#പുസ്തക_പരിചയം - 32
ചരിത്രം അറിയുന്നവർക്കേ ചരിത്രം സൃഷ്ടിക്കാൻ കഴിയൂ......
നെഞ്ചിലേറ്റുന്ന ആശയങ്ങളുടെ ചരിത്രങ്ങൾ എന്നത് ആശയസംസ്ഥാപനത്തിനുള്ള ആവേശവും വഴി തുറക്കലുകളുമാണ്. കൃത്യമായ ചരിത്രാപഗ്രധനത്തിലൂടെ മാത്രമേ പ്രതിസന്ധികളെയും ചതിപ്രയോഗങ്ങളെയും പ്രതിരോധിക്കാനും തകർക്കാനും സാധിക്കൂ.
ഇസ്‌ലാമിനെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ ഒരു വർത്തമാന പശ്ചാത്തലമാണ് ഉള്ളത്. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഒരു ദർശനം എന്ന നിലയിൽ ഓറിയൻറലിസ്റ്റുകളെ സംബന്ധിച്ച് ഇസ്ലാം എന്നത് അവർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ ആശയത്തെ തകർക്കുക എന്നത് അവരെ സംബന്ധിച്ച് അനിവാര്യമായ ഒരു അവശ്യവുമാണ്. ഇവരുടെ മഷിത്തുള്ളികളാണ് ഇന്ന് ഇസ്ലാമിന്റെ പേരിൽ ലോകത്ത് വരവ് വെക്കപ്പെടുന്ന പലതും എന്നത് കൊണ്ട്, ക്യത്യമായ ഇസ്ലാം പഠനങ്ങളാണ് നമ്മെ ആവേശം കൊള്ളിക്കേണ്ടത്.
അങ്ങേയറ്റം വിനാശകരമാണ് ആധുനിക ചരിത്രമെഴുത്തുകാരുടെ ഇടപെടലുകൾ. മുസ്ലീംങ്ങളിൽ ഇസ്ലാമിനെ കുറിച്ച് സംശയവും വിശ്വാസരാഹിത്യത്തിനും വരെ ഈ എഴുത്തുകൾ കാരണമായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.
ഇസ്ലാമിന്റെ ചരിത്രം പഠിക്കാൻ അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തെ, രാജ്യത്തെ മാത്രം വിശകലനം ചെയ്തു പഠിക്കുക പ്രയാസകരമാണ്. മുസ്ലീംങ്ങളുടെ ഉദ്ധാനപതനങ്ങളും, സാമൂഹിക ജീവിതങ്ങളും, സൈദ്ധാന്ധികവും വീക്ഷണപരമായ സംഘട്ടനങ്ങളും ഏതെങ്കിലും ഒരു ചരിത്ര ഘട്ടത്തിന്റെ വെളിച്ചത്തിലല്ല മനസ്സിലാക്കേണ്ടത് മറിച്ച് നാളിത് വരെയുള്ള സംഭവങ്ങളുടെ കൃത്യതയിലൂടെയാണ്.
സംവത്സരങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന ഇസ്ലാമിന്റെ പൈതൃകങ്ങളെക്കുറിച്ചും അത് ലോകത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള അപഗ്രദ്ധനം സാധാരണക്കാരെ സംബന്ധിച്ച് ആയാസകരമാണ്. എങ്കിൽ പോലും അതിനെ കുറിച്ച് സാമാന്യമായ ബോധ്യം ഉണ്ടാവുക എന്നത് ഇസ്‌ലാമോഫോബിക് ആയ വർത്തമാന കാലത്ത് എറെ അനിവാര്യവുമാണ്.
"ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം" എന്ന ഗ്രന്ധം ഇതിലേക്ക് കൃത്യമായ വെളിച്ചം നൽകുന്ന ഒന്നാണ്. മുഹമ്മദ് നബി(സ) യുടെ തുടക്കം മുതൽ ഇരുണ്ട കാലഘട്ടം എന്ന് ചരിത്ര പുസ്തകങ്ങളിൽ എഴുതി വച്ചിരിക്കുന്ന ഇസ്‌ലാം ലോകത്ത് പടർന്നു പന്തലിച്ചിരുന്ന കാലഘട്ടവും, ഒന്നുമല്ലാതിരുന്ന സ്പെയിൻ എന്ന രാഷ്ട്രത്തെ ലോക ശാസ്ത്ര സാഹിത്യ മേഖലകളിലെ നേതൃത്വ തലത്തിലേക്ക് ഇന്ന് കാണുന്ന രീതിയിൽ ഉയർത്തിയതിൽ ഇസ്ലാമിന്റെ പങ്കും, ഇന്ത്യ ഉൾപെടെയുള്ള വിവിധങ്ങളായ പ്രദേശങ്ങളിലൂടെയുള്ള ഇസ്ലാമിന്റെ യാത്രയും വളർച്ചയും തളർച്ചയും ഒക്കെത്തന്നെ ഇതിൽ കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു.
പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ സർവ്വത്ത് സൗലത്ത് എഴുതി IPH മലയാളത്തിലേക്ക് പരിഭാഷചെയ്ത നാല് വാള്യങ്ങളിലുള്ള ഈ ഗ്രന്ധം പ്രബുദ്ധ വായനക്കാരിലേക്കും, തുടർ ചർച്ചക്കുമായി സമർപ്പിക്കുന്നു.
വരികൾ: സമീർ ഈരാറ്റുപേട്ട
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment