#പുസ്തക_പരിചയം - 7
The alchemist (ദി ആൽകെമിസ്റ്റ് )
എഴുത്തുകാരൻ : പൌലോ കൊയ്‌ലൊ
സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന് ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.
നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.
"കുട്ടിക്കാലത്ത് നാം ഉള്ളിന്റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ് നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "
ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്റെ പുസ്തകം എന്ന ഗിന്നസ് റെക്കോര്‍ഡ് ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ മൂലകൃതി പോര്‍ച്ചുഗീസ് ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തിയ പുസ്തകം മലയാള ഭാഷയിൽ അതിന്റെ മികവ് തെളിയിക്കുന്നു.
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.
മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്റെ പ്രത്യേകതയാണ്
ഇ അവധിക്കാലത്ത് ഞാൻ തിരഞ്ഞെടുത്ത പുസ്തകങ്ങളിൽ നിസംശയം പറയാം ഇഷ്ടപെട്ട വായനാ വിഭവം ഇത് തന്നെ.....
വരികൾ : മുജീബ് റഹ്‌മാൻ
#പുസ്തകോത്സവം18

No comments:
Post a Comment