Wednesday, 18 January 2017

പലായനം 1



നാട്ടില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റായിരുന്ന ഞാൻ എഴുത്തും വരയുമായി ഒാടി നടക്കുന്നതിനിടയിലാണ് ടൗണിലൊരു വലിയ ഭിത്തിയില്‍ 501 സോപ്പിന്‍റെ പരസ്യമെഴുതുന്ന കൊച്ചീക്കാരനെ പരിചയപ്പെടുന്നത് അയാളുടെ വാക്കുകള്‍ പ്രതീക്ഷകളെ വാനോളമുയര്‍ത്തി "എറണാകുളത്തേക്ക് വരൂ അവിടെ ഏതെങ്കിലും കമ്പനിയുടെ വര്‍ക്കെടുക്ക് രണ്ട് വര്‍ഷം ചെയ്താലും തീരാത്തത്ര വര്‍ക്കുണ്ടവിടെയൊക്കെ" ഇൗ വാക്കുകളെ സ്വപ്നങ്ങളുമായ് ചേര്‍ത്തു കെട്ടി കുറേ ആലോചിച്ചു അവസാനം തീരുമാനമുറപ്പിച്ചു പോവുക തന്നെ...
ഭരണങ്ങാനത്തിനടുത്ത്  മേരിഗിരി ആശുപത്രി യുടെ അടുത്തുള്ള ഭിത്തിയില്‍ "ലെപാക്ഷി" ബള്‍ബിന്‍റെ പരസ്യമെഴുതി തീര്‍ത്ത് ഇൗരാറ്റുപേട്ട വലക്കമറ്റം സ്റ്റോഴ്സില്‍ നിന്നും കിട്ടിയ അറുന്നൂറ്റിയമ്പതു രൂപ യുമായി കൊച്ചിയിലേക്ക് ആദ്യ പലായനത്തിനായ് വണ്ടി കയറുമ്പോള്‍ വയസ്സ് ഇരുപത് തികഞ്ഞിട്ടില്ല,
അലച്ചിലിനൊടുവില്‍  നേടിയ രണ്ട് കമ്പനികളുടെ കോണ്‍ട്റാക്റ്റുമായി കഴിയുന്നതിനിടയില്‍ വന്നുപെട്ട ചില സംഭവികാസങ്ങളുടെ ആഘാതത്തില്‍ ജോലി നിന്ന്ന്നു പണം തീര്‍ന്നു, തേവരയിലെ റൂമില്‍ ഭക്ഷണത്തിനും ബീഡിക്കും വേണ്ടി ആര്‍ത്തിയോടെ കഴിഞ്ഞു കൂടിയ ദിവസങ്ങള്‍ പെെപ്പ് വെള്ളം കുടിച്ച് ഏമ്പക്കം വിട്ട് ഉറങ്ങിയും ഉറക്കം വരാതെയും തിരിഞ്ഞും മറിഞ്ഞും കിടന്ന് നല്ല നാളെക്ക് വേണ്ടി മാസങ്ങള്‍ തള്ളി നീക്കിയ നാളുകളെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടമെന്നു വിളിക്കാം മുന്നില്‍ രണ്ട് വഴിയേ ഉണ്ടായിരുന്നു ഒന്നുകില്‍ എക്കാലത്തേക്കും ഒാര്‍ക്കാന്‍ ഒരുപിടി നൊമ്പരങ്ങളും നെഞ്ചിലേറ്റി പണക്കാരനാകാന്‍ പോയി പട്ടിണി കിടന്നു തിരിച്ചു വന്നവന്‍ എന്ന ദുഷ്പേരുമായ് സ്വപ്നങ്ങൾ കുഴിച്ചു മൂടി മടങ്ങാം അല്ലെങ്കില്‍ പട്ടിണിയോട് പൊരുതി തുടരുക അതിനിടയിൽല്‍ വാടക കൊടുക്കാത്തതിന്‍റെ പേരിൽ വീട്ടുടമയുടെ കുടിയൊഴിപ്പിക്കല്‍,
പിന്നെ അഭയം തന്ന സെക്യൂരിറ്റിക്കാരന് ഒറ്റ ഡിമാന്‍റേ ഉണ്ടായിരുന്നുള്ളൂ രാത്രി ഇവിടെ കിടക്കാം പക്ഷേ പകല്‍ വേറെ
സ്ഥലം കണ്ടുപിടിച്ചോണം...

