ്പിച്ചിരുന്നു , ,,, ആ സുഹ്റ മരിച്ചു പോയി ... എന്ന് .കുറെ നേരം പ്രപഞ്ചം ശൂന്യമായ പോലെ തോന്നി മജീദിന് ....... അന്ന് യാത്ര പറഞ്ഞിറങ്ങുന്നതിനു് മുമ്പ് , സുഹ്റ മജീദിനോട് എന്തോ പറയാൻ തുടങ്ങിയതായിരുന്നു .പക്ഷേ മുഴുമിപ്പിക്കാൻ ബസിൻ്റെ ഹോൺ അനുവദിച്ചില്ല .......... എന്തായിരുന്നു അന്ന് അവസാനമായി സുഹ്റ പറയാൻ തുടങ്ങിയത് ......???? നോവൽ  തീരുമ്പോൾ ,മജീദിലും വായനക്കാരിലും ഒരു പോലെ ,ആ ചോദ്യം ,എരിയുന്ന കനലായി അവശേഷിക്കുന്നു ......
   ‎
      1944-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി.സി .ബുക്സ് പുറത്തിറക്കുന്നു .... 85 രൂ വിലയുള്ള ഈ ചെറിയ നോവൽ ,നൂറ് കണക്കിന് പതിപ്പുകളിലൂടെ ഇന്നും  വില്പനയിൽ റിക്കാർഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു  .

വരികൾ : വി ടി ഹബീബ്

#പുസ്തകോത്സവം18

Sunday, 20 May 2018

ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ

#പുസ്തക_പരിചയം - 5

ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ
--------------------
എഴുത്തുകാരി നളിനി ജമീലയുടെ ബുക്

ഡിസി ബുക്ക്സ് പ്രെസിദ്ധീകരിച്ചു
വില :  130



യഥാർത്ഥ ജീവിതത്തിലും ലൈംഗിക
തൊഴിലാളിയും ഇപ്പോൾ
അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമായ നളിനി ജമീലയുടെ  തുറന്നെഴുതുകൾ ആണ് ഈ  പുസ്‌തകം

കപട സദാചാരത്തിന്റെ മുഖം
മൂടി വലിച്ചു കീറിയ ഈ പുസ്‌തകം വേറെ ആരും പരിചയപ്പെടുത്താൻ
സാധ്യതയില്ല എന്നത് കൊണ്ടാണ് ഇത് തിരഞ്ഞെടുത്തത് .

ഈ പുസ്‌തകത്തിന്റെയോ എഴുത്തുകാരിയുടെയ്ക്കോ പേര്  കേൾക്കുമ്പോൾ തന്നെ
 'അയ്യേ ' എന്ന് പറയുന്ന അല്ലെങ്കിൽ
മുഖം ചുളിക്കുന്ന മലയാളികളോട് ഒന്നേ പറയാനുള്ളു ..
ഈ പുസ്‌തകം മലയാളത്തിലെ ബെസ്റ് സെല്ലറുകളിൽ ഒന്നാണ്

മലയാളത്തിലെ ലൈബ്രറികളിൽ  ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും  അന്വേഷിക്കപ്പെട്ടതുമായ പുസ്തകങ്ങളിൽ  ഒന്ന് കൂടിയാണ് എന്നറിയുമ്പോൾ ആരും
ഞെട്ടരുത് ....

തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം ഒന്നും ആണെന്ന് ഞാൻ
അവകാശപെടുന്നില്ല പക്ഷെ ഒന്ന്
വായിക്കുന്നത് കൊണ്ട് കുഴപ്പമില്ല


ഒരു മിഡിൽ ക്ലാസ് ഈഴവ യുവതി കടുത്ത ദാരിദ്ര്യം മൂലം ലൈംഗിക തൊഴിലാളി ആവേണ്ടി വരുന്ന അവസ്ഥ ...

