Saturday, 6 October 2018

മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ


#പുസ്തക_പരിചയം - 29


മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ


ഇഹലോകജീവിതത്തിലെ ചെളിക്കുഴികളിൽ മുങ്ങിത്താഴ്ന്ന് നിവൃത്തികേടുകൊണ്ട് നിസ്സാരമല്ലാത്ത തെറ്റുകളിൽ അകപ്പെട്ട ബഷീർ എന്ന കഥാപാത്രത്തിൻ്റെ മരണാനന്തര ജീവിതത്തിൽ ആത്മാവ് അനുഭവിക്കുന്ന അതി ഭയാനകമായ അനുഭവങ്ങളാണ് ശംസുദ്ദീൻ മുബാറക്കിൻ്റെ" മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ എന്ന നോവലിൻ്റെ ഇതിവൃത്തം. ഖുർആനെയും അതിൻ്റെ വ്യാഖ്യാന ഗ്രന്ഥങ്ങളെയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ മരണാനന്തര ജീവിത പരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ആഖ്യായിക ഒരു പക്ഷെ മരണാനന്തര ജീവിതം ഇതു വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മനുഷ്യാത്മാക്കൾക്ക് പുതുമ നല്കുന്ന ഒന്നായിട്ടാണ് തോന്നുന്നത്. മരണ ശേഷമുള്ള ജീവിതത്തെ സംബന്ധിച്ച ഇസ് ലാമിക കാഴ്ചപ്പാട്ഇത്ര സമഗ്രമായി നോവലിന് പ്രമേയമാകുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു.പുതിയ ലോകത്ത് എത്തുന്ന ആത്മാവിൻ്റെ ഡയറിക്കുറിപ്പുകളായിട്ടാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്- റഖീബ്, അതീദ്, മുൻകർ, നകീർ മാലാഖമാരും മസീഹു ദജ്ജാലും, ഈസാ (അ) മും, ദാബത്തുൽ അർളിൻ്റെയുമൊക്കെ അവതരണവും ,പരലോകത്തെ വിശേഷണങ്ങളും, വിചാരണകളും, വിചാരങ്ങളുമൊക്കെ വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്.



വായനയുടെ തുടക്കത്തിൽ വല്ലാത്തൊരു ഭയവും അസ്വസ്ഥതയും അനുഭവപ്പെട്ടങ്കിലും തുടർ വായനയിൽ ആശ്വാസവും ആഹ്ലാദവും നല്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്.
നരകത്തിലെ ബഷീറിൻ്റെ അനുഭവക്കുറിപ്പുകളെ വായനക്കാരുടെ ഹൃദയങ്ങളിൽ ഉൾക്കിടിലം ഉണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ചതിനോടൊപ്പം തന്നെ നീണ്ട നരകവാസത്തിന് ശേഷം സ്വർഗ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആത്മാവിൻ്റെ മനോധർമ്മങ്ങളെ വളരെ വശ്യമായി തന്നെ ആവിഷ്ക്കരിക്കാനും നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
തൻ്റെ മരണശേഷം പ്രിയപ്പെട്ടവർക്ക് ഭൂമിയിലും പരലോകത്തും എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിൽ അവരെയും കൂട്ടി സ്വർഗത്തിൽ തനിക്കായി അനുവദിച്ച കൊട്ടാരത്തിലേക്ക് നീങ്ങുന്നതോടെ നോവൽ അവസാനിക്കുന്നു. ഏറെ പുതുമയുള്ള ഈ നോവലിൻ്റെ പ്രസാധകർDC Books ആണ് -



വരികൾ : Sajitha A Khadher



#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment