Wednesday, 29 March 2017

ആദ്യാനുരാഗം



ഒൻപതോളം വർഷങ്ങൾക്കു മുൻപ് എസ്.എം.വി.സ്കൂളിലെ പത്താംതര വിദ്യാർത്ഥിയായിരുന്ന കാലം....
കൃത്യമായിപ്പറഞ്ഞാൽ ബാല്യകാലത്തെ കുട്ടിക്കളി പരിപൂർണ്ണമായി മാറിയില്ലെന്നാലും പക്വത വന്നൊരു വിദ്യാർത്ഥിയായി മനപ്പൂർവ്വം നടിക്കുന്ന കാലം...
പത്താംതരം പാതിയാവുമ്പോഴേക്കും രാവിലെ8.30 മുതൽ 9.30 വരെ ചെറുതൊരു സ്പെഷ്യൽ ക്ലാസ് ഉണ്ടാവും നമ്മുടെ വിനോദ് സാറിന്റെ വക..
സ്പെഷ്യൽ ക്ലാസ് ആരംഭിച്ചതിൽ പിന്നെ 8 മണിയ്ക്കു തന്നെ റെഡിയായി കൂരിക്കടയുടെ മുന്നിൽ ബസ് കാത്ത് നിൽക്കും.
പിന്നീട് ഇതൊരു പതിവായി...
അന്നും പതിവുപോലെ രാവിലെ തന്നെ റെഡിയായി തലമുടിയുടെ സൈഡിൽ കൃത്യമായി വരയിട്ട് മുടിയൊക്കെ ചീകിയൊതുക്കി വള്ളികൾ കൊണ്ട് അലങ്കാരം തീർത്ത ബാഗും അതിനു സൈഡിൽ ഒരു കുപ്പി ചൂടുവെള്ളവുമൊക്കെയായി
ബസ്സ്റ്റോപ്പിൽ എത്തി...
തൊട്ടു മുന്നിലാണ് "മാവേലിക്കാക്കയുടെ മാടക്കട"..
പതിവില്ലാത്ത പോലെ ഒരു പറ്റം കുട്ടികൾ കടയിൽ നിൽക്കുന്നു. വഞ്ചാങ്കൽ സ്കൂളിലെ യൂണിഫോമാണ്..
ആ.. നിന്നോട്ടെ... നമുക്കെന്ത്...
എതിരെ നിൽക്കുന്ന ഒറ്റയൊരെണ്ണത്തിനെ മൈൻഡ് ചെയ്യാതെ ഞാനും നിന്നു...
ഇതിനിടയിലെപ്പോഴോ കൂട്ടത്തിൽ തട്ടമിട്ടൊരു ഹൂറി ഇടയ്ക്കിടയ്ക്ക് ഇടംകണ്ണിട്ടു നോക്കുന്നു..
ഹേയ് തോന്നലാവും.. നമ്മളെയൊക്കെയാരു നോക്കാൻ.
അല്ല. തോന്നലല്ല.
സംഗതി ഉള്ളത് തന്നെ.
ആദ്യത്തേതിനേക്കാൾ ഭംഗിയായി നോക്കുന്നു ഒപ്പം ചെറു ചിരിയും...
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടി നോക്കുന്നു....
അതും പുഞ്ചിരിയോടെ.
കയ്യും കാലും സ്പ്രിംഗിനേക്കാൾ വേഗതയിൽ വിറയ്ക്കാൻ തുടങ്ങി.നെഞ്ചിടിപ്പിന്റെ കാര്യം അതിലും കഷ്ടം...
അന്നുവരെ ഇതൊന്നും കണ്ടറിഞ്ഞ് ശീലിച്ചിട്ടില്ലാത്തൊരു പാവം പത്താം ക്ലാസുകാരന്റെ ആവലാതിയും വേവലാതിയും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ....
ബസ് വന്നു...
നളതുവരെ പിറുപിറുത്തു കൊണ്ട് മാത്രം ഉറക്കമെണീറ്റിരുന്ന ഞാൻ തൊട്ടടുത്ത ദിവസം റെഡിയായി പതിവുള്ളതിന്റെ ഇരട്ടി മേയ്ക്കപ്പിൽ ബസ് സ്റ്റോപ്പിലെത്തിയത് ബൂമറാംഗിനേക്കാൾ വേഗതയിലായിരുന്നു..
സമയമായി.ആൾ വന്നില്ല.
വരുമായിരിക്കും. നോക്കാം.
വന്നില്ല.
അവധിയായിരിക്കും...
"ദേ വരുന്നു...."
അതുവരെ സംഭരിച്ചിരുന്ന സകല ധൈര്യവും ചോർന്നു പോയ പോലെ..
കടിച്ചു പിടിച്ചു നിന്നു.
തൊട്ടു മുന്നിലെത്തി.
പ്രതീക്ഷിച്ച പോലെ നോട്ടമുണ്ട്.
"വിറയൽ കൂടി"....
ചെറുപുഞ്ചിരിയോടെ തിരിച്ച് നോക്കണമെന്ന് ആയിരം തവണ മനസ്സ് പുലമ്പിയെങ്കിലും കഴിയുന്നില്ല...