ചെറുപറയത്തിൽ അമ്മയുടെ ജോലി നഷ്ടമായി പഠിപ്പു നിർത്തേണ്ടി വന്ന അവൾ കൂലി പണിക്കു ഇറങ്ങേണ്ടി വരുന്നു തുടർന് തൊഴിൽ ഇടതു അവൾ പലതവണ പീഡനത്തിനാരയാകുന്നു ...
വിവാഹിതയായി ശേഷം ക്യാൻസർ മൂലം ഭര്ത്താവിനെ നഷ്ടപെടുന്ന അവൾ കുഞ്ഞുങ്ങളെ നോക്കാൻ ലൈംഗിക തൊഴിലാളി ആയി തീരുന്നു ....

പിന്നീട് മലയാളി പുരുഷന്മാരുടെ, അവരുൾപെടുന്ന സമൂഹത്തിന്റെ കപട സദാചാരത്തിന്റെയും മൂല്യ ശോഷണത്തിന്റെയും തുറന്നു കാട്ടലുകളാണ് പുസ്‌തകം നിറയെ

പച്ചയായ അനുഭവങ്ങളിൽ വായനക്കാരൻ വെന്തുരുകി നാഗനാക്കപ്പെടുന്ന അവസ്ഥാ സൃഷ്ടിക്കപ്പെടുന്നു .

ബാക്കി മച്ചാന്മാരെല്ലാം വായിച്ചിട്ടു
പറ ...
വീട്ടിൽ കൊണ്ടുപോയി വായിക്കാം എന്ന് മോഹിക്കണ്ട ....
പെമ്പറന്നോത്തി അല്ലെങ്കിൽ അമ്മ
വാരി അടിക്കും

കിട്ടുന്ന ഇടി തന്നെ കൊണ്ടോണം

വരികൾ : സഹിൽ അണ്ണി റെഡ് ടാഗ്

#പുസ്തകോത്സവം18

Thursday, 17 May 2018

ഉണ്ണികുട്ടന്റെ ലോകം

#പുസ്തക_പരിചയം - 4

ഉണ്ണികുട്ടന്റെ ലോകം
നന്തനാർ ( ഗോപാലൻ )

മനുഷ്യജീവിതത്തിലെ ഏറ്റവും ആനന്ദകരമായ കാലഘട്ടമാണ് കുട്ടിക്കാലം . ഗൃഹാതുരമായ ഓർമ്മകൾ നമുക്ക് സമ്മാനിക്കുന്ന കുട്ടിക്കാലം ആരെയാണ് മോഹിപ്പിക്കാത്തത് ?
നമ്മെ മോഹിപ്പിക്കുന്ന ആ കുട്ടിക്കാലത്തെക്കുറിച്ച്, നമ്മുടെയൊക്കെ ജീവിതത്തിൽ കടന്ന് പോയ മനോഹരമായ നിമിഷങ്ങളിലേക്ക് ആ മധുരിക്കന്ന ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന കൃതിയാണ് നന്തനാർ എഴുതിയ ഉണ്ണിക്കുട്ടന്റെ ലോകം

ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചെറിയ കുടുംബത്തിൽ ജനിച്ച ഒരു കൊച്ചു കുട്ടിയുടെ സന്തോഷങ്ങളും സങ്കടങ്ങളും കൗതുകങ്ങളും അനുവാചകരുമായി പങ്ക് വെക്കുന്ന ഈ കൃതി നാം തീർച്ചയായും വായിച്ചിരിക്കണ്ടതാണ് ഈ കൃതി വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ആദ്യമായ് സ്ക്കൂളിലേക്ക് പോകുന്ന ഒരു കുട്ടിയുടെ മാനസികമായ വികാരങ്ങൾ വളരെ ഹൃദയസ്പർശിയായാണ് കഥാകാരൻ വിവരിക്കുന്നത് ബാല്യ കാലത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന ഈ നോവൽ വായനയുടെ നവ്യാനുഭവം നിങ്ങൾക്ക് നൽകും 1973 ഡിസംബറിൽ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ഈ കൃതി മലയാള സാഹിത്യത്തിലെ വേറിട്ടൊരു വായനാനുഭവമാണ്

വരികൾ : മുഹ്സിൻ പഴയമ്പള്ളിൽ

#പുസ്തകോത്സവം18

Thursday, 10 May 2018

#പുസ്തക_പരിചയം - 3

പുസ്തകം :മഞ്ഞവെയിൽ മരണങ്ങൾ

എഴുത്തുകാരൻ :ബെന്യാമിൻ
( ആട് ജീവിതം ഫെയിം )
2009 കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്

