#പുസ്തക_പരിചയം - 14
കണ്ണീരും കിനാവും
വി ടി ഭട്ടതിരിപ്പാട്
വലിച്ചു വാരി എഴുതപെട്ട വീരസാഹസ്സങ്ങളുടെ നീണ്ട പട്ടികയല്ല ഈ കൃതി. വി ടി യുടെ പ്രവര്ത്തന മണ്ഡലത്തെ അതിന്റെ സമഗ്രതയില് വരച്ചു കാണിക്കുന്ന സമ്പൂര്ണ ആത്മ കഥയുമല്ല. മറിച്ച് തന്റെ ജീവിതത്തിന്റെ ആദ്യ ഇരുപതു വര്ഷ കാലയളവില് ഉണ്ടായിട്ടുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേര്പകര്പ്പാണ്. തന്റെ കുട്ടികാലത്ത് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, കഷ്ടതകളും, ധാരണകളും തന്റെ യുവ്വനകാലത്തെ പ്രണയവും കിനാവും മോഹഭംഗങ്ങളും തിരിച്ചറിവുകളും അതോടൊപ്പം തന്നെ ആ കാലഘട്ടത്തെ ജീര്ണ്ണോന്മുഖമായ സാമൂഹ്യ വ്യവസ്ഥിതിയെ കൂടെ വരച്ചു കാണിക്കുകയാണ് ഈ കൃതി.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില് ജനിച് ഇരുപത്തൊന്നാം നൂറ്റാണ്ടില് വളരുന്ന നമ്മുടെ തലമുറ ആഗോളവല്കരണവും വിവര സാങ്കേതികതയും കൊണ്ട് വന്ന ഭ്രമിപ്പിക്കുന്ന സുഖസൌകര്യങ്ങളും ഉയര്ന്ന ജീവിത നിലവാരവും അനുഭവിച്ചു കഴിയുമ്പോള്, നമ്മളില് പലരും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാതെ പോയ ഒരു ഇന്നലെ നമ്മുടെ ഈ കൊച്ചു കേരളത്തിനു ഉണ്ടായിരുന്നു. ആ ചരിത്രം എന്ത് എന്ന് അറിയാനുള്ള ശ്രമമോ, അങ്ങനെ ഒരു ചരിത്രത്തിന്റെ സാധ്യതയെപറ്റി പോലും ഉള്ള ബോധ്യമോ ഇന്നത്തെ തലമുറയ്ക്കുള്ളതായി കാണാന് സാധിക്കുന്നില്ല. അവരുടെ ചിന്തകളിലോ സംഭാഷണങ്ങളിലോ അവരുടെ അന്വേഷണങ്ങളുടെ വഴികളില് എവിടെയെങ്കിലുമോ ഒരിക്കല് പോലും അവരുടെ ചരിത്രത്തിന്റെ ഏടുകളില് നിന്നുള്ള ഒരു അംശം പോലും പ്രത്യക്ഷപെടുന്നില്ല. അങ്ങനെ ചരിത്രത്തിന്റെ അനുഭവ കുറിപ്പുകളെ തങ്ങളുടെ സ്മൃതിപഥങ്ങളില് നിന്നും എന്നെന്നേക്കുമായി മായ്ച് കളഞ്ഞ് പുത്തന് വിപണിയുടെ സാധ്യത നമുക്ക് മുന്നില് വച്ച് നീട്ടുന്ന ഭ്രമ കല്പ്പനകളെയും താലോലിച്ചു കഴിയുകയാണ് നമ്മള് ഇന്ന്.
എന്നാല് ചരിത്രത്തിന്റെ ആവര്ത്തന സ്വഭാവത്തെ പറ്റി ഉള്ള ബോധം ഇല്ലാതെ, തങ്ങളുടെ തന്നെ അസ്ഥിത്വത്തെ പറ്റി ഉള്ള ബോധ്യം ഇല്ലാതെ ബാഹ്യ ശക്തികളാല് നിയന്ത്രിതമായി കഴിയുന്ന ഏതു തലമുറയും ചെന്നെത്തിപ്പെടുക അടിമത്തത്തിന്റെ ഇരുലറകളിലേക്കാണ്. നമ്മള് ആരായിരുന്നു എന്നും നമ്മള് എങ്ങനെ കഴിഞ്ഞിരുന്നു എന്നും ആരൊക്കെയാണ് നമ്മളെ കൈ പിടിച്ചു നടത്തിച്ചു നമ്മളെ ഇന്ന് കാണുന്ന നമ്മള് ആക്കിയത് എന്നും നമ്മള് തിരിച്ചറിയേണ്ടത് ഉണ്ട്, വി ടി യുടെ കണ്ണീരും കിനാവും വായിച്ചു കഴിയുമ്പോൾ അതിന്റെ ഉൾക്കാമ്പു നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു, വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതു തലമുറയിലെ സഹോദരങ്ങൾക്ക് ഈ ഒരു പ്രോഗ്രാം പ്രയോജനം ആവട്ടെ എന്ന് ആശംസിക്കുന്നു.
പുസ്തകോത്സവം പ്രോഗ്രാം നു എല്ലാ വിധ ആശംസകളും നേരുന്നു
വരികൾ : സഹിൽ സലിം
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

No comments:
Post a Comment