അങ്ങിനെ രാത്രിയാകാന്‍ കാത്തിരിക്കുന്ന ഒരു ദിവസമാണ് നാട്ടില്‍ നിന്നും പ്രിയ കൂട്ടുകാരന്‍റെ വരവ് കയ്യില്‍ കാശുണ്ടായിരുന്ന കാലത്ത് ഇന്‍ലന്‍റ് കുറേ വാങ്ങിവെച്ചിരുന്നതിനാല്‍ നാട്ടിലെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും 'പിന്നൊരാള്‍ക്കും' പതിവായി "കത്തി"വെച്ച് കത്തെഴുതുമായിരുന്നു , ചില സിനിമയില്‍ മുകേഷ് എഴുതുന്നത് കണ്ടിട്ടില്ലേ (ഉദാഹരണം റാംജി റാവ് സ്പീക്കിംഗ്) കത്തിലെ വാചകങ്ങള്‍ കേട്ട ആവേശത്തിലായിരുന്നു കൂട്ടുകാരന്‍റെയും വരവ് രാത്രി പത്തുമണി വരെ കറങ്ങി നടന്ന് കിടക്കാന്‍ സെക്യൂരിറ്റി യുടെ റൂമിലെത്തി കിടന്നു അന്ന് ഞങ്ങളെ കടിച്ച കൊതുകിനോട് പിറ്റേന്ന് നന്ദി പറഞ്ഞു കാരണം കൂട്ടുകാരന്‍ നേരത്തേ സ്ഥലം വിട്ടു മാനക്കേടൊക്കെ വിശപ്പിനിടയില്‍ ഒാര്‍മ്മ പോലും വന്നില്ല...
ഏതാനും ദിവസം കൂടി ഒരു മാറ്റവുമില്ലാതെ കടന്നു പോയി ഒരു ദിവസം രാവിലെ ഷിപ്പ് യാര്‍ഡിന്‍റെ മുന്നിലെ മക്ഡവലിന്‍റെ ഒാഫീസ് വരാന്തയിയിലിരിക്കുമ്പോള്‍ കണ്‍മുന്നില്‍ വാപ്പ - മൊബൈലും ഗൂഗിൾ മാപ്പും എന്താണെന്നറിയാത്ത കാലത്ത് കൊച്ചി നഗരത്തില്‍ വാപ്പ എന്നെ കണ്ടെത്തിത് ഒരു പക്ഷേ രക്തം രക്തത്തെ ആകര്‍ഷിച്ച് കൂട്ടിമുട്ടിച്ചതാവാം പട്ടിണി കിടന്ന് എല്ലുകള്‍ ഉന്തി കവിളൊട്ടി വാടിയ മുഖവുമായ് നിന്ന മൂത്ത മകനെക്കണ്ട് വാപ്പയുടെ മനസ്സുരുകിയത് ആ മുഖത്തെ സങ്കടത്തില്‍ നിന്ന്ന്നും തിരിച്ചറിഞ്ഞു...

ബില്ല് മാറണം, ടാക്സ് വെട്ടിച്ചതിന്‍റെ പേരില്‍ മക്ഡവലിന്‍റെ അക്കൗണ്ട് ഫ്രീസാണ് അതുടനേ മാറും എല്ലാം ശരിയാകും ഒരുപാട് പെെസ കിട്ടാനുണ്ട് ഞാൻ വന്നാല്‍ എല്ലാം നഷ്ടപ്പെടും എന്ന എന്‍റെ വാക്കുകള്‍ക്കു മുന്നില്‍ പാവം തോറ്റു തിരിച്ചു പോകാൻ തയ്യാറായി...ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി കോട്ടയം ബസ്സില്‍ സീറ്റ് പിടിച്ച് കൊടുത്ത ശേഷം മടങ്ങാന്‍ തുടങ്ങുമ്പോള്‍ കുറച്ച് പെെസ എന്‍റെ പോക്കറ്റില്‍ തിരുകി വെച്ചു വാപ്പക്കു വണ്ടിക്കൂലിപ്പെെസാ കൊടുക്കേണ്ടതിനു പകരം ഇരുപത് വയസ്സായ മകന്‍ വാപ്പയോടു വാങ്ങുന്നു...
വിതുമ്പിക്കൊണ്ട് തിരികെ നടന്നു, കണ്ണുനിറഞ്ഞൊഴുകി തലേന്നു രാത്രിയിലും രാവിലെയും ഒന്നും കഴിച്ചിരുന്നില്ല അല്‍പദൂരം നടന്നതേയുള്ളൂ പിന്നെയെനിക്കൊന്നും ഒാര്‍മയില്ല മെല്ലെ കണ്ണു തുറക്കുമ്പോള്‍ ചുറ്റും ചെറിയൊരാള്‍ക്കൂട്ടം ആരോ മുഖത്ത് വെള്ളമൊഴിക്കുന്നണ്ട്
വായിലേക്ക് സോഡ ഒഴിച്ചു തരുന്നു ആരാണ് ഏന്താണ് ചോദ്യങ്ങൾ... " ബസ് സ്റ്റാന്‍റില്‍ കോട്ടയം ബോർഡ് വെച്ച ബസ്സില്‍ എന്‍റെ വാപ്പയുണ്ട് പേര് കുഞ്ഞുമൊയ്തീന്‍" തപ്പിത്തടഞ്ഞ് അത്രയും പറഞ്ഞു നിമിഷങ്ങൾ ക്കുള്ളില്‍ വാപ്പയെത്തി എന്നെ കോരിയെടുത്തു "വാപ്പാ എനിക്കൊന്നുമില്ല, വെയിലു കൊണ്ടപ്പോള്‍ തല ചുറ്റിയതാണ്" സത്യത്തില്‍ ഇത്തിരി വിശക്കുമ്പോള്‍ ഇന്ന് പറയുന്ന വാക്കാണ് വിശന്നിട്ട് തല കറങ്ങുന്നു പക്ഷേ അതനുഭവിച്ചനേ അറിയൂ അതിന്‍റ അര്‍ത്ഥം,
അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങിത്തന്നു എന്നെയും കൊണ്ടേ പോകൂ എന്നു വാപ്പാ വാശിപിടിച്ചു, പക്ഷേ ഞാൻ കൂടെപ്പോയില്ല കാരണം ഒാര്‍മ്മ വെച്ച കാലം മുതൽ ഹൃദയത്തില്‍ കൊണ്ടു നടന്ന സ്വപ്നങ്ങള്‍ അത്രയേറെ
എനിക്ക് പ്രിയപ്പെട്ടതായിരുന്നു..


പലായനം 2


(തുടരും)

ഇബ്രാഹിം ക്യാമ്പസ്.
ഒറിജിനല്‍ പോസ്റ്റ്‌

No comments:

Post a Comment