Tuesday, 12 June 2018

നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി

#പുസ്തക_പരിചയം - 12

"നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി"
പ്രസാധകർ. _ ഡി സി ബുക്സ്

           ഇത് ഒരു നോവലോ കഥയോ ഒന്നുമല്ല, തികച്ചും പഠനാർഹമായ നമ്മുടെ ഉപബോധ മനസ്സിനെ എങ്ങനെ നമുക്ക് നിയന്ത്രണത്തിൽ കൊണ്ടു വരാമെന്ന് മനസ്സിലാക്കിത്തരുന്ന നാമേവരും വായിച്ചിരിക്കേണ്ട ലളിതമായ ഭാഷയിലുള്ള ഒരു ഗ്രന്ഥം.
          അയർലൻഡിൽ ജനിച്ച് പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ച ഡോ. ജോസഫ് മർഫി രചിച്ച "ദി പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ്" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം. വിവർത്തനം നിർവഹിച്ചത് കൊല്ലം എസ് എൻ കോളേജ് റിട്ട. പ്രൊഫസർ ശ്രീ സി ഗോപിനാഥൻ പിള്ള.
       മനസ്സിന്റെ ആഗ്രഹം സാധിക്കുന്നതിന് ഉപബോധ മനസ്സിനുള്ള ശക്തി വിവരിക്കുന്ന ലക്ഷക്കണക്കിന് കോപ്പി ലോകമെമ്പാടും വിറ്റഴിഞ്ഞ കൃതി.
         നമ്മുടെ ചിന്തയും പ്രവൃത്തിയും നമ്മുടെ ഉപബോധ മനസ്സിന്റെ നിയന്ത്രണത്തിലാണ്. അവയെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രയോഗവൽക്കരിച്ചാൽ നമ്മുടെ ജീവിതത്തിലെ പല ആശയക്കുഴപ്പങ്ങൾക്കും കഷ്ടപ്പാടുകൾക്കും പരിഹാരമുണ്ടാക്കുവാൻ സാധിക്കും എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരൻ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
       പല പ്രമുഖ കമ്പനികളും അവരുടെ മാനേജ്‌മെന്റ് സ്റ്റാഫിന് "മൈൻഡ് പവർ ഡെവലപ്‌മെന്റ് ട്രെയിനിംഗ്" നൽകാറുണ്ട്. മൈൻഡ് പവർ ഡെവലപ്‌മെന്റിലൂടെ ഒരാളുടെ വ്യക്തിത്വം കൂടുതൽ ആർജ്ജവമുള്ളതാക്കുവാൻ കഴിയുകയും അതുവഴി അവരുടെ ജോലിയിലുള്ള ഔട്ട്പുട്ട് കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ളത് കൊണ്ടാണ് ഇത് നടത്തപ്പെടുന്നത്. നമ്മുടെ മനസ്സിന്റെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ നമുക്ക് കൂടുതൽ ഉന്നതിയിലേക്ക് എത്തിച്ചേരാൻ സാധിക്കും എന്നതാണ് മൈൻഡ് പവർ ഡെവലപ്‌മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നമുക്ക് സ്വമേധയാ നമ്മുടെ മനസ്സിന്റെ അവസ്ഥകൾ മനസ്സിലാക്കുന്നത് എങ്ങനെയാണ് എന്ന് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ മനസ്സിലാക്കിത്തരുന്നു.
        ഒരാൾ ദുഖിതനും മറ്റൊരാൾ സന്തോഷവാനും ആകുന്നതെന്തുകൊണ്ട്? ഒരാൾക്ക്‌പുരോഗതിയും മറ്റൊരാൾക്ക് ദാരിദ്ര്യവും കഷ്ടപ്പാടും എന്തുകൊണ്ട്? എന്തുകൊണ്ട് ഒരാൾ ഭയമുള്ളവനും ഉൽകണ്ഠയുള്ളവനും വേറൊരാൾ പൂർണ്ണ വിശ്വാസിയും ആത്മവിശ്വാസമുള്ളവനും ആയിത്തീരുന്നു? എന്തുകൊണ്ട് ഒരാൾ മണിമേടയിലും വേറൊരാൾ ചേരിയിലും താമസിക്കുന്നു? ഒരാൾ മഹത്തായ വിജയം നേടുന്നവനും അപരൻ പരാജിതനുമാവുന്നതെന്തുകൊണ്ട്? പ്രഭാഷകരിൽ ഒരാൾ പ്രസിദ്ധനും അറിയപ്പെടുന്നവനും വേറൊരാൾ അറിയപ്പെടാത്തവനും തരംതാണവനുമാകുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് അസാന്മാർഗ്ഗികവും അധാർമ്മികവുമായ ജീവിതം നയിക്കുന്നവരും ആരോഗ്യത്തോടെ ദീർഘകാലം വിജയിയെപ്പോലെ ജീവിക്കുന്നു? ഒരു പെൺകുട്ടി സന്തോഷകരമായി ദാമ്പത്യ ജീവിതം നയിക്കുമ്പോൾ അവളുടെ സഹോദരി അസന്തുഷ്ടയും നിരാശിതയുമായി കാണപ്പെടുന്നതിനുള്ള കാരണമെന്ത്? ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഗ്രന്ഥകർത്താവ് നമ്മെ ഈ ഗ്രന്ഥത്തിലൂടെ പ്രാപ്തരാച്കുന്നു.
           നമ്മുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു, ഉപബോധ മനസ്സിന്റെ അത്ഭുതകരമായ പ്രവർത്തന ശക്തി, നമ്മുടെ ഉപബോധ മനസ്സും ഉറക്കത്തിന്റെ അത്ഭുതങ്ങളും, ഭയം ദൂരീകരിക്കാനായി നമ്മുടെ ഉപബോധമനസ്സിനെ എങ്ങനെ ഉപയോഗിക്കണം, എന്നും ഊർജ്ജസ്വലതയോടു കൂടി എങ്ങനെ ജീവിക്കാം എന്നിവ ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയങ്ളിൽ പ്രധാനപ്പെട്ടവയാണ്.
          ഉപബോധമനസ്സിന്റെ ശക്തി എന്നത് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. നമ്മുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിക്കുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും.

പേജ്. _  302
വില.  _  240/- രൂപ.

വരികൾ : അമീർ Pചാലിൽ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:

Post a Comment