Image may contain: 2 people, outdoor
അവിടുന്നുള്ള നിഷ്കളങ്ക നോട്ടത്തിനും ചെറുപുഞ്ചിരിയ്ക്കും പകരമായി ഞാൻ സമ്മാനിച്ചത് അനാവശ്യ ജാഡയും തോന്നിയാൽ മാത്രമുളെളാരു കൊച്ചു നോട്ടവും...
"പ്രഥമദൃഷ്ടിയാൽ പ്രണയ"മെന്ന കേട്ടു പരിചയം മാത്രമുള്ള വാക്കിന്റെ യഥാർത്ഥ ധ്വനി അന്നു തിരിച്ചറിഞ്ഞു.
സംഗതി ചങ്ക്സിനെ അറിയിച്ചു...
ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് അവരും സപ്പോർട്ട്.
പത്താം ക്ലാസുകാരന്റെ മനസ്സിൽ ആദ്യ പ്രണയം മൊട്ടിട്ടു.
പക്ഷേ അവളുടെ മുന്നിൽ നിൽക്കാനോ ഒരു വാക്ക് പറയാനോ വയ്യ.
ഭയം, ചമ്മൽ ഇതൊക്കെയാവാം കാരണം.
പിന്നീട് കാണുന്ന സിനിമയിലെ നായികയിലും നോട്ട് ബുക്കിലെ കവർ പേജിലും കാണുന്നത് അവളുടെ മുഖമായിരുന്നു..
ക്ലാസ് കഴിഞ്ഞ് മടങ്ങി വരാറുള്ള അവളുടെ മുന്നിലൂടെ സ്പീഡിൽ സൈക്കിൾ ചവിട്ടി, അവൾ പോലുമറിയാതെ മറഞ്ഞിരുന്ന് ഒളികണ്ണിട്ടു നോക്കി.
ദിവസങ്ങൾ പിന്നെയും മുന്നോട്ട്.
ഒപ്പം സ്വപ്നങ്ങളും..
പക്ഷേ അപ്പോഴും ഇഷ്ടം അറിയിച്ചില്ല.
ഇനിയും കാത്തു നിൽക്കാൻ വയ്യ.
രണ്ടിലൊന്നറിയണം...
"വാ തുറന്ന് പറയാനല്ലേ പേടിയുള്ളൂ.
ചെറുകുറിപ്പെഴുതി കൊടുക്കാമല്ലോ"...
ചങ്ക് ധൈര്യം തന്നു,ഒപ്പം കുറിപ്പ് കൊടുക്കുക എന്ന കർത്തവ്യവും...
അതീവ രഹസ്യമായി കുറിപ്പ് തയ്യാറാക്കി.
ഭദ്രമായി തറവാടിന്റെ പിന്നിലെ വാതിലിനിടയിൽ ഒളിപ്പിച്ചു.
നാളെ കൊടുക്കാനുള്ളതാണ്. എന്ത് പറയുമെന്ന് ഒരു നിശ്ചയവുമില്ല.
ഉറങ്ങാൻ കഴിഞ്ഞില്ല.
കണ്ടുതീർത്ത സിനിമകളിലെ പ്രണയരംഗങ്ങളത്രയും മനസ്സിൽ പേറി എങ്ങനെയോ ഉറങ്ങി.
വൈകുന്നേരം ക്ലാസ് കഴിഞ്ഞു സൈക്കിളുമായി തറവാട്ടിലെത്തി..
ഒന്നുമറിയാത്തവനെപ്പോലെ കുറിപ്പ് തപ്പി..
കാണുന്നില്ല...
വീണ്ടും നോക്കി.
നോ രക്ഷ.
ചങ്ക് പൊട്ടുന്നു. ആരെങ്കിലും കണ്ടാൽ, ആരെങ്കിലും അറിഞ്ഞാൽ..
ഓർക്കാൻ കൂടി വയ്യ.....
"INTERVELL"
പേടിച്ചു വിറച്ച് സകലയിടവും പരതി..
സംഗതി വീട്ടിലാർക്കോ കിട്ടിയിരിക്കുന്നു.
ശകാരങ്ങളേക്കാൾ ഏറെ ഞാൻ ഭയപ്പെട്ടത് വരാൻ പോവുന്ന നാണക്കേടിനെയാണ്.
വിറച്ച് വിറച്ച് നടക്കുന്നതിനിടയിൽ ഒരു ചോദ്യം.
മാമിയുടെ വക..
"എന്താടാ ?....
ഹേയ് ഒന്നൂല്ല..
ചെറുചിരിയോടെ ഏതാടാ അവൾ എന്നു ചോദിച്ചു...
ഇടിവെട്ടിയവന്റെ തലയിൽ ആറ്റംബോംബ് വീണ അവസ്ഥ.....
വാ തുറക്കാൻ കഴിയുന്നില്ല.