മലയാളത്തിലെ ലക്ഷണമൊത്ത കുറ്റാന്വേഷക നോവൽ
സയൻസും ഫിക്ഷനും ചേർന്നു സൃഷ്ട്ടി ക്കുന്ന മാസ്മരിക ലോകം .
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ കൊതിപ്പിക്കുന്ന ട്വിസ്റ്റുകൾ ഓരോ അദ്ധ്യായത്തിലും കഥാകാരൻ ഒളിപ്പിച്ചു വെച്ചിരിക്കുന്നു .😊

രത്ന ചുരുക്കം :
ഡീഗോ ഗാർഷ്യ എന്ന ദ്വീപിലെ
എഴുത്തുകാരനായ ക്രിസ്റ്റഫർ അന്ത്രപ്പേർ സുഹൃത്തിന്റെ   കൊലപാതകത്തിന് സാക്ഷിയാകുന്നു ...😯

ബാക്കി പറയില്ല ...😋

(പിന്നെയുള്ള അന്വേഷണവും ആണ് കഥാ തന്തു )

ഇത് അന്ത്രപ്പേർ എന്ന കുടുംബത്തിന്റെ കഥ കൂടിയാണ്

NB:ഇത് വായിച്ചു കഴിഞ്ഞപ്പോൾ
ഞാൻ ഒരു ബെന്യാമിൻ ഫാൻ ആയി മാറി

#പുസ്തകോത്സവം18

Wednesday, 9 May 2018

#പുസ്തക_പരിചയം - 2

മനുഷ്യന് ഒരു ആമുഖം
    (സുഭാഷ് ചന്ദ്രന്‍)

''പൂര്‍ണ്ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചു പോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍''
എന്ന് നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. ജീവിതത്തിന്റെ അന്ത:സത്ത മനസിലാക്കാതെ, വെറുതെയിങ്ങനെ ജീവിച്ചുപോകുന്നതില്‍ കാര്യമില്ലെന്ന് മനുഷ്യന് ഒരു ആമുഖം അനുഭവപ്പെടുത്തുന്നു.
ശിലയില്‍ കൊത്തിയെടുത്തത് പോലുള്ള അനേകം കഥാപാത്രങ്ങള്‍,വെെകാരികത തിങ്ങിനില്‍ക്കുന്ന ജീവിതത്തിലെ സവിശേഷ മുഹൂര്‍ത്തങ്ങള്‍,എല്ലുറപ്പുള്ള ഭാഷ,മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങള്‍,
മനുഷ്യനൊരാമുഖം പറയാന്‍ ഇത്ര ചെെതന്യവത്തായ ഗ്രന്ഥം വേറൊന്നില്ലെന്ന് പറയാന്‍ കഴിയും,സുദൃഢമായ ശെെലിയാല്‍ വേറിട്ട് നില്‍ക്കുന്നു സുഭാഷ് ചന്ദ്രന്‍റെ ഈ നോവല്‍.....

നോവല്‍ വായിച്ച്, നായകനായ ജിതേന്ദ്രനോടുള്ള സ്‌നേഹം മൂത്ത് ജിതേന്ദ്രന്റെ മക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയെന്ന് കത്തോടെ ഒരു ജോഡി സ്വര്‍ണ്ണക്കമ്മലുകള്‍ പാഴ്‌സലായി സുഭാഷ് ചന്ദ്രന്റെ വീട്ടിലെത്തി. ഒരെഴുത്തുകാരന് വായനക്കാരന്റെ വക കിട്ടിയ സ്‌നേഹസമ്മാനം..! മനുഷ്യന് ഒരു ആമുഖം പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പതിനാറായിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്.... കിട്ടിയ പുരസ്‌കാരങ്ങള്‍ ഏറെ. നോവലിനെ ആധാരപ്പെടുത്തിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല.....

വരികൾ : തൽഹാ നദ്‌വി

#പുസ്തകോത്സവം18