*എന്തായിരുന്നു അന്ന് സുഹ്റ പറയാൻ* *തുടങ്ങിയത്* ?
.............................................................
മലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആദ്യ നോവലാണ് ബാല്യകാല സഖി . എം.പി.പോൾ പറയുന്നു , #ബാല്യകാല_സഖി ,ജീവിതത്തിൽ നിന്ന് വലിച്ച് ചീന്തിയ ഒരേടാണ് ,വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു .....
ചെറിയ ഒരു കുറിപ്പിലൂടെ ,ഈ മഹത്തായ നോവലിൻ്റെ മാസ്മരികത അനുവാചകരിലെത്തിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല .76 പേജ് മാത്രമുള്ള ഈ നോവലിൻ്റെ നിരൂപണങ്ങൾ അതിൻ്റെ നൂറിരട്ടി പേജുകളിലും ഒതുങ്ങുന്നില്ല .ബഷീറിൻ്റെ സ്വന്തം ബാല്യ കാലാനുഭവം , പ്രണയം ,നാടുവിടൽ ,അലഞ്ഞ് തിരിഞ്ഞ 10 വർഷങ്ങൾ ,തുടക്കത്തിൽ പണക്കാരനായ ബാപ്പയുടെ മകൻ ,പിന്നീട് ദ രിദ്രകുടുംബത്തിൻ്റെ ആശ്രയം ,സ്വപ്നം കണ്ട ബാല്യകാല സഖിയെ നഷ്ടപ്പെടൽ ,വീണ്ടും ഒന്നിക്കാനുള്ള വ്യാമോഹം .... വല്ലാത്ത അനുഭവമാണ് ഈ കൃതി വായനക്കാരിൽ എത്തിക്കുന്നത് .
മജീദും സുഹ്റയും ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്നു .തലയോലപറമ്പും ,മൂവാറ്റുപുഴയാറും പശ്ചാത്തലമായ ഗ്രാമാന്തരീക്ഷത്തിൽ നടന്ന, പ്രണയ സാന്ദ്രമായ സംഭവ കഥ .സുഹ്റയുടെ കാത്കുത്ത് കല്യാണവും ,മജീദിൻ്റെ മാർക്കം കല്യാണവും ഒരേ സമയത്തായിരുന്നു .ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെ കുറിച്ച് തോന്നിയത് .സുഹ്റയുടെ കര സ്പർശമേറ്റപ്പോൾ മജീദിൻ്റെ പരു പൊട്ടുന്ന രാസമാറ്റം അവരിൽ കാലം ഉണ്ടാക്കി . ബാപ്പയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ,സ്വന്തം സുഹ്‌റ യോട് പോലും പറയാതെ ,മജീദ് നാടുവിട്ടു .നീണ്ട 10 വർഷങ്ങൾ . ഇതിനിടയിൽസുഹ്റയെ മറ്റൊരാൾ വിവാഹം കഴിച്ചു .
വിവാഹമോചിതയായ സുഹ്റയെ പ്രണയിച്ച മജീദ് ,വീണ്ടും നാടുവിട്ടു ., തിരികെ വന്ന് തൻ്റെ രാജകുമാരിയെ സ്വന്തമാക്കാൻ .പക്ഷേ വിധി അവിടെയും മജീദിന് എതിരായിരുന്നു . സൈക്കിൾ അപകടത്തിൽ മജീദിൻ്റെ ഒരു കാൽ പകുതി നഷ്ടപ്പെട്ടു .ഈ ദുർവിധി ,ആരോടും ,സുഹ്റയോട് പോലും മജീദ് പങ്കുവച്ചില്ല .പിന്നീട് ഒരു ഹോട്ടലിലെ എച്ചിൽ പാത്രം കഴുകുന്ന ജോലി അവന് ലഭിച്ചു .ആ കൊച്ച് വരുമാനം കൊണ്ട് ജീവിതം സ്വപ്നം കണ്ട മജീദിന് , ഒരു കത്ത് വന്നു ,ആ കത്തിൽ വീട്ടിലെ വിശേഷങ്ങൾക്കൊപ്പം ,ഒരു കാര്യം കൂടി സൂചിപ്പിച്ചിരുന്നു , ,,, ആ സുഹ്റ മരിച്ചു പോയി ... എന്ന് .കുറെ നേരം പ്രപഞ്ചം ശൂന്യമായ പോലെ തോന്നി മജീദിന് ....... അന്ന് യാത്ര പറഞ്ഞിറങ്ങുന്നതിനു് മുമ്പ് , സുഹ്റ മജീദിനോട് എന്തോ പറയാൻ തുടങ്ങിയതായിരുന്നു .പക്ഷേ മുഴുമിപ്പിക്കാൻ ബസിൻ്റെ ഹോൺ അനുവദിച്ചില്ല .......... എന്തായിരുന്നു അന്ന് അവസാനമായി സുഹ്റ പറയാൻ തുടങ്ങിയത് ......???? നോവൽ തീരുമ്പോൾ ,മജീദിലും വായനക്കാരിലും ഒരു പോലെ ,ആ ചോദ്യം ,എരിയുന്ന കനലായി അവശേഷിക്കുന്നു ......
1944-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി.സി .ബുക്സ് പുറത്തിറക്കുന്നു .... 85 രൂ വിലയുള്ള ഈ ചെറിയ നോവൽ ,നൂറ് കണക്കിന് പതിപ്പുകളിലൂടെ ഇന്നും വില്പനയിൽ റിക്കാർഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .
വരികൾ : വി ടി ഹബീബ്
#പുസ്തകോത്സവം18

No comments:
Post a Comment