കേരളത്തെയാകെ വിഴുങ്ങിയ പ്രളയക്കെടുതിയിൽപ്പെട്ടവരെ രക്ഷപെടുത്താനും അവർക്ക് ആശ്വാസം നൽകാനും പ്രവർത്തിച്ചവരുടെ സംഗമവും എന്റെ ഈരാറ്റുപേട്ട മൊബൈൽ ആപ്പ് നാടിന് സമർപ്പണവും ഇന്ന്. എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ഹൈജീനിക് മാർക്കറ്റ് കോംപ്ലക്സിൽ വൈകീട്ട് ഏഴിനാണ് പരിപാടി. സൗഹൃദ സന്ധ്യ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ഈരാറ്റുപേട്ടയിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ചടങ്ങിൽ, ദുരിതാശ്വാസ പ്രവർത്തനത്തിൽ മുൻനിരയിലുണ്ടായിരുന്ന വിവിധ സംഘടനാ പ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ആദ്യമായാണ് ഒരു ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്ന് ഒരു നാടിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നത്. 2011 ൽ ആരംഭിച്ച എന്‍റെ ഈരാറ്റുപേട്ട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരഭമാണ് ഇത്. നാട്ടിലെ എല്ലാ കാര്യങ്ങളും ഒരു വിരൽത്തുമ്പിൽ ലഭ്യമാവുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്. പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ അറിയിപ്പുകൾ, വാർത്തകൾ, സർക്കാർ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വിവിധ സേവനങ്ങൾ എന്നിവയുടെ ഫോൺ നമ്പരുകൾ, ഈരാറ്റുപേട്ടയിലൂടെ കടന്നു പോകുന്ന ബസുകളുടെ സമയക്രമം, ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഫോൺ നമ്പരുകൾ, വിവിധ വാഹനങ്ങളുടെ വിവരങ്ങൾ, തൊഴിലാളികൾ, അടിയന്തര സേവനങ്ങൾ, ബ്ലഡ് ബാങ്ക്, ആശുപത്രികൾ, വിനോദസഞ്ചാരം എന്നിവ സംബന്ധിച്ച സമ്പൂർണ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തീയതി : 16.09.2018