എങ്ങനെയോ ഓടി...
വീട്ടിൽ വന്നിട്ട് ഒരു സമാധാനവുമില്ല.
കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു.
അതും തൊണ്ടി സഹിതം...
അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ് വിറച്ചു വിറച്ച് തറവാട്ടിലെത്തി...
ചമ്മൽ എന്ന അവസ്ഥയുടെ സകലമാന രൗദ്രഭാവങ്ങളും മുഖത്ത് നിറച്ച് മനസ്സിൽ മുൻപേ നിശ്ചയിച്ചൊരു കള്ളം പറഞ്ഞൊപ്പിച്ചു...
എവിട്ന്ന്."നോ രക്ഷ..."
അത്തായോട് പറയട്ടേ എന്നൊരു ഭീഷണി....
പക്ഷേ പുഞ്ചിരിയിൽ കുതിർന്ന മാമിയുടെ ആ ചോദ്യത്തിൽ എനിയ്ക്കുറപ്പായി പ്രതീക്ഷിച്ച പോലെ പേടിക്കേണ്ടതില്ലെന്ന്.
അങ്ങനെ പുലി പോലെ വന്നത്...............
ആ... അതു തന്നെ..
"എലി പോലെ പോയി"
പിന്നീട് വീടിനടുത്തുള്ള "താജുൽ ഇസ്ലാം മദ്രസ"യിൽ അവൾ ചേർന്നത് എന്നിലെ സ്വപ്നത്തിന്റെ വേഗം പതിന്മടങ്ങാക്കി.
രാവിലെ ഓതാൻ പോവുന്ന സ്വപ്ന സുന്ദരിയെ വീടിന്റെ പലയിടങ്ങളിൽ നിന്ന് ഒരു പാട് ഒളിഞ്ഞും മറഞ്ഞും നോക്കി..
ആ വർഷത്തെ നബിദിന റാലിക്ക് കറുത്ത പർദ്ദയണിഞ്ഞെത്തിയ അവളെ ഘോഷയാത്രയ്ക്കിടയിൽ അവൾ പോലുമറിയാതെ ഏറെ നേരം നോക്കി നിന്നു.
അപ്പോഴും പറഞ്ഞില്ല ഇഷ്ടമാണെന്ന്...
പിന്നെയും മനസ്സിൽ കൊണ്ടു നടന്നു.
കാണുമ്പോഴൊക്കെ ചെറുപേടിയോടെ നോക്കി.
പലപ്പോഴും ഒളിഞ്ഞു നിന്നു....
SSLC എന്ന പേടി സ്വപ്നവും ഇതിനിടയിൽ വന്നു പോയി...
പരീക്ഷാ ഫലം അറിഞ്ഞപ്പോൾ തന്നെ അവളും വിജയിച്ചു എന്ന് ഉറപ്പിക്കാൻ മറന്നില്ല.
കാലം പോയി.
ദിനങ്ങളും...
പഴയ പത്താം ക്ലാസുകാരൻ ആദ്യ പ്രണയത്തെ പതിയെ മറന്നു തുടങ്ങി..
കാരണം അറിയില്ല.
പ്രായത്തോടൊപ്പം കുട്ടിക്കളിയും അല്പം മാറിത്തുടങ്ങിയതിനാലാവാം....
മറന്നു മറന്ന് പരിപൂർണ്ണമായും മറന്നു...
അവൻ വീണ്ടും വളർന്നു.
മുഖത്തെ കുട്ടിത്തമൊക്കെ എവിടേക്കോ മറഞ്ഞു.
ഒപ്പം ആദ്യാനുരാഗവും..
ഇന്നും കാണാറുണ്ട്,
മനസ്സിലാദ്യമായി പ്രണയപ്പൂക്കൾ വിതറിയ ആ തട്ടമിട്ടവളെ..
കാണുമ്പോഴൊക്കെയും "ആദ്യാനുരാഗത്തിലെ കഥാനായിക"എന്ന് മനസ്സിൽ പലവട്ടം പറയാറുമുണ്ട്....
മനസ്സിലേയ്ക്കോടിയെത്താറുള്ള പഴകിയ ഓർമ്മകൾക്കൊപ്പം ഒരു നഷ്ട ചിന്ത മാത്രം...
കാലവും സാഹചര്യവും ഏറെ സമയവും അവസരവും നൽകിയിട്ടും ഒരിക്കൽ പോലും അറിയിക്കാനായില്ലല്ലോ മനസ്സിൽ കുഴിച്ചുമൂടിയ ആദ്യാനുരാഗത്തെ...

No comments:

Post a Comment