ഈരാറ്റുപേട്ട: വർധിച്ചു വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ വ്യത്യസ്തമായ ഒരാശയവുമായി എന്റെ ഈരാറ്റുപേട്ട ഫെയസ്ബുക്ക് കൂട്ടായ്മ. പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധനം കൊണ്ട് മാത്രം ഇല്ലാതാക്കാൻ കഴിയില്ലെന്ന ബോധ്യത്തിൽനിന്നാണ് പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിച്ച് മാർക്കറ്റിൽനിന്ന് സാധനം വാങ്ങുന്ന ചലഞ്ചുമായി കൂട്ടായ്മ രംഗത്തുവന്നത്. മാർക്കറ്റിൽ സാധനം വാങ്ങാനായി പോകുമ്പോൾ സ്വന്തമായി ഒരു കവർ കൈയിൽ കരുതുകയും വാങ്ങുന്ന സാധനങ്ങൾ അതിലിട്ട് ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കൂട്ടുകാരെ ഇങ്ങനെ ചെയ്യുന്നതിനായി ചലഞ്ച് ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി മാർക്കറ്റിലേക്ക് പോകുമ്പോൾ സ്വന്തമായി കവർ കൈയിൽ കരുതുന്നതിനുള്ള മടി മാറുകയും ക്രമേണ ഇതൊരു ശീലമാക്കി മാറ്റിയെടുക്കാനും കഴിയും. അതുവഴി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വലിയൊരു പരിധിവരെ ഇല്ലാതാക്കാനും കഴിയും. ഐസ് ബക്കറ്റ് ചലഞ്ച് പോലെ, മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് പോലെ, പിണറായിയുടെ സാലറി ചലഞ്ച് പോലെ ഇത് ഈരാറ്റുപേട്ടക്കാർ നെഞ്ചേറ്റും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രൂപ്പ് സാരഥികൾ പറഞ്ഞു.
തീയതി : 26.09.2018





