THE OLD MAN AND THE SEA
( കിഴവനും കടലും )
തുടർച്ചയായ 84 ദിവസങ്ങൾ വലയെറിഞ്ഞിട്ടും ഒരു മീൻ പോലും പിടിക്കാൻ കഴിയാതിരുന്ന ആ കിഴവനായ മുക്കുവനെ നിര്ഭാഗ്യത്തിന്റെ പ്രതീകമായി നാട്ടുകാർ കണ്ടുതുടങ്ങിയിരുന്നു. എന്നാൽ 85ആം ദിവസം വലയുമായി ഇറങ്ങുമ്പോൾ പ്രത്യേക ആത്മവിശ്വാസം ആ കിഴവന്റെ മുഖത്തു കാണാനാവുമായിരുന്നു. 85 തന്റെ ഭാഗ്യനമ്പറായിട്ടാണ് സാന്റിയാഗോ കരുതുന്നത്. ആ നാട്ടുകാർ ഇന്നുവരെ കണ്ടിട്ടില്ലാത്ത മൽസ്യവുമായി മടങ്ങി വരണം.. അവിടെയാണ് ഏർനെസ്റ് ഹെമിംഗവേയുടെ കിഴവനും കടലും എന്ന നോവൽ ആരംഭിക്കുന്നത്
സാന്റിയാഗോയുടെ ദൃഢ നിശ്ചയം ഫലം കാണുന്നു. അദ്ദേഹത്തിന്റെ വള്ളത്തേക്കാൾ വലുപ്പമുള്ള ഭീമാകാരമായ ഒരു മർലിൻ മൽസ്യം ചൂണ്ടയിൽ കുരുങ്ങുന്നു. ഇനി അങ്ങോട്ട് അഗ്നി പരീക്ഷണമാണ്. മർലിൻ മൽസ്യംY സാന്റിയാഗോയെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടു പോകുന്നു. പക്ഷെ, അദ്ദേഹം ചൂണ്ടയിലെ പിടി അയക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അങ്ങോട്ടുള്ള 3 ദിവസങ്ങൾ മർലിൻ മൽസ്യവുമായുള്ള ബലപരീക്ഷണമായിരുന്നു. വൃദ്ധനാണ്, ഇത്രയും ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിട്ടില്ല, കൈയ്യിൽ വെള്ളവും തീരെ കുറവാണ്. പക്ഷെ, അദ്ദേഹം തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തിന്റെ തളർച്ചകളെക്കാൾ, അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥകളെക്കാൾ, അദ്ദേഹം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെക്കാൾ ദൃഢമായിരുന്നു അദ്ദേഹത്തിന്റെ മനശക്തി. ആ മനഃശക്തിക്ക് മുന്നിൽ ഒടുവിൽ ആ മൽസ്യം കീഴടങ്ങുന്നു. 3 ദിവസത്തെ അഗ്നിപരീക്ഷ വിജയിച്ചു വീര യോദ്ധാവിനെപ്പോലെ മടങ്ങുന്ന ആ മുക്കുവനെ കാത്തിരുന്നത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു....
1952 ൽ ആണ് ഏർണെസ്റ് ഹെമിങ്‌വേയുടെ THE OLD MAN AND THE SEA പ്രസിദ്ധീകരിക്കുന്നത്. പേജുകളുടെ എണ്ണം എണ്ണം കൊണ്ട് വളരെ ചെറിയ ഒരു നോവൽ ആണെങ്കിലും അതിന്റെ അർത്ഥ തലങ്ങൾ വിശാലമാണ്. അത്കൊണ്ട് തന്നെ ആവാം 1954 ലെ സാഹിത്യത്തിനുള്ള നോബൽ ഈ കൃതിയെത്തേടി എത്തിയത്, അതുപോലെ 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി സാഹിത്യ ലോകം ഈ സൃഷ്ടിയെ കണക്കാക്കുന്നതും.
ഈ പുസ്‌തകം ഒരു അനുഭവമാണ്... യാത്രയാണ്... സാന്റിയാഗോ എന്ന കിഴവന്റെ ഓർമകളിലൂടെ, ചിന്തകളിലൂടെ, മൽസ്യവുമായുള്ള അദ്ദേഹത്തിന്റെ അഗ്നി പരീക്ഷകളിലൂടെയുള്ള ഒരു ഒരു യാത്ര.......
വായിച്ചു തുടങ്ങിയാൽ അവസാനം വരെ നിങ്ങൾ പുസ്തകം താഴെ വെക്കില്ല, തീർച്ച..
വരികൾ : മുഹമ്മദ് ഷിബിലി
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment